അപകടകരമായി കാറുകളോടിച്ചുള്ള വിവാഹസംഘത്തിന്റെ യാത്ര: നവവരനുള്‍പ്പെടെ 7 പേര്‍ പിടിയില്‍
കോഴിക്കോട് നാദാപുരം വളയത്ത് വിവാഹാഘോഷത്തിനിടെ അപകടകരമായി കാറുകളോടിച്ചുള്ള റീല്‍സ് ചിത്രീകരണത്തില്‍ നവവരനുള്‍പ്പെടെ 7 പേര്‍ പിടിയില്‍. പിടിച്ചെടുത്ത 5 വാഹനങ്ങളും നാളെ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് നാദാപുരം വളയത്ത് വിവാഹപ്പാര്‍ട്ടി നടുറോഡില്‍ നടത്തിയ വാഹനാഭ്യാസ റീല്‍സ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. മൂന്ന് കിലോമീറ്റര്‍ ദൂരം കാറുകളുടെ ഡോറില്‍ ഇരുന്നും, റോഡില്‍ പടക്കം പൊട്ടിച്ചും, പൂത്തിരി കത്തിച്ചുമായിരുന്നു ആഡംബര വാഹനങ്ങളിലെ യാത്ര.
പിന്നില്‍ നിന്നും വന്ന ഒരു വാഹനത്തെയും ഇതിനിടയില്‍ കടത്തിവിട്ടില്ല. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പൊലീസ് സ്വമേധയാ എടുത്ത കേസിലാണ് നടപടി. വരന്‍ കല്ലാച്ചി സ്വദേശി അര്‍ഷാദ് ഉള്‍പ്പടെ 7 പേരാണ് പിടിയിലായത്. ഇവര്‍ ഓടിച്ചിരുന്ന 7 വാഹനങ്ങളും തിരിച്ചറിഞ്ഞു, 5 എണ്ണം പിടിച്ചെടുത്തു. രണ്ട് കാറുകള്‍കൂടെ ഉടന്‍ പിടിച്ചെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
മോട്ടോര്‍ വാഹന വകുപ്പും സംഭവത്തില്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. നാളെ വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാര്‍ പരിശോധിക്കും. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയാല്‍ നടപടിയെടുക്കാനാണ് നീക്കം. കൂടെ അപകടരമായി വാഹനം ഓടിച്ചതിന് ലൈസ്ന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കും. അപകടകരമായി വാഹനം ഓടിക്കല്‍, പൊതുഗതാഗതം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha