നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചതറിഞ്ഞിട്ടും കോടതിയെ അറിയിച്ചില്ല; നെന്മാറ എസ്എച്ച്ഒയ്ക്ക് പിഴവുണ്ടായെന്ന് റിപ്പോര്‍ട്ട്
നെന്മാറ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് നെന്മാറ എസ്എച്ച്ഒ എം മഹേന്ദ്ര സിംഹന് പിഴവ് സംഭവിച്ചെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട്. ഉത്തരമേഖലാ ഐജിക്ക് നല്കിയ റിപ്പോര്‍ട്ടിലാണ് എസ്എച്ച്ഒയുടെ പിഴവുകള്‍ ചൂണ്ടിക്കാട്ടുന്നത്. കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചതറിഞ്ഞിട്ടും കോടതിയെ അറിയിച്ചില്ലെന്നതാണ് പ്രധാന പിഴവായി ചൂണ്ടിക്കാട്ടുന്നത്.
ജാമ്യവ്യവസ്ഥ പ്രകാരം പ്രതി നെന്മാറ പഞ്ചായത്തില്‍ പ്രവേശിക്കരുത്. ഇത് ലംഘിച്ച് പ്രതി ഒരു മാസമാണ് ഇവിടെ താമസിച്ചത്. എന്നിട്ടും നെന്മാറ പൊലീസ് ഇക്കാര്യം കോടതിയെ അറിയിച്ചില്ലെന്നാണ് പാലക്കാട് എസ്പി ഉത്തരമേഖല ഐജിയ്ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് സ്റ്റേഷനില്‍ ഉണ്ടായിരുന്നില്ലെന്നാണ് നെന്മാറ എസ്എച്ച്ഒ മഹേന്ദ്ര സിംഹന്റെ വിശദീകരണം. ഈ വിശദീകരണം എസ്പി തള്ളി. നേരത്തെയുള്ള ജാമ്യ ഉത്തരവ് പ്രകാരം നെന്മാറ സ്റ്റേഷന് പരിധിയില്‍ പോലും പ്രതിക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. അതിനാല്‍ വിശദീകരണം മുഖവിലക്കെടുക്കില്ല. സുധാകരനും മകളും പ്രതിക്കെതിരെ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതും ഗുരുതര വീഴ്ചയാണെന്നാണ് വിലയിരുത്തല്‍. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നെന്മാറ എസ്എച്ച്ഒക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്.
അതേസമയം ചെന്താമരയെ ഇനിയും കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. വിവിധ ജില്ലകളിലായി പൊലീസ് പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രതിയാണെന്ന സംശയത്തില്‍ കോഴിക്കോട് കൂടരഞ്ഞിയില്‍ ചെന്താമരയെന്ന് പേരുള്ള ഒരാളെ തിരുവമ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പ്രതിയല്ലെന്ന് തിരിച്ചറിഞ്ഞതോടെ വിട്ടയച്ചു. പ്രതിയുടെ ഫോണ്‍ തിരുവമ്പാടിയില്‍ ഓണ്‍ ആയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവിടെയും പരിശോധന നടക്കുന്നുണ്ട്.
https://www.facebook.com/Malayalivartha