നെന്മാറ ഇരട്ട കൊലക്കേസില്‍ എസ്.എച്ച്.ഒയെ സസ്‌പെന്‍ഡ് ചെയ്തു
നെന്മാറ ഇരട്ട കൊലക്കേസില്‍ എസ്.എച്ച്.ഒയെ സസ്‌പെന്‍ഡ് ചെയ്തു. നെന്മാറ എസ്. എച്ച്. ഒയ്ക്ക് വീഴ്ച പറ്റിയെന്ന് എസ്പിയുടെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടപടി. എസ്.എച്ച്.ഒ മഹേന്ദ്ര സിംഹനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ചെന്താമര ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടും കൃത്യമായ നടപടി സ്വീകരിക്കുന്നതില്‍ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
ജാമ്യ ഉത്തരവ് പ്രകാരം നെന്മാറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പോലും പ്രതിക്ക് പ്രവേശനം ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ വിശദീകരണം മുഖവിലക്കെടുക്കില്ലെന്നും വ്യക്തമാക്കി. ഉത്തരമേഖലാ ഐജിക്ക് എസ്പി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്എച്ച്ഒയെ സസ്‌പെന്റ് ചെയ്തത്. കൊല്ലപ്പെട്ട സുധാകരനും മകളും പ്രതിക്കെതിരെ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതും ഗുരുതര വീഴ്ചയാണെന്നാണ് വിലയിരുത്തല്‍.
നെന്മാറ പഞ്ചായത്ത് പരിധിയില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ച് ചെന്താമര പോത്തുണ്ടിയിലെ വീട്ടിലെത്തിയ വിവരമറിയിച്ചിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന് ആരോപിച്ച് ബന്ധുക്കളും പ്രദേശവാസികളും പ്രതിഷേധവുമായി രം?ഗത്തെത്തിയിരുന്നു.
പോലീസില്‍ തീര്‍ത്തും വിശ്വാസം നഷ്ടപ്പെട്ടതായി സുധാകരന്റെ മക്കള്‍ പ്രതികരിച്ചിരുന്നു. പ്രതിയുടെ കത്തിമുനയില്‍ കഴിയുമ്പോഴും പോലീസ് നടപടി സ്വീകരിക്കാത്തതില്‍ കടുത്ത അമര്‍ഷത്തിലാണ് കുടുംബം. നാട്ടുകാര്‍ മാത്രമല്ല പ്രതിയുടെ വീട്ടുകാരും ഭയന്നാണ് കഴിഞ്ഞിരുന്നത്. കുടുംബ വീട്ടില്‍ അമ്മയെ കാണാന്‍ പ്രതി വരുമ്പോള്‍ പോലും ആക്രമിക്കപ്പെടുമെന്ന ഭീതിയിലായിരുന്നു മറ്റ് കുടുംബാംഗങ്ങള്‍.
അതേസമയം പോത്തുണ്ടി മാട്ടായിയില്‍ ചെന്താമരയെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാപക തെരച്ചില്‍ നടക്കുകയാണ്. മാട്ടായി ക്ഷേത്രത്തിന് സമീപത്താണ് നാട്ടുകാരിലൊരാള്‍ ചെന്താമരയെ കണ്ടത്. പൊലീസും ഇത് ചെന്താമരയാണെന്ന് ഉറപ്പിച്ചു. പൊലീസ് സംഘത്തിലെ ഒരാളും ഇയാളെ കണ്ടതായാണ് വിവരം. പൊലീസുകാരും മുന്നൂറോളം നാട്ടുകാരും പോലീസിനൊപ്പം തെരച്ചിലിന് ഉണ്ട്.
https://www.facebook.com/Malayalivartha