സ്കൂള്‍ ക്ലാസ്മുറി സമ്പൂര്‍ണ ഡിജിറ്റലാക്കുന്ന 'സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസപദ്ധതി' അടുത്ത അധ്യയനവര്‍ഷം മുതല്‍
സ്കൂള്‍ ക്ലാസ്മുറി സമ്പൂര്‍ണ ഡിജിറ്റലാക്കുന്ന 'സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസപദ്ധതി' അടുത്ത അധ്യയനവര്‍ഷം തുടങ്ങും. പഠനംമുതല്‍ മൂല്യനിര്‍ണയംവരെ സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുന്ന പദ്ധതി സ്കൂള്‍ മുതല്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റുവരെ ഏകോപിപ്പിച്ചാണ് നടപ്പാക്കുക.
പാഠ്യപദ്ധതിയനുസരിച്ച് കുട്ടികള്‍ ഓരോക്ലാസിലും ആര്‍ജിക്കേണ്ട പഠനനേട്ടം നിരീക്ഷിച്ച് അക്കാദമികമികവ് ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. ഓരോകുട്ടിയുടെയും സാമൂഹിക-വൈകാരിക തലവും പ്രത്യേക കഴിവുകളും കുടുംബപശ്ചാത്തലവും ഉള്‍പ്പെടുത്തി 'ഡിജിറ്റല്‍ പ്രൊഫൈല്‍' തയ്യാറാക്കും.
എല്ലാപാഠങ്ങളുടെയും ഇ-ഉള്ളടക്കം ലഭ്യമാക്കും. കുട്ടികള്‍ക്ക് സ്വയം പഠിക്കാനാവുന്നവിധം പോര്‍ട്ടലും വികസിപ്പിക്കുന്നതാണ്. കുട്ടികളുടെ പഠനനേട്ടവും പുരോഗതിയും അറിയാന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ അധ്യാപകര്‍ക്കുപുറമേ, രക്ഷിതാക്കള്‍ക്കും ലോഗിന്‍ സൗകര്യമൊരുക്കും. നിരന്തരമൂല്യനിര്‍ണയവും നിരീക്ഷണവും ഡിജിറ്റലാക്കും. കുട്ടികളുടെ 'സമഗ്ര പുരോഗതി കാര്‍ഡ്' തയ്യാറാക്കും. പാഠഭാഗം പൂര്‍ത്തിയാക്കുന്നുണ്ടെന്ന് പോര്‍ട്ടല്‍വഴി നിരീക്ഷിക്കും.വിദ്യാര്‍ഥികളുടെ വിശകലനശേഷി അളക്കാനുള്ള ചോദ്യബാങ്ക് ഓണ്‍ലൈന്‍വഴി തയ്യാറാക്കാന്‍ നേരത്തേ ഒരുക്കംതുടങ്ങിയിരുന്നു.
പിന്നാക്കമുള്ള കുട്ടികള്‍ക്ക് പഠനപിന്തുണ ഉറപ്പാക്കാനായി അധ്യാപകര്‍ മെന്റര്‍മാരായി പ്രവര്‍ത്തിക്കും. എല്ലാ പ്രവര്‍ത്തനവും വിദ്യാഭ്യാസവകുപ്പ് ഡാഷ് ബോര്‍ഡ് വഴി തത്സമയം നിരീക്ഷിക്കുകയും ചെയ്യും.
ഒക്ടോബറില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ പദ്ധതി ഈവര്‍ഷം തുടങ്ങാനായി തീരുമാനിച്ചെങ്കിലും മുന്നോട്ടുപോയില്ല. ഇനി ഫെബ്രുവരി ആദ്യവാരം മന്ത്രിസഭ പരിഗണിച്ചശേഷം പദ്ധതി നിര്‍വഹണത്തിലേക്കു കടക്കാനാണ് ധാരണയായിട്ടുള്ളത്.
"
https://www.facebook.com/Malayalivartha