പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രണം: നാട്ടുകാര്‍ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു; കടുവയെ പിടികൂടിയാല്‍ വനത്തില്‍ തുറന്നുവിടില്ല; പിടികൂടാന്‍ സാധിച്ചില്ലെങ്കില്‍ മയക്കുവെടി വച്ച് പിടികൂടുകയോ വെടിവച്ച് കൊല്ലുകയോ ചെയ്യും
വയനാട് പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രണത്തില്‍ സ്ത്രീകൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. നാട്ടുകാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കടുവയെ പിടികൂടിയാല്‍ വനത്തില്‍ തുറന്നുവിടില്ല. മൃഗശാലയിലേക്കോ സംരക്ഷണകേന്ദ്രത്തിലേക്കോ മാറ്റും.
പിടികൂടാന്‍ സാധിച്ചില്ലെങ്കില്‍ മയക്കുവെടി വച്ച് പിടികൂടുകയോ വെടിവച്ച് കൊല്ലുകയോ ചെയ്യുമെന്ന് ഉറപ്പ് നല്‍കി. പ്രതിഷേധക്കാരുടെ പ്രതിനിധികളുമായി സിസിഎഫ് കെ എസ് ദീപ, എഡിഎം ദേവകി കെ, ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവല്‍, ജനപ്രതിനിധികള്‍ എന്നിവ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. 10 ടീം അംഗങ്ങളെ നിരീക്ഷണത്തിന് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് യോഗത്തിന് ശേഷം വയനാട് എഡിഎം അറിയിച്ചു. ദൗത്യത്തിന് അരുണ്‍ സക്കറിയ നേതൃത്വം നല്‍കും.
കടുവയെ വെടിവച്ച് കൊല്ലണം, എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് തൊഴിലിടങ്ങളില്‍ സുരക്ഷാ ഉറപ്പാക്കണം, പ്രിയദര്‍ശിനി തൊഴിലാളികള്‍ക്ക് കൂലിയോടുള്ള അവധി നല്‍കണം, പഞ്ചാരക്കൊല്ലിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് കടുവയെ പിടികൂടുന്ന വരെ സ്‌കൂളിലേക്ക് പോകാന്‍ സര്‍ക്കാര്‍ വാഹനം സജ്ജമാക്കണം. രാധയുടെ മക്കളില്‍ ഒരാള്‍ക്ക് സ്ഥിര ജോലി നല്‍കണം, നഷ്ടപരിഹാര തുക ബാക്കി ഉടനടി നല്‍കണം തുടങ്ങിയ ആവശ്യങ്ങളും അംഗീകരിച്ചിട്ടുണ്ട്.
അതേസമയം, പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവയെ കണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാ വീടുകളില്‍ കഴിയണമെന്നാണ് ജനങ്ങള്‍ക്കുള്ള നിര്‍ദേശം. കര്‍ഫ്യു നിയമം നിര്‍ബന്ധമായും പാലിക്കണമെന്നും മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ നിര്‍ദേശിച്ചു. തേയിലത്തോട്ടത്തില്‍ ഡ്രോണ്‍ അടക്കം ഉപയോഗിച്ചുള്ള പരിശോധന പുരോഗമിക്കുകയാണ്. ബേസ് ക്യാമ്പില്‍ കടുവ ആക്രമണത്തിനെതിരെ പ്രതിഷേധിച്ച സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരെ പൊലീസ് സുരക്ഷയില്‍ വീടുകളിലേക്ക് മാറ്റുകയാണ്. തോട്ടത്തിലുണ്ടായിരുന്നവരെയും മാറ്റി.
https://www.facebook.com/Malayalivartha