നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്കായുള്ള തിരച്ചിലില്‍ ഫലം കണ്ടു: പോത്തുണ്ടി മാട്ടായി വനമേഖലയില്‍നിന്ന് ചെന്താമരയെ പോലീസ് പിടികൂടി
നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര പിടിയില്‍. പോത്തുണ്ടി മാട്ടായി വനമേഖലയില്നിന്നാണു ചെന്താമരയെ കസ്റ്റഡിയില്‍ എടുത്തതെന്നു പാലക്കാട് എസ്പി അജിത്കുമാര്‍ പറഞ്ഞു. നാട്ടുകാരും പൊലീസും പ്രദേശത്തു നടത്തിയ തിരച്ചിലിലാണു പ്രതി കുടുങ്ങിയത്. ഉടന്‍ നെന്മാറ സ്റ്റേഷനില്‍ എത്തിക്കും. രണ്ടു ദിവസത്തോളമായി പ്രതിയെ പിടികൂടാത്തതില്‍ പൊലീസ് കടുത്ത വിമര്‍ശനം നേരിട്ടിരുന്നു.
പോത്തുണ്ടി മാട്ടായി ക്ഷേത്രത്തിന് സമീപംവച്ച് ഇയാളെ നാട്ടുകാരിലൊരാള്‍ തിരിച്ചറിഞ്ഞു. ഇവിടെ ഗ്രൗണ്ടിലിരുന്ന യുവാക്കളാണ് ഇയാളെ കണ്ടത്. ഇതോടെ ചെന്താമര ഓടിപ്പോയി. കുട്ടികളും ഇയാളെ കണ്ടു എന്ന് അറിയിച്ചു. മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ ഇയാള്‍ ഓടിപ്പോകുന്നതായി കണ്ടു എന്നാണ് കുട്ടികള്‍ അറിയിച്ചത്.
നാട്ടുകാരായ നൂറോളം പേരും പൊലീസും ചേര്‍ന്നാണ് അന്വേഷണം നടത്തിയത്. കണ്ടത് ചെന്താമരയെ തന്നെയാണ് എന്ന് ആലത്തൂര്‍ ഡിവൈഎസ്പിയും സ്ഥിരീകരിച്ചിരുന്നു. മാട്ടായിയില്‍ ഇയാളുടെ ഒരു ബന്ധുവിന്റെ വീടുണ്ട്. ഇവിടേക്ക് എത്തിയതാണ്. ഇതിനിടെ നെന്മാറ ഇരട്ടക്കൊലക്കേസില്‍ വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ എസ്എച്ച്ഒയെ സസ്പെന്‍ഡ് ചെയ്തു. ഉത്തരമേഖല ഐജിയുടെ ഉത്തരവ് പ്രകാരമാണ് സസ്പെന്ഷന്. ജാമ്യ വ്യവസ്ഥ ചെന്താമര ലംഘിച്ചിട്ടും വിവരം കോടതിയെ അറിയിക്കാന്‍ നെന്മാറ എസ്എച്ച്ഒ മഹേന്ദ്ര സിംഹന് വീഴ്ചവരുത്തിയതിനാലാണ് നടപടിയെടുത്തത്. ഒരുമാസം ചെന്താമര നെന്മാറയില് താമസിച്ചിരുന്നെന്ന് പാലക്കാട് എസ്പി അജിത്കുമാര്‍ എഡിജിപി മനോജ് എബ്രഹാമിന് കൈമാറിയ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha