കുഞ്ഞിനെയും കൊണ്ട് കൂടെ വരാൻ പല തവണ ആവശ്യപ്പെട്ടിട്ടും ആതിര തയാറായില്ല; സ്വയം ജീവനൊടുക്കാൻ ശ്രമിച്ചിട്ടും, മരിക്കാതെ വന്നാൽ നാട്ടുകാരുടെ മർദനമേൽക്കേണ്ടിവരുമെന്ന് കരുതി...
കഠിനംകുളം കൊലപാതകത്തിൽ പ്രതി ജോൺസൺ ഔസേപ്പ് അന്വേഷണ സംഘത്തിന് നൽകിയ മൊഴികളുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്. കുഞ്ഞിനെയും കൊണ്ട് കൂടെ വരാൻ പല തവണ ആവശ്യപ്പെട്ടിട്ടും ആതിര തയാറായില്ലെന്നും അതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് പ്രതി ജോൺസൺ ഔസേപ്പ് പറഞ്ഞത്. പൊലീസിന്‍റെ പിടിയിലാകുമെന്ന് ഉറപ്പായപ്പോഴാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും ജോൺസൺ പറഞ്ഞു. കൃത്യം നടന്ന ദിവസം പ്രതി തന്റെ പെരുമാതുറയിലെ മുറിയില്‍ നിന്നും രാവിലെ ആറരയോടെ ആതിര താമസിക്കുന്ന വീടിനു സമീപം എത്തി. ആതിര മകനെ സ്‌കൂള്‍ ബസ് കയറ്റി വിടുന്ന സമയം വരെ ഒളിച്ചുനിന്നു. ഇതിനിടയില്‍ ഇരുവരും ഫോണില്‍ സംസാരിച്ചെന്നും ജോൺസൻ മൊഴി നൽകി.
പൂജാരിയായ ആതിരയുടെ ഭർത്താവ് ക്ഷേത്രത്തിൽ പോയെന്നും, കുട്ടി സ്കൂളിൽ പോയെന്നും ഉറപ്പുവരുത്തിയ ശേഷമായിരുന്നു ജോൺസൻ വീട്ടിനുള്ളിൽ പ്രവേശിച്ചത്. വീട്ടിലെത്തിയ പ്രതിയ്ക്ക് ആതിര ചായ നൽകി. ഈ സമയത്ത് കയ്യിൽ കരുതിയിരുന്ന കത്തി ജോൺസൺ കിടപ്പുമുറിയിലെ മെത്തയ്ക്ക് അടിയിൽ ഒളിപ്പിച്ചു. പിന്നീട് ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ കത്തിയെടുത്ത് ആതിരയുടെ കഴുത്തില്‍ കുത്തിയിറക്കിയെന്ന് പ്രതി മൊഴി നൽകി. ജോൺസൺ ധരിച്ച ഷർട്ടിൽ രക്തമായതിനാൽ അത് വീട്ടിൽ തന്നെ ഉപേക്ഷിച്ച ശേഷം ഭർത്താവിന്റെ മറ്റൊരു വസ്ത്രം ധരിച്ച് ആതിരയുടെ സ്കൂട്ടറിൽ തന്നെ രക്ഷപ്പെടുകയായിരുന്നു. കൊലപാതകത്തിനു ശേഷം താൻ സ്വയം ജീവനൊടുക്കാൻ ശ്രമിച്ചുവെന്നും പ്രതി പറയുന്നു.
എന്നാൽ മരിക്കാതെ വന്നാൽ നാട്ടുകാരുടെ മർദനമേൽക്കേണ്ടിവരുമെന്ന് കരുതിയാണ് ഇത് ചെയ്യാതിരുന്നതെന്നും പ്രതി മൊഴി നൽകി. കുറിച്ചിയിൽ ഹോം നഴ്സായി ജോലി നോക്കുകയായിരുന്നു ജോൺസൺ ഔസേപ്പ്. ആതിരയുടെ ഇൻസ്റ്റാഗ്രാം സുഹൃത്തായിരുന്നു. ഏറെ നാളായി ആതിരയും ജോൺസണും തമ്മിൽ അടുപ്പത്തിലായിരുന്നു. വിവാഹിതനും മൂന്നു മക്കളുമുള്ള ഇയാൾ ഇപ്പോൾ കുടുംബവുമായി വേർപിരിഞ്ഞാണ് കഴിയുന്നത്.
കുടുംബം ഉപേക്ഷിച്ച് തന്നോടൊപ്പം വരാൻ ആതിരയെ ഇയാൾ നിർബന്ധിച്ചു. ആതിര എതിർത്തപ്പോൾ ഭീഷണിപ്പെടുത്തി. ആതിരയുമായി ഇയാൾക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും സൂചനയുണ്ട്. ആതിര ഒപ്പം പോകാത്തതിന്റെ വൈരാഗ്യമാണ് കൊലപ്പെടുത്താൻ കാരണമെന്നാണ് കഠിനംകുളം പൊലീസിന്റെ നിഗമനം. പോലീസ് പിടിച്ചപ്പോള്‍ താന്‍ വിഷം കഴിച്ചുവെന്ന് പ്രതി പോലീസിനെ അറിയിക്കുകയായിരുന്നു. ഇതോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. പ്രാഥമിക ചികില്‍സ നല്‍കി.
വയര്‍ കഴുകി വിഷാംശമെല്ലാം കളഞ്ഞു. ഇതോടെ പ്രതി പൂര്‍ണ്ണ ആരോഗ്യത്തിലാണെന്ന് ഉറപ്പിക്കുകയായിരുന്നു പോലീസ്. അതിന് ശേഷം ജോണ്‍സണിനെ ചിങ്ങവനം പോലീസ് സ്‌റ്റേഷനിലെത്തിച്ചു. ഗുരുതരമായ ഒരു ആരോഗ്യപ്രശ്‌നവും പ്രതിക്കില്ല. കുറിച്ചിയിലെ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇയാളുടെ ഫോട്ടോ മാധ്യമങ്ങളില്‍ എത്തിയതാണ് പ്രതിയെ തിരിച്ചറിയാന്‍ കാരണം. ഇവിടെ ഒരു വീട്ടില്‍ ഹോം നേഴ്‌സായി ജോലി ചെയ്യുകയായിരുന്നു ജോണ്‍സണ്‍.
അടുപ്പത്തിലായിരുന്ന ആതിരയോട് ഭര്‍ത്താവിനെയും മക്കളെയും വിട്ട് തന്റെ കൂടെ വരാന്‍ ജോണ്‍സണ്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആതിര ഇതിന് തയ്യാറാകാതെ വന്നതോടെയാണ് ജോണ്‍സണ്‍ കൊലപാതകം നടത്തിയത്. ജനുവരി 21 ചൊവ്വാഴ്ച ഉച്ചയോടെയാണ് ആതിരയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജോണ്‍സണിലേക്ക് അന്വേഷണം നീണ്ടത്.
ജോണ്‍സണ്‍ കൊല്ലം സ്വദേശിയാണെങ്കിലും ഭാര്യയുടെ നാടായ എറണാകുളത്തെ ചെല്ലാനത്താണു താമസം. 5 വര്‍ഷം മുന്‍പ് വിവാഹമോചനം നേടിയിരുന്നു. വിവിധ ജോലികള്‍ ചെയ്യുമായിരുന്നു. അങ്ങനെയാണ് ഹോം നേഴ്‌സായതും. കൊലപാതകത്തിന് അഞ്ച് ദിവസം മുന്‍പ് പെരുമാതുറയിലെ ലോഡ്ജില്‍ മുറിയെടുത്തിരുന്നു. കൊലപാതകത്തിന് ശേഷം ആതിരയുടെ സ്‌കൂട്ടറിലാണ് ഇയാള്‍ കടന്നുകളഞ്ഞത്. പിന്നീട് ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ പ്രതി ട്രെയിനില്‍ കയറി സംസ്ഥാനത്തിനു പുറത്തേക്കു കടന്നു എന്നായിരുന്നു കരുതിയിരുന്നത്.
https://www.facebook.com/Malayalivartha