മുല്ലപ്പെരിയാർ കേസിൽ കേരളം മനോഹരമായി തോറ്റു...കേരളത്തിൽ ദീർഘകാലം പ്രവർത്തിച്ച രണ്ട് ചീഫ് ജസ്റ്റിസുമാർ കേസ് കേട്ടപ്പോഴാണ് കേരളം തോറ്റത്... നാലു ജില്ലകളിലെ നിരപരാധികളായ ലക്ഷകണക്കിന് ആളുകളുടെ ഹൃദയത്തിൽ തീ കോരിയിട്ടു..
മുല്ലപ്പെരിയാർ കേസിൽ കേരളം മനോഹരമായി തോറ്റു. കേരളത്തിൽ ദീർഘകാലം പ്രവർത്തിച്ച രണ്ട് ചീഫ് ജസ്റ്റിസുമാർ കേസ് കേട്ടപ്പോഴാണ് കേരളം തോറ്റത്. നാലു ജില്ലകളിലെ നിരപരാധികളായ ലക്ഷകണക്കിന് ആളുകളുടെ ഹൃദയത്തിൽ തീ കോരിയിട്ടുകൊണ്ടാണ് കേരളം തോറ്റുകൊടുത്തത്. എം.കെ. സ്റ്റാലിനും പിണറായി വിജയനും ബോട്ടിൽ കുമരകം കായലിലൂടെ കറങ്ങിയപ്പോൾ തന്നെ കേരളം കേസ് തോൽക്കുമെന്ന് വ്യക്തമായിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിന് സുരക്ഷാഭീഷണി ഉണ്ടെന്നത് ആശങ്ക മാത്രമാണെന്നാണ് സുപ്രീംകോടതി പറഞ്ഞത് . 135 വർഷത്തെ കാലവർഷം അണക്കെട്ട് അതിജീവിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ഹർജികൾ മൂന്നംഗ ബെഞ്ച് പരിഗണിക്കുമെന്നും അറിയിച്ചു.
ജസ്റ്റിസുമാരായ ഋഷികേശ് റോയ്, എസ് വി എൻ ഭട്ടി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണം.വർഷങ്ങളായി ഡാം പൊട്ടുമെന്ന ഭീതിയിൽ ആളുകൾ ജീവിക്കുകയാണെന്നും എന്നാൽ ഡാമിന്റെ ആയുസ് പറഞ്ഞതിനെക്കാൾ രണ്ടിരട്ടി കഴിഞ്ഞല്ലോയെന്നും കോടതി ചോദിച്ചു. സുരക്ഷാ ഭീഷണിയുണ്ടെന്ന് പറയപ്പെടുന്ന മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന കേരളത്തിൽ പ്രവർത്തിച്ചിട്ടുള്ളവരാണ് തങ്ങൾ. 135 വർഷത്തെ കാലവർഷം മറികടന്നതാണ്. ആ അണക്കെട്ട് നിർമ്മിച്ചവരോട് നന്ദി പറയുന്നുവെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ഋഷികേശ് റോയ് നേരത്തെ കേരള ഹെെക്കോടതിയിൽ ചീഫ് ജസ്റ്റിസായിരുന്നു. ജസ്റ്റിസ് എസ് വി എൻ ഭട്ടി ഹെെക്കോടതിയിൽ ആക്ടിംഗ് ചീഫ് ജസ്റ്റിസായും പ്രവർത്തിച്ചിട്ടുണ്ട്.
സുപ്രീം കോടതിയിൽ കേസ് വരുമ്പോഴെല്ലാം തോൽക്കുന്ന പതിവാണ് കേരളത്തിനുള്ളത് .രാജ്യം കണ്ട ഏറ്റവും മികച്ച അഭിഭാഷകരെ ഇറക്കിയാണ് തമിഴ് നാട് കേസ് നടത്തുന്നത്. എന്നാൽ കേരളം തോൽക്കാൻ വേണ്ടി കേസ് നടത്തും. കർണാടകയിലെ വിജയനഗര-കൊപ്പൽ ജില്ലകൾക്കിടയിൽ തുംഗഭദ്രാ നദിയിൽ സ്ഥിതിചെയ്യുന്ന ഏകദേശം 2449 മീറ്റർ നീളമുള്ള അണക്കെട്ടായ തുംഗഭദ്രാ അണക്കെട്ടിന് ബലക്ഷയം സംഭവിച്ചപ്പോഴാണ് മുല്ലപ്പെരിയാർ വീണ്ടും വാർത്തകളിൽ നിറഞ്ഞത്. . കൃഷി,ജലസേചനം, വെള്ളപ്പൊക്കത്തെ നിയന്ത്രിക്കുക തുടങ്ങി വിവിധ ലക്ഷ്യങ്ങളോടെ 1949ൽ അന്ന് നിലനിന്നിരുന്ന ഹൈദരാബാദ് രാജ്യവും മദ്രാസ് പ്രസിഡൻസിയും ചേർന്നാണ് ഈ അണക്കെട്ടിന്റെ നിർമ്മാണം തുടങ്ങിയത്. 1953ൽ പണി പൂർത്തീകരിച്ച് ഡാം പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
നീണ്ട 71 വർഷത്തിന് ശേഷം ഡാമിന്റെ ഗേറ്റുകളിലൊന്നിന്റെ ചങ്ങല പൊട്ടിയതോടെ ഡാം തകരാതിരിക്കാൻ കർണാടക സർക്കാർ ഡാമിന്റെ എല്ലാ ഷട്ടറും തുറന്നുവിട്ടു.തുംഗഭദ്രാ ഡാമിനൊരു പ്രത്യേകതയുണ്ടായിരുന്നു. നമ്മുടെ മുല്ലപ്പെരിയാർ ഡാം കഴിഞ്ഞാൽ സുർക്കി മിശ്രിതത്തിൽ നിർമ്മിച്ച രണ്ടാമത്തെ ഡാമാണ് ഇത്. ഇത്തരമൊരു പ്രശ്നം മുല്ലപ്പെരിയാർ ഡാമിനുണ്ടായാൽ അതിന്റെ പ്രത്യാഘാതത്തെ കുറിച്ച് വീണ്ടും ഈ അവസരത്തിൽ ചർച്ച വന്നു. ഒപ്പം വയനാട്ടിലെ മണ്ണിടിച്ചിലിന്റെ കാരണങ്ങളും ആഘാതവും പുറത്തുവന്നതോടെ മുല്ലപ്പെരിയാർ മെല്ലെ വീണ്ടും ഒരാശങ്കയായി സമൂഹമാദ്ധ്യമങ്ങളിലും മറ്റും ചർച്ചയായി തുടങ്ങി.മഴക്കാലത്തും പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോഴും മുല്ലപ്പെരിയാർ ചർച്ച കേരളത്തിൽ ചൂടുപിടിക്കാറുണ്ട്. നൂറ്റാണ്ടിലേറെ പഴക്കമുള്ള ഡാമിന്റെ പ്രവർത്തനത്തിലെ സുരക്ഷിതത്വം ഉറപ്പാക്കാൻ കഴിയാത്തതാണ് ഇത്തരം ചർച്ചയ്ക്ക് കാരണമായത്.
എന്നാലിപ്പോൾ സുപ്രീം കോടതി പറയുന്നു, ഇത്രയും സുരക്ഷിതമായ മറ്റൊരു അണക്കെട്ടില്ലെന്ന്. തമിഴ്നാട്ടിലെ മധുര, രാമനാഥപുരം, ഡിണ്ടിഗൽ,തേനി ജില്ലകളിൽ കൃഷിയ്ക്കും ജനജീവിതം എളുപ്പമാക്കാനും 1887ൽ അന്നത്തെ തിരുവിതാംകൂർ രാജ്യവും മദ്രാസ് പ്രസിഡൻസിയും തമ്മിലെ കരാർ പ്രകാരമാണ് പെരിയാറിൽ ഡാമിന്റെ പണിതുടങ്ങിയത്.1895 ഒക്ടോബർ 10ന് ഡാമിന്റെ പണി പൂർത്തിയാക്കി. ബ്രിട്ടീഷുകാരനായ ജോൺ പെനിക്യൂക്ക് ആണ് ഡാമിന്റെ ശിൽപി.999വർഷത്തേക്ക് പാട്ടത്തിനാണ് കരാർ ഒപ്പിട്ടത്. അത്ര നാളിന് ശേഷവും മദ്രാസ് സർക്കാർ കരാർ പുതുക്കണമെന്ന് കരുതുന്നെങ്കിൽ അതിനും അനുവദിക്കുന്നതായിരുന്നു കരാർ. 1886 ഒക്ടോബർ 29നായിരുന്നു ഇത്.അര നൂറ്റാണ്ട് മാത്രം കാലാവധിയായി കണ്ട് നിർമ്മിച്ച ഡാം 135-ാം കൊല്ലത്തിലേക്ക് നീങ്ങുമ്പോൾ പ്രദേശവാസികൾക്ക് ആശങ്കയും കേരളവും തമിഴ്നാടും തമ്മിൽ തർക്കത്തിനും ഇടയാക്കുകയാണ്.
ഇരുസംസ്ഥാനങ്ങളും തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന തർക്കത്തിന്റെ ഭാഗമായി തമിഴ്നാട് സമർപ്പിച്ച ഹർജിയിൽ കേരളത്തിന് അനുകൂലമായ നടപടിയിലേക്ക് സുപ്രീംകോടതി കടക്കാൻ ഒരുങ്ങിയപ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി പരമോന്നത കോടതി കേരളത്തിനെ തീരെ തിരിഞ്ഞത്.2006ൽ കേരളത്തിന് എതിരായ ആദ്യ സുപ്രീം കോടതി വിധിക്ക് ആധാരമായ ഹർജി മുല്ലപ്പെരിയാർ പരിസ്ഥിതി സംരക്ഷണ സമിതി എന്ന പേരിൽ സ്വകാര്യവ്യക്തികൾ നൽകിയതായിരുന്നു. വിധി തമിഴ്നാടിന് അനുകൂലമായെങ്കിലും നടപ്പായില്ല.2006 മാർച്ചിൽ കേരളം ഡാംസുരക്ഷാ നിയമം ഭേദഗതി ചെയ്തത് സുപ്രീംകോടതി വിധി മറികടക്കാനാണെന്ന വാദവുമായി തമിഴ്നാട് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. ഈ കേസ് തീർപ്പാക്കി 2014 മേയ് 7ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആർ.എം. ലോധ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിയും കേരളത്തിന് എതിരായിരുന്നു.
എന്നിട്ടും കേരളം പുനഃപരിശോധനാ ഹർജിയുടെ സാദ്ധ്യത പോലും പരിശോധിച്ചില്ല.അന്ന് മുല്ലപെരിയാറിന് വേണ്ടി കരയുന്ന പി.ജെ. ജോസഫായിരുന്നു ജലവിഭവ മന്ത്രി.അതിനിടെയാണ് തമിഴ്നാട് നൽകിയ ഒ.എസ്. 4/2014 എന്ന മറ്റൊരു ഹർജിയിൽ കേരളത്തിന് പ്രതീക്ഷ നൽകുന്ന തീരുമാനമുണ്ടായത്. അനുകൂലമായ ഈ സാഹചര്യം ഫലപ്രദമായി വിനിയോഗിച്ചാൽ ചിലപ്പോൾ മുല്ലപ്പെരിയാർ അണക്കെട്ട് കേരളത്തിന്റെ നിയന്ത്രണത്തിലായേക്കുമെന്ന് സൂചനകളുണ്ട്. പുതിയ ഡാം നിർമ്മിക്കണം എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ കഴിഞ്ഞ ദിവസങ്ങളിൽ വ്യക്തമാക്കിയത്. കേരളത്തിൽ നിന്നുള്ള എംപിമാരും ഇത് സഭയിൽ അവതരിപ്പിച്ചിരുന്നു.2000ൽ മുല്ലപ്പെരിയാർ ഭാഗത്തുണ്ടായ ഭൂകമ്പം ഡാമിന്റെ സമീപവാസികളെയും കേരളത്തിനെ പൊതുവെയും ഭയചകിതരാക്കി. ഭ്രംശമേഖലയിലാണ് ഡാം സ്ഥിതിചെയ്യുന്നത് എന്ന് ചില പഠനങ്ങൾ പുറത്തുവന്നു. ഡാമിന് സമീപമുള്ള ബേബി ഡാമും സുരക്ഷിതമല്ലെന്ന് വന്നതോടെ കേരളത്തിൽ ഇത് വലിയ ചർച്ചയായി.
എന്നാൽ ഇവിടങ്ങളിൽ മുൻപ് അറ്റകുറ്റപണി നടന്നതാണെന്ന് വാദിച്ച് തമിഴ്നാട് ഇതിനെ തള്ളി.ഡാമിന് തകർച്ചയുണ്ടായാൽ വെള്ളം പാഞ്ഞെത്തുന്ന ഇടുക്കി അണക്കെട്ടും ഒപ്പം 11 അണക്കെട്ടുകളും തകരുമെന്നും തൃശൂരിനും പത്തനംതിട്ടയ്ക്കുമിടയിൽ ജില്ലകളിലെ ജനങ്ങൾക്കും ജീവികൾക്കും പ്രകൃതിക്കും സാരമായ പ്രശ്നമുണ്ടാകും എന്നുമാണ് പറയപ്പെടുന്നത്. ഇതും ചർച്ചകൾക്ക് കാരണമായി.രണ്ടാം നൂറ്റാണ്ടിൽ അന്നത്തെ തമിഴ്നാട്ടിലെ പ്രബലനായ രാജാവ് കരികാല ചോളൻ കാവേരി നദിയിൽ ഉണ്ടാകുന്ന വെള്ളപ്പൊക്ക പ്രശ്നം തടയാനും തഞ്ചാവൂരിൽ കൃഷി ആവശ്യത്തിനും ഒരു ഡാം നിർമ്മിച്ചു. അതാണ് കല്ലണൈ. 1080 അടി വീതിയും 66 അടി ഉയരവും ഇതിനുണ്ട്. പാറകൾ നിരത്തിയുണ്ടാക്കിയ ഈ അണ 1900 വർഷത്തോളമായി കാവേരിയിലെ വെള്ളപ്പൊക്കത്തെ തടഞ്ഞ് തമിഴ്നാട്ടിൽ ഇന്നും നിലനിൽക്കുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും പഴയ അണക്കെട്ടായി.
ഡാം തകർച്ചയും അതുമൂലം ജീവനാശവും പ്രകൃതി നാശവും പല രാജ്യങ്ങളിലും ഉണ്ടായിട്ടുണ്ട്. അമേരിക്കയിൽ പെൻസിൽവാനിയയിലെ സൗത്ത് ഫോർക് ഡാം 1889 മേയ് 31 ന് തകർന്നു. പ്രദേശത്ത് അസാധാരണമാം വിധം വീശിയടിച്ച കാറ്റിനെത്തുടർന്നാണ് ഡാം തകരാൻ ഇടയായത്. 2209 പേരാണ് ഈ ദുരന്തത്തിൽ മരിച്ചത്. 17 മില്യൺ ഡോളറിന്റെ നാശവും അന്നുണ്ടായി.ഇംഗ്ളണ്ടിലെ ഷെഫീൽഡിൽ 1864ലുണ്ടായ ഡേൽ ഡൈക് റിസർവോയർ അപകടവും 244 പേരുടെ ജീവനെടുത്തു. ചെറിയൊരു വിള്ളൽ ഡാമിലുണ്ടെന്ന് ഒരു എഞ്ചിനീയർ കണ്ടെത്തി മണിക്കൂറുകൾക്കകമാണ് ഈ അപകടം ഉണ്ടായത്.ബ്രസീലിലെ ഡാം ഐ എന്ന് വിളിക്കപ്പെടുന്ന ബ്രുമദിഞ്യോ ഡാം 2019ൽ തകർന്നതാണ് അടുത്തകാലത്തുണ്ടായ വലിയ നാശം വിതയ്ക്കുന്ന ഒന്ന്. 120 കിലോമീറ്റർ നീളത്തിൽ 21 മുനിസിപ്പാലിറ്റികൾ ഇല്ലാതായി. 270 പേർ മരിച്ചു. ഇവരിൽ പലരെയും കണ്ടെത്താനേ കഴിഞ്ഞില്ല.
മനുഷ്യർ ഡാമുകൾ നിർമ്മിച്ച കാലംമുതൽ തന്നെ അവയുടെ തകർച്ചയുമുണ്ടായിട്ടുണ്ട്. 5000ലധികം വർഷങ്ങൾക്ക് മുൻപും ഈജിപ്തിലും യെമനിലും ഡാമുകൾ അഥവാ ജലസംഭരണികൾ തകർന്ന വിവരങ്ങൾ ചരിത്രകാരന്മാർ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.പ്രളയവും ഉരുൾപ്പൊട്ടലും മലയാളിക്ക് ഇന്ന് സുപരിചിതമായ വാക്കുകളാണ്. ഒരു ദിവസത്തിലധികം നിർത്താതെ മഴ പെയ്താൽ കേരളത്തിലെ നഗരങ്ങളും ഗ്രാമങ്ങളുമെല്ലാം ഇപ്പോൾ വെള്ളത്തിനടിയിലാണ്. അതുപോലെ പ്രളയ സമയത്ത് മാത്രം ചർച്ചയാകുന്ന ഒരു അണക്കെട്ടും കേരളത്തിലുണ്ട്, മുല്ലപ്പെരിയാർ അണക്കെട്ട്.ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ കുമിളി പഞ്ചായത്തിലാണ് ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. തമിഴ്നാട് അതിർത്തിയിലെ ശിവഗിരി മലകളിൽ നിന്നുത്ഭവിക്കുന്ന മുല്ലയാർ നദിക്ക് കുറുകെ പണിതിരിക്കുന്ന അണക്കെട്ടാണ് മുല്ലപ്പെരിയാർ.
കേരളത്തിലാണെങ്കിലും 'തമിഴ്നാടിന് പാട്ടത്തിന്' കൊടുത്ത ഒരു അണക്കെട്ടാണിത്. 999 വർഷത്തേക്കാണ് കേരളം തമിഴ്നാടിനു പാട്ടത്തിനു കൊടുത്തത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ ശേഖരിക്കപ്പെട്ടിരിക്കുന്ന ഒരു നിശ്ചിത വീതം വെള്ളം തമിഴ്നാട്ടിൽ ജലസേചനത്തിനും വൈദ്യുതി നിർമാണത്തിനുമാണ് ഉപയോഗിക്കുന്നത്. അണക്കെട്ടിൽ നിന്നും വെള്ളം തമിഴ്നാട്ടിലേക്ക് പെൻസ്റ്റോക്ക് പൈപ്പുകൾ വഴിയാണ് കൊണ്ടുപോകുന്നത്.അണക്കെട്ടുമായി ബന്ധപ്പെട്ട് ഏറെക്കാലങ്ങളായി രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കം നിലനിൽക്കുന്നുണ്ട്. 1961ലെ വെള്ളപ്പൊക്കത്തോടുകൂടിയാണ് യഥാർത്ഥത്തിൽ ഈ അണക്കെട്ടിന്റെ സുരക്ഷയെച്ചൊല്ലിയുള്ള വാദങ്ങളും എതിർവാദങ്ങളും ഉയർന്നു വന്നത്. സുർക്കി മിശ്രിതം ഉപയോഗിച്ചു നിർമ്മിക്കപ്പെട്ട ഈ കാലപ്പഴക്കം ചെന്ന അണക്കെട്ടിന് ശക്തമായ ഒരു വെള്ളപ്പാച്ചിലിനെ പ്രതിരോധിക്കാൻ കഴിയില്ല,
അതുകൊണ്ട് തന്നെ അണക്കെട്ടിന്റെ താഴ്വരയിൽ താമസിക്കുന്ന ജനങ്ങൾക്ക് ഈ അണക്കെട്ട് ഒരു സുരക്ഷാഭീഷണിയാണ്.ലോകത്തിൽ ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളിൽ ഏറ്റവും പഴക്കമുള്ള അണക്കെട്ടാണ് മുല്ലപ്പെരിയാറിലേത്. നിർമ്മാണകാലഘട്ടത്തിൽ ഇത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരുന്നു. സുർഖി മിശ്രിതം ഉപയോഗിച്ചു നിർമ്മിച്ച അണക്കെട്ടുകളിൽ ലോകത്ത് ഇന്നു നിലവിലുള്ള ഏക അണക്കെട്ട് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളിൽ ഒന്നാണ് മുല്ലപ്പെരിയാർ. ബ്രിട്ടീഷ് സാമ്രാജ്യ ഭരണകാലത്ത് കേരളത്തിലെ പശ്ചിമഘട്ടപ്രദേശത്തുനിന്നും മഴനിഴൽ പ്രദേശങ്ങളായ, മധുര, തേനി തുടങ്ങിയ തമിഴ്ഭാഗങ്ങളിലേക്ക് ജലസേചനത്തിനായി ജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ചിട്ടുള്ളതാണ് ഈ അണക്കെട്ട്. അസ്തിവാരത്തിൽ നിന്നും ഏതാണ്ട് 53.6 മീറ്ററാണ് (176 അടി) അണക്കെട്ടിന്റെ ഉയരം.
നീളം 365.7 മീറ്ററും (1200 അടി).അണക്കെട്ട് നിലനിൽക്കുന്നത് കേരളത്തിന്റെ സ്ഥലത്താണെങ്കിലും, അതിന്റെ നിയന്ത്രണം തമിഴ്നാടിന്റെ കൈവശമാണ്. ഒരു അണക്കെട്ടിന്റെ പരമാവധി കാലാവധി അറുപതു വർഷമാണെന്നിരിക്കേ നൂറു വർഷത്തിനു മുകളിൽ പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് അതിന്റെ പ്രാന്തപ്രദേശങ്ങളിലുള്ളവർക്കും, കേരളത്തിലെ അഞ്ചു ജില്ലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന വാദം കേരളമുയർത്തുമ്പോൾ, ഇതിനെക്കുറിച്ചു നടന്നിട്ടുള്ള ശാസ്ത്രീയ പഠനങ്ങൾ ചൂണ്ടിക്കാണിച്ച് കേരളത്തിന്റെ വാദങ്ങൾക്ക് കഴമ്പില്ലെന്ന് തമിഴ്നാടും വാദിക്കുന്നു.അണക്കെട്ട് സുരക്ഷിതമാണെന്ന് തമിഴ്നാട് അവകാശപ്പെടുമ്പോൾ അത് ഭീതിജനകമാണെന്ന് കേരളം പറയുന്നു. സഹായക അണക്കെട്ടായ ബേബി ഡാമും ഭീതിജനകമാണെന്നാണ് കേരളത്തിന്റെ വാദം. എന്നാൽ അണക്കെട്ട് 1922ലും, 1965ലും സിമന്റുപയോഗിച്ച് ബലപ്പെടുത്തിയെന്നും ഭയപ്പെടാനൊന്നുമില്ലെന്നും തമിഴ്നാടിന്റെ മുഖ്യ എഞ്ചിനീയർ പറയുമ്പോൾ സിമന്റ് പഴയ സുർക്കിക്കൂട്ടിൽ വേണ്ടത്ര ചേരില്ലെന്ന് കേരളത്തിലെ വിദഗ്ദ്ധർ പറയുന്നു.
1902ൽ തന്നെ അണക്കെട്ട് നിർമ്മാണത്തിന്റെ പ്രധാന കൂട്ടായ ചുണ്ണാമ്പ്, വർഷം 30.48 ടൺ വീതം നഷ്ടപ്പെടുന്നുണ്ടായിരുന്നെന്നും ഇപ്പോൾ അത് അനേകം ഇരട്ടിയായി വർദ്ധിച്ചിട്ടുണ്ടാകുമെന്നുമാണ് കേരളത്തിന്റെ വാദം. 1979-81 കാലഘട്ടത്തിൽ നടത്തിയ ബലപ്പെടുത്തൽ അണക്കെട്ടിനു ബലക്ഷയം ആണ് വരുത്തിവെച്ചത് എന്ന് ഇതിനെക്കുറിച്ച് പഠിച്ച എം.ശശിധരന്റെ റിപ്പോർട്ടിൽ പറയുന്നു. 2006 നവംബർ 24ൽ അണക്കെട്ടിന്റെ സുരക്ഷയെ സംബന്ധിച്ച് പഠിക്കാൻ നാവികസേനാവൃന്ദങ്ങൾ എത്തിയെങ്കിലും കേന്ദ്രനിർദ്ദേശത്തെ തുടർന്ന് അവർ പഠനം നടത്താതെ മടങ്ങുകയായിരുന്നു.15 ദശലക്ഷം ഘനയടി ജലമാണ് ഡാമിന്റെ പൂർണ്ണ സംഭരണശേഷി. എന്നാൽ കോടതി നിർദ്ദേശപ്രകാരമുള്ള അനുവദനീയമായ പരമാവധി സംഭരണ ശേഷി 136 അടിയാണ്. ഇത് 11 ദശലക്ഷം ക്യുബിക് അടിക്ക് തുല്യമാണ്. ഭൂകമ്പത്തേത്തുടർന്നോ മറ്റോ ഡാം തകർന്നാൽ മൂന്ന് മുതൽ നാലു മണിക്കൂർ കൊണ്ട് വെള്ളം ഇടുക്കി ഡാമിലെത്തും.
ഇടുക്കി ഡാമിന്റെ പരമാവധി സംഭരണ ശേഷി 74.5 ദശലക്ഷം ഘനയടിയാണ്. എന്നാൽ 70.5 ടി എം സി വരെയാണ് സംഭരിക്കാറുള്ളത്. അതായത് മുല്ലപ്പെരിയാർ ഡാം തകർന്നാൽ ഒഴുകിയെത്താവുന്ന 11.2 ദശലക്ഷം ഘനയടി ജലത്തിൽ 10 ദശലക്ഷം ഘനയടി ജലത്തെയും ഉൾക്കൊള്ളാൻ ഇടുക്കി ഡാമിന് കഴിയും. ഡാം തകർന്നതിന് ശേഷം വെള്ളം ഇടുക്കി ഡാമിലേക്ക് ഒഴുകിയെത്താനെടുക്കുന്ന 3, 4 മണിക്കൂറിനുള്ളിൽ ഇടുക്കി ജല വൈദ്യുതി പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി ഡാമിന്റെ ഷട്ടറുകൾ നിയന്ത്രിതമായി തുറന്നുകൊണ്ട് ഇടുക്കി ഡാമിന്റെ ജലനിരപ്പ് നിയന്ത്രണ വിധേയമാക്കാൻ കഴിയും. ചെറുതോണി ഡാമിന് മുകൾഭാഗത്ത് അഞ്ച് പ്രധാന ഷട്ടറുകളും താഴെ രണ്ട് ചെറിയ ഷട്ടറുകളുമാണുള്ളത്. ഓരോ പ്രധാന ഷട്ടറുകളിലൂടെയും മിനുട്ടിൽ 25,760 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കാനാവും. ഇതോടോപ്പം താഴെ ഭാഗത്തുള്ള ജനങ്ങൾക്ക് അപകടഭീഷണി നൽകുകയും ചെയ്താൽ ഗുരുതരമായ ഭവിഷ്യത്തുകളെ ഒഴിവാക്കാൻ കഴിയും.
66 ചതുരശ്ര കി.മീ. വിസ്തീർണമുള്ള ഇടുക്കി ഡാം നിറഞ്ഞുവരാൻ മൂന്നുമുതൽ ആറുവരെ മണിക്കൂറുകൾക്കുള്ളിൽ ഏഴ് ഷട്ടറുകളിലൂടെയും പൂർണതോതിൽ ജലം പുറന്തള്ളിയാൽ കൂടുതലായുള്ള 1.2 ദശലക്ഷം ഘനയടി അധികജലം ഒഴുക്കിക്കളയാൻ ബുദ്ധിമുട്ടില്ലെന്നാണ് കണക്കുകൂട്ടൽ. എന്നാൽ ഇടുക്കി ഡാമിലെ ജലനിരപ്പ് നിലവിലുള്ളതിലും കൂടുതലായിരിക്കുമ്പോഴാണ് ദുരന്തമെങ്കിൽ സ്ഥിതി ഇതിലും ഗുരുതരമാകും. മുല്ലപ്പെരിയാർ തകരുന്നപക്ഷം ഒഴുകിയെത്താനിടയുള്ള മണ്ണും കല്ലും മരങ്ങളും മറ്റും ഇടുക്കിയുടെ സംഭരണശേഷി ഗണ്യമായി കുറയ്ക്കാനും സാധ്യതയുണ്ട്. കൂടാതെ, മരങ്ങളും മറ്റും ഒഴുകിവന്ന് ഷട്ടറുകളിലൂടെയുള്ള ജലപ്രവാഹത്തിന് തടസ്സമുണ്ടായാൽ പുറന്തള്ളുന്ന ജലത്തിന്റെ അളവ് കുറയുകയും ചെയ്യും.
മറ്റൊരു സാധ്യത മുല്ലപ്പെരിയാർ അണക്കെട്ട് തകർന്നാൽ കുതിച്ചെത്തുന്ന വെള്ളവും മരങ്ങളടക്കമുള്ള മറ്റവശിഷ്ടങ്ങളും ഇടുക്കി അണക്കെട്ടിന് ഭീഷണിയാകുന്നതു സംബന്ധിച്ചാണ്. മുല്ലപ്പെരിയാർ അണക്കെട്ട് ഒന്നാകെ തകരുകയാണെങ്കിൽ 50 അടി ഉയരത്തിലാണ് വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് വെള്ളം കുതിച്ചെത്താൻ സാധ്യത. ഈ ഭാഗത്തുള്ള വള്ളക്കടവ്, വണ്ടിപ്പെരിയാർ, മ്ലാമല, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പൻകോവിൽ പ്രദേശങ്ങളിലെ 70,000 പേരുടെ ജീവനാണ് ഇതുമൂലം അപകടത്തിലാകുക. ഈ ആഘാതത്തിൽ ഇടുക്കി അണക്കെട്ട് തകർന്നാൽ താഴെയുള്ള 11 അണക്കെട്ടുകളും തകരാം. ഫലത്തിൽ ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ജനങ്ങളെയാകെ ബാധിക്കുന്നതിലേക്കാണ് ഇത്തരമൊരു ദുരന്തസാധ്യത വിരൽചൂണ്ടുന്നത്.മുല്ലപ്പെരിയാർ ഡാമിന്റെ തകരുവാനുള്ള സാധ്യതകൾ മുന്നിൽ കണ്ട് പലവിധ പ്രശ്നപരിഹാരങ്ങളും മുന്നോട്ടുവെയ്ക്കപ്പെട്ടിട്ടുണ്ട്. അവ പ്രധാനമായും ഇവയാണ്:
1. നിലവിലുള്ള ഡാമിന് താഴെ പുതിയൊരു അണക്കെട്ട് പണിയുക. നിലവിലുള്ള ഡാമിന്റെ പ്രവർത്തനം അവസാനിപ്പിക്കുക.2.നിലവിലുള്ള ഡാമിലെ ജലനിരപ്പ് കുറച്ച് തടയണയാക്കി നിലനിർത്തുക, അപകട സാദ്ധ്യത കുറയ്ക്കുക. ജലനിരപ്പ് കുറയ്കുന്നതിനനുസരിച്ച് തമിഴ്നാടിനുള്ള ജലലഭ്യത ഉറപ്പുവരുത്താൻ തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുവാൻ ആവശ്യമായ ആഴത്തിൽ പുതിയ ടണലുകൾ നിർമ്മിക്കുക.3. മുല്ലപ്പെരിയാറിലെ വെള്ളം ഇടുക്കിയിൽ സംഭരിക്കുക. അവിടെ നിന്നും പുതിയ ടണൽ മാർഗ്ഗം തമിഴ്നാടിന് വെള്ളം നൽകുക. മുല്ലപ്പെരിയാർ ഡാം നിർജ്ജീവമാക്കുക.അപകടം സംഭവിച്ചതിന് ശേഷം നടത്തുന്ന കുറ്റപ്പെടുത്തലുകളേക്കാളും നല്ലത് അപകടം വരാതെ നോക്കുക എന്നതാണ്. എന്നാൽ കേരളത്തിലെ ഭരണാധികാരികൾ ഇന്നും തമിഴ് നാട്ടിന്റെ സുരക്ഷക്ക് വേണ്ടിയാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
അതാണ് സുപ്രീം കോടതിയിൽ സംഭവിച്ചത്. മുല്ലപ്പെരിയാറിൽ തമിഴ് നാടിന്റെ താൽപര്യങ്ങൾ കേരളം ഹനിക്കാതിരിക്കാൻ വേണ്ടിയാണ് എം.കെ. സ്റ്റാലിൻ പിണറായി വിജയനെ പൂശുന്നത്. തമിഴകത്തെ മുഖ്യമന്ത്രിക്ക് അവരുടെ ജനതയെ സംരക്ഷിക്കണമെന്ന ഒരാഗ്രഹം മാത്രമാണുള്ളത്. എന്നാൽ കേരളത്തിന്റെ കാര്യം അങ്ങനെയല്ല. അതാണ് സുപ്രീം കോടതിക്ക് മുന്നിൽ ചെന്ന് കേരളം തലകുനിച്ചു നിന്നത്.
https://www.facebook.com/Malayalivartha