സിനിമ പോലെ ജീവിതം... രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡല്‍ നേടിയ എഡിജിപി പി. വിജയന്റെ ജീവിതം കനല്‍ നിറഞ്ഞത്; പലവട്ടം ഒതുക്കാന്‍ നോക്കിയിട്ടും ഉയര്‍ന്നു വന്ന ജീവിതം
എഡിജിപി പി. വിജയന്‍ രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡല്‍ പട്ടികയില്‍ ഉള്‍പ്പെട്ടത് അര്‍ഹതയ്ക്കുള്ള അംഗീകാരം. പോലീസ് സേനയിലെ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലാണ് എ.ഡി.ജി.പി. പി. വിജയന് ലഭിച്ചത്.
പ്രതികൂല സാഹചര്യങ്ങളെ നിശ്ചയദാര്‍ഢ്യത്തോടെ മറികടന്ന, സംസ്ഥാനത്തെ ഏറ്റവും ജനപ്രീതിയുള്ള ഐ.പി.എസ് ഉദ്യോഗസ്ഥനാണ് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ച ഇന്റലിജന്‍സ് മേധാവിയായ എ.ഡി.ജി.പി പി.വിജയന്‍. അര്‍ഹതയ്ക്കുള്ള അംഗീകാരം കൂടിയാണ് ഈ ബഹുമതി. കള്ളക്കഥ മെനഞ്ഞ് ആറുമാസം സസ്‌പെന്‍ഷനിലാക്കിയവരോടുള്ള മധുരപ്രതികാരം കൂടിയായി അംഗീകാരം.
ശബരിമലയെ മാലിന്യമുക്തമാക്കുന്ന 'പുണ്യംപൂങ്കാവനം' പദ്ധതി, കൊവിഡിനിടെ തുടങ്ങിയ സൗജന്യഭക്ഷണ വിതരണം, ലഹരിക്കും കുറ്റകൃത്യങ്ങളിലും അകപ്പെട്ട കുട്ടികളെ പുനരധിവസിപ്പിക്കാന്‍ 'ഔവര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍', രഹസ്യനിരീക്ഷണത്തിന് ഷാഡോപൊലീസ്, സ്ത്രീസുരക്ഷയ്ക്ക് പിങ്ക്‌പൊലീസ്, സ്റ്റുഡന്റ് പൊലീസ് തുടങ്ങിയവയ്‌ക്കെല്ലാം തുടക്കമിട്ടത് വിജയനാണ്.
പതിനായിരങ്ങള്‍ക്ക് ഭക്ഷണമെത്തിച്ച 'ഒരു വയറൂട്ടാം' പദ്ധതിയുടെ രക്ഷാധികാരിയാണ്. പരീക്ഷകളില്‍ തോറ്റവര്‍ക്കും പഠനം മുടങ്ങിയവര്‍ക്കും തുടര്‍പഠനം ഒരുക്കുന്ന ഹോപ്പ്പദ്ധതിയും തുടങ്ങി. പുണ്യംപൂങ്കാവനം പദ്ധതിയെ മന്‍കീബാത്തില്‍ പ്രധാനമന്ത്രി പുകഴ്ത്തിയിരുന്നു. ചേലമ്പ്ര ബാങ്ക് കൊള്ള, പ്രധാനമന്ത്രിക്കെതിരായ ഇ-മെയില്‍ ഭീഷണി, തന്ത്രികേസ് അടക്കം തെളിയിച്ചിട്ടുണ്ട്.
എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതിയെപിടിക്കാന്‍ കേന്ദ്രസഹായം തേടിയത് ഇഷ്ടപ്പെടാതിരുന്ന പൊലീസ് ഉന്നതന്‍, യാത്രാമാര്‍ഗം മാദ്ധ്യമങ്ങള്‍ക്ക് ചോര്‍ത്തിയെന്നാരോപിച്ച് വിജയനെ സസ്‌പെന്‍ഷനില്‍ കുരുക്കിയിരുന്നു. എ.ഡി.ജി.പി സ്ഥാനക്കയറ്റവും സി.ബി.ഐ ഡെപ്യൂട്ടേഷനും തടയുകയായിരുന്നു ലക്ഷ്യം. കള്ളക്കളികള്‍ ഓരോന്നായി പുറത്തുകൊണ്ടു വന്നതോടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി മുഖ്യമന്ത്രി ഇടപെട്ട് തിരിച്ചെടുത്ത് എ.ഡി.ജി.പിയും ഇന്റലിജന്‍സ് മേധാവിയുമാക്കി.
പത്താംക്ലാസില്‍ പഠനം നിറുത്തി കെട്ടിടംപണിക്കിറങ്ങിയ വിജയന്‍, പിന്നീട് പകല്‍ കല്ലുചുമന്നും രാത്രിയില്‍ പഠിച്ചുമൊക്കെ പ്രതികൂല സാഹചര്യങ്ങളെ നിശ്ചയദാര്‍ഢ്യത്തോടെ മറികടന്നാണ് ഉന്നതനിലയില്‍ എത്തിയത്. കോഴിക്കോട് പുത്തൂര്‍മഠം സ്വദേശിയാണ്. ഐ.എ.എസ് ഉദ്യോഗസ്ഥയായ എം.ബീനയാണ് ഭാര്യ.
കോഴിക്കോട് ജില്ലയിലെ പുത്തൂര്‍മഠം സ്വദേശിയാണ് വിജയന്‍. ആദ്യവട്ടം എസ്.എസ്.എല്‍.സി. പരീക്ഷ വിജയിക്കാതിരുന്ന പി. വിജയന്‍, അതിനുശേഷം കുട്ടിക്കാലത്ത് തന്നെ ചുമടെടുപ്പ് കെട്ടിടം പണി തുടങ്ങിയ മറ്റ് ജോലികള്‍ ചെയ്തിരുന്നു. ആദ്യശ്രമത്തിന് ശേഷം അഞ്ച് വര്‍ഷം കഴിഞ്ഞപ്പോഴാണ് എസ്.എസ്.എല്‍.സി. പാസ്സായത്. സോപ്പ് കമ്പനിയില്‍ ജോലി ചെയ്യുകയും സ്‌കൂള്‍ കുട്ടികള്‍ക്ക് ക്ലാസുകളെടുക്കയും ചെയ്തു. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ എം.എ. ബിരുദവും എം.ഫില്ലും നേടിയിട്ടുണ്ട്. പിന്നീട് 1999-ല്‍ ഇന്ത്യന്‍ പോലിസ് സര്‍വീസ് പരീക്ഷ പാസ്സായി.
അതേസമയം തനിക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് വ്യാജ മൊഴി നല്‍കിയ എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്റലിജന്‍സ് മേധാവി പി.വിജയന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ തുടര്‍ നടപടിയില്ല. ഡിജിപിക്ക് നല്‍കിയ മൊഴിയിലായിരുന്നു കരിപ്പൂര്‍ സ്വര്‍ണ കടത്തില്‍ പി.വിജയന് പങ്കുണ്ടെന്ന് എംആര്‍ അജിത് കുമാര്‍ ആരോപണം ഉന്നയിച്ചത്. ഒന്നര മാസം പിന്നിട്ടിട്ടും മുഖ്യമന്ത്രി ഈ പരാതിയില്‍ യാതൊരു നടപടിയും പ്രഖ്യാപിച്ചിട്ടില്ല. അന്വേഷണം നടത്താന്‍ പോലും തയ്യാറായിട്ടില്ല. തീവ്രവാദ വിരുദ്ധ സേനയുടെ ചുമതലയുണ്ടായിരുന്നപ്പോള്‍ പി.വിജയന് സ്വര്‍ണ കടത്തു സംഘവുമായി ബന്ധമുണ്ടെന്നായിരുന്നു മൊഴി. മലപ്പുറം മുന്‍ എസ്പി സുജിത് ദാസ് പറഞ്ഞ വിവരമെന്നായിരുന്നു അജിത് കുമാര്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയത്. ഇക്കാര്യം വാര്‍ത്തയും വന്‍ വിവാദവുമായി മാറിയിരുന്നു.
എന്നാല്‍ ഉന്നത ഉദ്യോഗസ്ഥന്റെ ഈ നിലപാട് മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് തള്ളിയിരുന്നു. പി.വിജയന് ബന്ധമുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സുജിത് ദാസ് പരസ്യമാക്കുകയും ചെയ്തതോടെയാണ് അജിത് കുമാര്‍ വെട്ടിലായത്. വ്യാജ മൊഴി നല്‍കിയ അജിത് കുമാറിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ അനുവാദം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പി.വിജയന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. ഒന്നര മാസം കഴിഞ്ഞിട്ടും ഇതില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല. അതിനിടെയാണ് പി. വിജയന് ഉന്നത ബഹുമതി ലഭിക്കുന്നത്.
https://www.facebook.com/Malayalivartha