പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ ആക്രമിച്ച കൊന്ന കടുവ ആർആർടി സംഘാംഗത്തെ ആക്രമിച്ചു; നരഭോജി കടുവയ്ക്ക് വെടിയേറ്റെന്ന് സൂചന
പഞ്ചാരകൊല്ലിയിൽ കടുവയെ പിടികൂടാനായി ഇറങ്ങിയ ദൗത്യ സംഘത്തിന് നേരെ കടുവാ ആക്രമണം. സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ പിടികൂടാനായി ഇറങ്ങിയ മാനന്തവാടി ആർആർടി അംഗം ജയസൂര്യക്കാണ് പരിക്കേറ്റത്. ഉൾക്കാട്ടിൽ വെച്ചാണ് ആക്രമണം ഉണ്ടായത്.ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. തറാട്ട് ഭാഗത്ത് കടുവാ തെരച്ചിലിന് ഇറങ്ങിയ സംഘാംഗത്തിനാണ് പരിക്കേറ്റത്. സ്ഥലത്ത് കടുവയെ കണ്ടുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് സംഘമിവിടെയെത്തിയത്. വന്യജീവി ആക്രമണമുണ്ടായതായി മന്ത്രി എ കെ ശശീന്ദ്രൻ സ്ഥിരീകരിച്ചു. കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
3 വെറ്റിനറി ഡോക്ടർമാരുടെ കീഴിലുളള മയക്കുവെടി സംഘമടക്കം 7 ടീമുകളാണ് കടുവയുടെ കൽപ്പാട്, കടുവ കിടന്ന സ്ഥലം എന്നിവ തേടിയാണ് തെരച്ചിൽ നടക്കുന്നത്. എട്ടു പേരടങ്ങുന്ന സംഘമായി തിരിഞ്ഞായിരുന്നു പരിശോധന. അതിനിടയിലാണ് ആക്രമണം ഉണ്ടായത്. അതിനിടെ നരഭോജി കടുവയ്ക്ക് വെടിയേറ്റെന്ന് സംശയം ഉണ്ട്. ജയസൂര്യയെ ആക്രമിക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന ആർആർടി അംഗങ്ങളുടെ വെടിയേറ്റുവെന്നാണ് സംശയം. ജയസൂര്യയെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ജയസൂര്യയുടെ കെെക്കാണ് പരിക്കേറ്റതെന്നും പരിക്ക് ഗുരുതരമല്ലെന്നുമാണ് റിപ്പോർട്ടുകൾ.
പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ ആക്രമിച്ച കൊന്ന കടുവയെ പിടികൂടാനായി ഇറങ്ങിയതാണ് ദൗത്യസംഘം. ഉള്‍ക്കാട്ടില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. എട്ട് പേരടങ്ങുന്ന എട്ട് സംഘവും, 20 പേരടങ്ങുന്ന ആര്‍ആര്‍ടി സംഘവുമാണ് പഞ്ചാരക്കൊല്ലിയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നത്തെ തിരച്ചിലിന്റെ ഭാഗമാകുന്നത്. കടുവയെ കണ്ടാല്‍ മയക്കുവെടി വെക്കാനാണ് തീരുമാനം. ബേസ് ക്യാമ്പില്‍ ആളുകള്‍ക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. കടുവ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വനംമന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ വയനാട്ടില്‍ ഇന്ന് ഉന്നതതല യോഗവും ചേരും. നരഭോജി കടുവയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ യോഗം വിലയിരുത്തും. പ്രതിഷേധ സാഹചര്യവും ചര്‍ച്ചയാകും.
അതിനിടെ നരഭോജി കടുവയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കുന്നതിനിടെ ഡി.എഫ്.ഒയെ തടഞ്ഞ് പോലീസ് എത്തിയത് വിവാദങ്ങൾക്കും തർക്കങ്ങൾക്കും ഇടയായി. ഡി.എഫ്.ഒ മാര്‍ട്ടിന്‍ ലോവല്‍ മാധ്യമങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടയില്‍ കയറിയ മാനന്തവാടി എസ്.എച്ച്.ഒ അഗസ്റ്റിന്‍ അദ്ദേഹത്തെ തടസ്സപ്പെടുത്തുകയും മാധ്യപ്രവര്‍ത്തകരെ അപമാനിക്കുന്ന രീതിയില്‍ ഇടപെടുകയുമായിരുന്നു. ജനങ്ങള്‍ ഒന്നടങ്കം ഭീതിയിലും ആശങ്കയിലും കഴിയുന്ന സാഹചര്യത്തില്‍ ഇന്നത്തെ ദൗത്യത്തിന്റെ കാര്യങ്ങള്‍ സംസാരിക്കുകയായിരുന്നു ഡി.എഫ്.ഒ. ഇതിനിടയിലാണ് ലൈവിലേക്ക് ഇടിച്ചുകയറി മാനന്തവാടി എസ്.എച്ച്.ഒ പ്രകോപകരമായ ഡി.എഫ്.ഒയെ തടസ്സപ്പെടുത്തിയത്. ഡി.എഫ്.ഒയെ മാധ്യമങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്താനും എസ്.എച്ച്.ഒ ശ്രമിച്ചു.
ഇന്നിവിടെ ലൈവും വാര്‍ത്താ സമ്മേളനവുമൊന്നുമില്ലെന്ന് പറഞ്ഞാണ് എസ്.എച്ച്.ഒ മാധ്യമങ്ങളെ തടഞ്ഞത്. ഇതോടെ എസ്.എച്ച്.ഒയും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കമായി. എന്തിനാണ് സംസാരം തടസ്സപ്പെടുത്തിയത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കൃത്യമായി മറുപടി പറയാന്‍ എസ്.എച്ച്.ഒ തയ്യാറായില്ല. കടുവാ ദൗത്യം ഇന്നും തുടരുന്നുണ്ടെന്നാണ് ഡി.എഫ്.ഒ മാധ്യമങ്ങളോട് അറിയിച്ചത്. കടുവയെ കൂടുവെച്ച് പിടികൂടുന്നതിനാണ് പരിഗണന നല്‍കുന്നത്. ഇന്നലെ കടുവയെ കണ്ടു എന്ന് പറയുന്ന പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും സാന്നിധ്യം സ്ഥിരീകരിക്കാനായിരുന്നില്ല. നേരത്തെ കടുവയെ കണ്ടു എന്ന് പറയുന്നിടത്തും കൂട് സ്ഥാപിച്ചെടുത്തും ഇന്ന് കൂടുതല്‍ പരിശോധന നടത്തുമെന്നും ഡി.എഫ്.ഒ വ്യക്തമാക്കി. ഇതിനിടെയാണ് എസ് എച്ച് ഒ എത്തിയത്.
മാനന്തവാടി എസ് എച്ച് ഒ അഗസ്റ്റിന്‍ ബലം പ്രയോഗിച്ച് ഡിഎഫ്ഒയെ മാറ്റുകയായിരുന്നു. പ്രദേശത്ത് മാധ്യമങ്ങള്‍ നില്‍ക്കരുതെന്നും ഡിഎഫ്ഒ മാധ്യമങ്ങളോട് സംസാരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടതായാണ് വിവരം. സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതി ജയിച്ച് ഐഎഫ് എസ് നേടിയ ഉദ്യോഗസ്ഥനാണ് മാര്‍ട്ടിന്‍ ലോവല്‍. ഒരു സിഐ റാങ്കിലെ ഉദ്യോഗസ്ഥനേക്കാള്‍ ഏറെ മുകളിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.
ഐഎഎസും ഐപിഎസും പോലൊരു കേഡര്‍ സര്‍വ്വീസായ ഐഎഫ്എസുകാരനെ സിഐ എങ്ങനെ തടയുമെന്നും ഉപദേശിക്കുമെന്നുമൊന്നും ആര്‍ക്കും അറിയില്ല. വനത്തില്‍ സര്‍വ്വാധികാരം വനം വകുപ്പിനാണ്. പക്ഷേ ഇവിടെ എല്ലാം പോലീസിനാകുന്നു. ഇതില്‍ വനംവകുപ്പില്‍ അമര്‍ഷം ശക്തമാണ്. വനംമന്ത്രി എകെ ശശീന്ദ്രന് സര്‍ക്കാരില്‍ പിടിയില്ലാത്തതാണ് ഇതിനെല്ലാം കാരണമെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha