ഗവര്‍ണറുമായി പോര് ഒഴിവാക്കാനായി പുതിയ തന്ത്രവുമായി സർക്കാർ.. ഓരോ സര്‍വകലാശാലയിലും വിദ്യാഭ്യാസ വിദഗ്ധരുള്‍പ്പെട്ട ഗവേഷണ കൗണ്‍സില്‍ രൂപീകരിക്കും..ഈ ബില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഒപ്പിടുമോ?
പുതിയ ഗവർണർ വന്നതോട് കൂടി തന്നെ സർക്കാരും കുറച്ചൊക്കെ അയഞ്ഞ മട്ടാണ്. കുറച്ചൊക്കെ എടുത്തു ചാട്ടവും കലിപ്പുമൊക്കെ കുറയ്ക്കാൻ തന്നെയാണ് സർക്കാരും തീരുമാനിച്ചിരിക്കുന്നത് . അത് തുടക്കം മുതൽ തന്നെ കാണാനും ഉണ്ടായിരുന്നു . ഇപ്പോൾ സംസ്ഥാനത്തെ സര്‍വകലാശാലകളെ വിദ്യാഭ്യാസ ഗവേഷണ കേന്ദ്രങ്ങളാക്കി മാറ്റുമ്പോള്‍ സര്‍വകലാശാല സെനറ്റിന്റെ അംഗബലം കുറയ്ക്കാനുള്ള ഉന്നതവിദ്യാഭ്യാസ കമ്മിഷന്‍ ശുപാര്‍ശ നടപ്പാക്കേണ്ടെന്നു സര്‍ക്കാര്‍ തീരുമാനിച്ചു. ഗവര്‍ണറുമായി പോര് ഒഴിവാക്കാനാണിത്.
ഓരോ സര്‍വകലാശാലയിലും വിദ്യാഭ്യാസ വിദഗ്ധരുള്‍പ്പെട്ട ഗവേഷണ കൗണ്‍സില്‍ രൂപീകരിക്കും. ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥ സര്‍വകലാശാല നിയമഭേദഗതിയില്‍ ഉള്‍പ്പെടുത്തി.നിയമഭേദഗതി ബില്‍ അടുത്ത മാസം ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. ഈ ബില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഒപ്പിടുമോ എന്നതാണ് ഉയരുന്ന ചോദ്യം. സര്‍വ്വകലാശാല ബില്ലുകള്‍ മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടാത്തത് വലിയ വിവാദമായിരുന്നു. വൈസ് ചാന്‍സലറുടെ നിയമനാധികാരം സംസ്ഥാന സര്‍ക്കാരിലേക്ക് എത്തുന്ന തരത്തിലായിരുന്നു ആ ബില്‍.
പിന്നീട് യുജിസിയെ കൊണ്ട് ചട്ട ഭേദഗതി പ്രകാരം ചാന്‍സലറാക്കി ഗവര്‍ണറെ മാറ്റാനും കേന്ദ്രം തീരുമാനിച്ചു. ഇതിന് പിന്നാലെയാണ് ഗവേഷണത്തിലെ അധികാരം സംസ്ഥാന സര്‍ക്കാര്‍ സ്വന്തമാക്കാന്‍ ബില്‍ തയ്യാറാക്കിയത്.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി ഏറ്റുമുട്ടലിലായിരുന്നു പിണറായി സര്‍ക്കാര്‍. ആര്‍ലേക്കര്‍ എത്തിയതോടെ ആ രീതി മാറി. ഗവര്‍ണറെ പിണറായിയും ഭാര്യയും രാജ്ഭവനില്‍ പോയി കണ്ടു. രാവിലെ നടത്തത്തിന് മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് ഗവര്‍ണര്‍ ക്ഷണിക്കുകയും ചെയ്തു.
നയപ്രഖ്യാപനത്തില്‍ എഴുതി നല്‍കിയതെല്ലാം ഗവര്‍ണര്‍ വായിച്ചു. കേന്ദ്ര സര്‍ക്കാരിനെതിരായ രൂക്ഷ വിമര്‍ശനം സര്‍ക്കാര്‍ ഒഴിവാക്കുകയും ചെയ്തു. ഇതെല്ലാം രാജ്ഭവനുമായി ഏറ്റുമുട്ടലിനില്ലെന്ന സന്ദേശം നല്‍കലായിരുന്നു.
https://www.facebook.com/Malayalivartha