വേതന പരിഷ്‌കരണം ആവശ്യപ്പെട്ട് റേഷന്‍ വ്യാപാരി സംഘടനകള്‍ ആരംഭിച്ച അനിശ്ചിതകാല കടയടപ്പ് സമരം അവസാനിച്ചു....
വേതന പരിഷ്‌കരണം ആവശ്യപ്പെട്ട് റേഷന്‍ വ്യാപാരി സംഘടനകള്‍ ആരംഭിച്ച അനിശ്ചിതകാല കടയടപ്പ് സമരം അവസാനിച്ചു. വേതന പരിഷ്‌കരണത്തില്‍ പ്രഖ്യാപനമുണ്ടാകാതെ ഒരു വീട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന ഉറച്ച നിലപാട് ഭക്ഷ്യമന്ത്രി, ധനമന്ത്രി എന്നിവര്‍ വിളിച്ച യോഗത്തില്‍ സ്വീകരിച്ച സംഘടനകള്‍, ഇന്നലെ നിലപാട് മാറ്റി.
മാര്‍ച്ചില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്ന ഭക്ഷ്യ മന്ത്രി ജി.ആര്‍.അനിലിന്റെ ഉറപ്പില്‍ സമരം അവസാനിപ്പിക്കാനായി റേഷന്‍ ഡീലേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനമായി. സംഘടനകള്‍ മുന്നോട്ടുവച്ച ആവശ്യങ്ങളോട് ഉടനടി വഴങ്ങാതെ സമരമവസാനിപ്പിക്കാനിടയാക്കിയത് സര്‍ക്കാരിന് നേട്ടമായി. റേഷന്‍ വിതരണം മുടങ്ങുന്ന സാഹചര്യം ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ഭക്ഷ്യമന്ത്രിക്ക് നിര്‍ദേശം നല്‍കിയിരുന്നു. രാവിലെ എല്ലാ ജില്ലകളിലും പ്രതിഷേധ പ്രകടനങ്ങളും ധര്‍ണ്ണകളും നടത്തിയാണ് റേഷന്‍ വ്യാപാരികള്‍ സമരം ആരംഭിച്ചത്.
സെക്രട്ടേറിയറ്റിലേക്കും താലൂക്ക് കേന്ദ്രങ്ങളിലും വ്യാപാരികള്‍ മാര്‍ച്ച് ചെയ്തു. സഹകരണ സ്ഥാപനങ്ങളുടെ കീഴിലും താല്‍കാലിക ലൈസന്‍സികള്‍ നടത്തിവരുന്നതുമായ 256 റേഷന്‍കടകള്‍ മാത്രമാണ് തുറന്നത്. വൈകുന്നേരം നാലോടെ സമരം ഒത്തുതീര്‍പ്പായപ്പോള്‍ കൂടുതല്‍ കടകള്‍ തുറന്നു. ഇന്നലെ രാത്രി 8ന് 380 കടകള്‍ തുറന്നു പ്രവര്‍ത്തിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha