ഭര്‍ത്താവ് നഗ്നചിത്രങ്ങളെടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചെന്ന് യുവതിയുടെ പരാതി
ഭര്‍ത്താവിനെതിരെ യുവതി നല്കിയ പരാതിയുമായി ബന്ധപ്പെട്ടു തെറ്റായ റിപ്പോര്‍ട്ട് നല്കിയ എസ്എച്ച്ഒ നേരിട്ടു ഹാജരാകണമെന്നു ഹൈക്കോടതി. പത്തനംതിട്ട തണ്ണിത്തോട് എസ്എച്ച്ഒ ഫെബ്രുവരി മൂന്നിനു ഹാജരായി വിശദീകരണം നല്‍കണമെന്നാണു ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. അതുവരെ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യരുത്. ഈ മാസം 31നകം വിഷയത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്.
തനിക്കു വിവാഹ സമ്മാനമായി ലഭിച്ച സ്വര്‍ണവും പണവും ഭര്‍തൃവീട്ടുകാര്‍ തട്ടിയെടുത്തെന്നും ഭര്‍ത്താവ് തന്റെ നഗ്നചിത്രങ്ങളെടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചെന്നും കാട്ടിയാണ് യുവതി പരാതി നല്‍കിയത്. തുടര്‍ന്നു ഭര്‍ത്താവും വീട്ടുകാരും മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചു. എന്നാല്‍ ഇവര്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്ന് പ്രോസിക്യൂഷന് വ്യക്തമാക്കിയതോടെ ഡിസംബര്‍ 16ന് ഹര്‍ജി തീര്‍പ്പാക്കി. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ക്ക് പൊലീസ് നോട്ടിസ് അയച്ചു.
തണ്ണിത്തോട് എസ്എച്ച്ഒ ആയിരുന്ന വി.കെ.വിജയരാഘവനാണു യുവതിയുടെ ഭര്‍ത്താവിനോടും വീട്ടുകാരോടും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ 2024 ഡിസംബര്‍ 18ന് നോട്ടിസ് അയച്ചത്. ചോദ്യം ചെയ്യലിനു പിറ്റേന്ന് ഹാജരാകാനായിരുന്നു നിര്‍ദേശം. ഇതോടെയാണു നവംബര്‍ 19ന് പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്ന കാര്യം വ്യക്തമായത്. തുടര്‍ന്ന് ഇവര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി വീണ്ടും കോടതിയെ സമീപിച്ചു. കോടതി ഹര്‍ജി തീര്‍പ്പാക്കുന്ന സമയത്തു കേസെടുത്തിട്ടില്ലെന്ന് എസ്എച്ച്ഒ അറിയിച്ചതു തെറ്റാണെന്നു ബോധ്യപ്പെട്ടതോടെയാണു നടപടി.
https://www.facebook.com/Malayalivartha