തൊട്ടടുത്ത വീട്ടിലെ സിസിടിവിയിൽ കനാലില്‍ മൂന്നു പേർ കുളിക്കാനിറങ്ങുന്ന ദൃശ്യങ്ങൾ; രണ്ടുപേർ ഒഴുക്കില്‍പ്പെട്ടത് കണ്ട് ഭയന്ന് മൂന്നാമന്‍ ഓടി... വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി
കനാലില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥികള്‍ മരിച്ചു. മെഴുവേലി സ്വദേശി അഭിരാജ്, അനന്തു നാഥ് എന്നിവരാണ് മരിച്ചത്. പത്തനംതിട്ട കിടങ്ങന്നൂര്‍ നാക്കാലിക്കല്‍ എസ്‌വിജിഎച്ച്എസിലെ വിദ്യാര്‍ഥികളാണ് ഇരുവരും. കിടങ്ങന്നൂരിലെ കനാലിന് സമീപത്തുനിന്ന് ഇവരുടെ വസ്ത്രങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് ഇന്നലെ തിരച്ചില്‍ ആരംഭിച്ചത്. കനാലില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു ഇരുവരും. ഒരാള്‍ ഒലിച്ചുപോകുന്നത് കണ്ട് മറ്റെയാള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും ഒലിച്ചുപോകുകയായിരുന്നു. സമയം ഏറെ വൈകീട്ടും കുട്ടികളെ കാണാതായതിനെ തുടര്‍ന്നാണ് തിരച്ചില്‍ നടത്തിയത്.
സ്‌കൂബ ഉള്‍പ്പടെ രാത്രിയിലും തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവര്‍ക്കും നീന്തല്‍ അറിയില്ലായിരുന്നു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംസ്‌കാരം പിന്നീട്. കുട്ടികൾ കനാലിൽ ഇറങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.എസ് വി ജി ഹൈസ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും.
കനാൽ തീരത്ത് വിദ്യാർത്ഥികളുടെ ചെരിപ്പും വസ്ത്രങ്ങളും കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഫയർഫോഴ്‌സ് തിരച്ചിൽ നടത്തിയിരുന്നു.ഇലവുംതിട്ട പൊലീസും സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു എങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
സ്‌കൂളിൽ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റിന്റെ ക്ലാസ് ഉണ്ടായിരുന്നു. ഇതിന് ശേഷം ഇരുവരും കൂട്ടുകാരന്റെ വീട്ടിൽ പോയിരുന്നു. പിന്നാലെ കിടങ്ങന്നൂരിൽ മുടിവെട്ടാൻ പോകേണ്ടതുണ്ടെന്ന് പറഞ്ഞാണ് കൂട്ടുകാരന്റെ വീട്ടിൽ നിന്ന് ഇറങ്ങി, കനാലിൽ കുളിക്കാൻ പോയത്. വില്ലേജ് ഓഫിസിന് സമീപമുള്ള പമ്പ ജലസേചന പദ്ധതിയുടെ കനാലില്‍ മൂന്നു പേർ കുളിക്കാനിറങ്ങുന്ന സിസിടിവി ദൃശ്യങ്ങളും തൊട്ടടുത്ത വീട്ടിൽ നിന്നും ലഭിച്ചിരുന്നു. രണ്ടു പേര്‍ ഒഴുക്കില്‍പ്പെട്ടത് കണ്ട് ഭയന്നു പോയ മൂന്നാമന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
ഏറെ നേരം കഴിഞ്ഞിട്ടും ഇവരെ കാണാതെ വന്നതോടെ നടത്തിയ തെരച്ചിലില്‍ കനാലിന്‍റെ കരയില്‍ നിന്ന് കുട്ടികളുടെ വസ്ത്രങ്ങളും ചെരുപ്പുകളും കിട്ടി. വിവരമറിഞ്ഞ് എത്തിയ ഫയര്‍ഫോഴ്‌സും സ്‌കൂബ ടീമും ഇന്നലെ രാത്രിയും തെരച്ചിൽ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താൻ ആയിരുന്നില്ല. വേനൽ ആയതോടെ കനാലിൽ വെള്ളം തുറന്നു വിട്ടിരിക്കുകയായിരുന്നു. കനാലിൽ ശക്തമായ അടിയൊഴുക്കുയുണ്ടായിരുന്നു.
ചെങ്ങന്നൂര് നിന്നും പത്തനംതിട്ടയിൽ നിന്നും വന്ന സ്‌കൂബ ടീം കനാലിലെ വെള്ളം അടച്ചതിന് ശേഷം മൂന്നു കിലോമീറ്ററോളം തെരച്ചില്‍ നടത്തിയെങ്കിലും മൃതദേഹങ്ങള്‍ കിട്ടിയിരുന്നില്ല. കുട്ടികൾക്കായി തെരച്ചിൽ നടത്താൻ കനാലിലെ വെള്ളം കുറയ്ക്കാന്‍ മന്ത്രി വീണ ജോർജ് നിര്‍ദേശം നല്‍കിയിരുന്നു. സാധ്യമാകുന്ന തലത്തില്‍ കുറച്ചതായി പിഐപി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചിരുന്നുവെന്നും ഇന്ന് രാവിലെ തെരച്ചിൽ പുനരാരംഭിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. ഇതനുസരിച്ചു ഇന്ന് രാവിലെ തെരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ ലഭിച്ചത്.
https://www.facebook.com/Malayalivartha