വരുന്നു കൊടുംവേനല്‍: കേരളം ചുട്ടുപൊള്ളും; ചൂട് 42 ഡിഗ്രി കടക്കും; മരണസാധ്യതയേറി!!!
കേരളത്തില്‍ വരുംദിവസങ്ങളില്‍ വരാനിരിക്കുന്നത് റിക്കാര്‍ഡ് ചൂടും മറ്റ് ദുരന്തങ്ങളും. 42 ഡിഗ്രിവരെ ഇക്കൊല്ലം കേരളത്തില്‍ താപനില ഉയരാനുള്ള സാധ്യത മാത്രമല്ല കൊടുംവരള്‍ച്ചയും മഹാമാരികളും സംസ്ഥാനത്ത് വന്‍ ഭീഷണിയുണ്ടാക്കാം. വരുംദിവസങ്ങളില്‍ ചൂട് താങ്ങാനാവാതെ മനുഷ്യന് പുറത്തിറങ്ങി നടക്കാന്‍ പോലും പറ്റാത്ത വിധം താപനില ഉയരാനുള്ള സാധ്യതയാണ് കാലാവസ്ഥാ വിഭാഗം മുന്നോട്ടുവയ്ക്കുന്നത്.
പാലക്കാട്, കോട്ടയം, പുനലൂര്‍ എന്നിവിടങ്ങളിലായിരിക്കും ഏറ്റവുമധികം ചൂടിന് സാധ്യത. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ ചൂട് താങ്ങാനാവാതെ പക്ഷികളും മൃഗങ്ങളും വരെ ചത്തൊടുങ്ങാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. നദികളും തോടുകളും അടുത്ത മാസത്തോടെ വറ്റിവരളുകയും ചെയ്യാം. ഇപ്പോള്‍തന്നെ സംസ്ഥാനത്തെ 30 നദികളില്‍ ജലനിരപ്പ് കുത്തനെ താഴ്ന്നുകഴിഞ്ഞിരിക്കുന്നു.
കൊടുംവരള്‍ച്ചയ്‌ക്കൊപ്പം കേരളം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ കുടിവെള്ള ക്ഷാമത്തിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. വേനലിന്റെ തുടക്കത്തില്‍തന്നെ സംസ്ഥാനത്തെ താപനില 36 ഡിഗ്രിയിലേക്ക് കുത്തിനെ കയറിയിരിക്കുന്നു. മുന്‍ വര്‍ഷങ്ങളിലൊന്നും ജനുവരി അവസാനവാരം ഇത്തരത്തില്‍ ഉയര്‍ന്ന താപനില കേരളത്തില്‍ രേഖപ്പെടുത്തിയിട്ടില്ല.
കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് തുലാവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നലെ വ്യക്തമാക്കിക്കഴിഞ്ഞു. സമീപദിവസങ്ങളിലൊന്നും വേനല്‍ മഴയ്ക്കുള്ള സാധ്യതയില്ലെന്നാണ് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്.
കേരളത്തില്‍ സാധാരണ ജനുവരി മാസങ്ങളില്‍ അനുഭവപ്പെടുന്നതിലും രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നു കഴിഞ്ഞു.
ഫെബ്രുവരി ആദ്യവാരം താപനില 37 ഡിഗ്രിയിലേക്ക് കുത്തനെ ഉയരുന്നതോടെ പകല്‍വേളകളില്‍ പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയുണ്ടായേക്കാം. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പകല്‍ സമയം അതികഠിനമായ ചൂട് സൂര്യാഘാതം, സൂര്യാതാപം, എന്നിവയ്ക്ക് സാധ്യതയുണ്ട്. ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്.
വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്‌മെന്നാണ് നിര്‍ദേശം.
വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്.
ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം.
മാര്‍ച്ച് മാസം കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ 39 ഡിഗ്രിയിലേക്കും പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രിയിലേക്കും തിരുവനന്തപുരത്ത് താപനില 38 ഡിഗ്രിയിലേക്കും ഉയര്‍ന്നേക്കാമെന്നാണ് നിര്‍ദേശം.
പാലക്കാട്ട് കഴിഞ്ഞ വര്‍ഷം താപനില 41 ഡിഗ്രി വരെ ഉയര്‍ന്ന സാഹചര്യമുണ്ടായി. ഇക്കൊല്ലം സ്ഥിതിഗതികള്‍ അതേനേക്കാള്‍ രൂക്ഷമാകും. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഈ മാസം അനുഭവപ്പെട്ട 37 ഡിഗ്രി സെല്‍ഷ്യസ് ആണ് രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന താപനിലയായിരുന്നു.
36.5 ഡിഗ്രിയുമായി കോട്ടയം തൊട്ടുപിന്നിലുണ്ടായിരുന്നു. . എന്നാല്‍ കാലാവസ്ഥാ വകുപ്പിന്റെ തന്നെ സ്വയം നിയന്ത്രിത മാപിനികളില്‍ പല സ്ഥലങ്ങളിലും താപനില 38 ഡിഗ്രിക്കും മുകളിലാണ്. ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഇല്ലെങ്കിലും സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മൂന്നു ഡിഗ്രി വരെ താപനില ഉയരുമെന്ന ദുരന്തനിവാരണ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
https://www.facebook.com/Malayalivartha