നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയെ പോത്തുണ്ടിയില്‍ കണ്ടു: പോത്തുണ്ടിയില്‍ ഊര്‍ജ്ജിത അന്വേഷണം നടത്തി പൊലീസും നാട്ടുകാരും
നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്കായി പോത്തുണ്ടിയില്‍ ഊര്‍ജ്ജിത അന്വേഷണം നടത്തി പൊലീസും നാട്ടുകാരും. ചെന്താമരയെ പോത്തുണ്ടിയില്‍ കണ്ടു എന്ന വിവരം പുറത്തുവന്നതോടെയാണിത്. പോത്തുണ്ടി മാട്ടായി ക്ഷേത്രത്തിന് സമീപംവച്ച് ഇയാളെ നാട്ടുകാരിലൊരാള്‍ തിരിച്ചറിഞ്ഞു. ഇവിടെ ഗ്രൗണ്ടിലിരുന്ന യുവാക്കളാണ് ഇയാളെ കണ്ടത്. ഇതോടെ ചെന്താമര ഓടിപ്പോയി. കുട്ടികളും ഇയാളെ കണ്ടു എന്ന് അറിയിച്ചു. മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ ഇയാള്‍ ഓടിപ്പോകുന്നതായി കണ്ടു എന്നാണ് കുട്ടികള്‍ അറിയിച്ചത്.
നാട്ടുകാരായ നൂറോളം പേരും പൊലീസും സ്ഥലത്ത് അരിച്ചുപെറുക്കുകയാണ്. കണ്ടത് ചെന്താമരയെ തന്നെയാണ് എന്ന് ആലത്തൂര്‍ ഡിവൈഎസ്പിയും സ്ഥിരീകരിച്ചു. മാട്ടായിയില്‍ ഇയാളുടെ ഒരു ബന്ധുവിന്റെ വീടുണ്ട്. ഇവിടേക്ക് എത്തിയതാകും എന്നാണ് സൂചന. സ്ഥലത്തെ പഞ്ചായത്ത് ജലസംഭരണിയിലടക്കം പരിശോധന നടത്തി. ഇവിടെയടുത്ത് വനത്തിലും പൊലീസ് തെരച്ചില്‍ നടത്തിയിരുന്നു. ഇന്നത്തെ അന്വേഷണം അവസാനിപ്പിച്ചു. അടുത്ത ദിവസം വീണ്ടും അന്വേഷണം നടത്തും.
ഇതിനിടെ നെന്മാറ ഇരട്ടക്കൊലക്കേസില്‍ വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ എസ്എച്ച്ഒയെ സസ്പെന്‍ഡ് ചെയ്തു. ഉത്തരമേഖല ഐജിയുടെ ഉത്തരവ് പ്രകാരമാണ് സസ്പെന്ഷന്. ജാമ്യ വ്യവസ്ഥ ചെന്താമര ലംഘിച്ചിട്ടും വിവരം കോടതിയെ അറിയിക്കാന്‍ നെന്മാറ എസ്എച്ച്ഒ മഹേന്ദ്ര സിംഹന് വീഴ്ചവരുത്തിയതിനാലാണ് നടപടിയെടുത്തത്. ഒരുമാസം ചെന്താമര നെന്മാറയില് താമസിച്ചിരുന്നെന്ന് പാലക്കാട് എസ്പി അജിത്കുമാര്‍ എഡിജിപി മനോജ് എബ്രഹാമിന് കൈമാറിയ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha