മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ ആക്രമിച്ചു കൊലപെടുത്തിയ കടുവയ്ക്കായി ഇന്ന് വനം വകുപ്പ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കും... തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ചും തെരച്ചില്‍ തുടരും
മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ ആക്രമിച്ചു കൊലപെടുത്തിയ കടുവക്കായി ഇന്നു വനം വകുപ്പ് തെരെച്ചില്‍ ഊര്‍ജിതമാക്കും. കൂടുതല്‍ ആര്‍ആര്‍ടി സംഘം ഇന്ന് വനത്തില്‍ തെരച്ചില്‍ നടത്തും. തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ചും തെരച്ചില്‍ തുടരും.
ഡോക്ടര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക ദൗത്യ സംഘവും ഉടന്‍ സ്ഥലത്തെത്തും. പ്രദേശത്തു കടുവക്കായി ഇന്നലെ തന്നെ കൂട് സ്ഥാപിച്ചിട്ടുണ്ടായിരുന്നു. മുത്തങ്ങയില്‍ നിന്നുള്ള കുങ്കിയാനകളെയും തെരച്ചിലിനായി സ്ഥലത്ത് എത്തിക്കും .
അതേസമയം മാനന്തവാടി നഗരസഭ പരിധിയിലെ പഞ്ചാര കൊല്ലിയില്‍ കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി നിരോധനാജ്ഞ പുറപ്പെടുവിച്ചു.... കടുവയുടെ ആക്രമണത്തില്‍ രാധയെന്ന 45കാരി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇന്ന് ഹര്‍ത്താല്‍ നടത്തുന്നു. ജനുവരി 24 മുതല്‍ 27 വരെയാണ് നിരോധനാജ്ഞ. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രദേശത്ത് നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യും.
ഇന്നലെ രാവിലെയാണ് പഞ്ചാരക്കൊല്ലി സ്വദേശിയായ രാധയെ കടുവ കടിച്ചുകൊലപ്പെടുത്തിയ നിലയില്‍ വനത്തിനുള്ളല്‍ കണ്ടെത്തിയത്. പ്രിയദര്‍ശിനി എസ്‌റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാന്‍ പോയപ്പോഴാണ് കടുവ ആക്രമിച്ചതെന്നാണ് സൂചന. തണ്ടര്‍ബോള്‍ട്ട് സംഘമാണ് മൃതദേഹം ആദ്യം കണ്ടത്. ഇന്ത്യന്‍ ക്രിക്കറ്റ് താരം മിന്നു മണിയുടെ അമ്മാവനും പഞ്ചാരക്കൊല്ലിയിലെ വനം വകുപ്പ് താത്കാലിക വാച്ചറുമായ അച്ഛപ്പന്റെ ഭാര്യയാണ് രാധ.
"
https://www.facebook.com/Malayalivartha