ഒറ്റയ്ക്ക് താമസം, സുഹൃത്തുക്കളുടെ വന്നുപോക്ക്: ഒടുവില്‍ ഉറുമ്പരിക്കുന്ന നിലയില്‍ അര്‍ധനനഗ്നയായി പെണ്‍കുട്ടി
ചോറ്റാനിക്കരയിലെ വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന പെണ്‍കുട്ടിയെ ഉറുമ്പരിക്കുന്ന നിലയില്‍ ഗുരുതര പരിക്കുകളോടെ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് പെണ്‍കുട്ടിയുടെ അമ്മ. പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്. താന്‍ മര്‍ദിച്ചതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചതാണെന്നു ആണ്‍സുഹൃത്ത് മൊഴി നല്‍കിയതായാണു സൂചന. പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഗം, വധശ്രമം എന്നിവയ്ക്കാണു കേസ് എടുത്തതെന്നു പുത്തന്‍കുരിശ് ഡിവൈഎസ്പി വി.ടി.ഷാജന് പറഞ്ഞു. പെണ്‍കുട്ടിയുടെ കഴുത്തില്‍ ഷാള്‍ കുരുങ്ങിയ നിലയിലായിരുന്നു. ദേഹത്ത് പരുക്കുകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാവും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുക. പെണ്‍കുട്ടി ഇപ്പോഴും അതീവ ഗുരുതരാവസ്ഥയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കസ്റ്റഡിയിലുള്ള ആണ്‍സുഹൃത്ത് ലഹരിക്കേസിലെ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. പീരുമേട് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കഞ്ചാവ് കേസ് ഉണ്ടെന്നാണ് വിവരം. തലയോലപ്പറമ്പ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത രണ്ട് ആക്രമണ കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാം വഴി ഒരുവര്‍ഷം മുന്‍പാണ് ഇയാള്‍ പെണ്‍കുട്ടിയുമായി പരിചയപ്പെട്ടത്.
കസ്റ്റഡിയിലുള്ള ആണ്‍സുഹൃത്ത് പെണ്‍കുട്ടിയെ മര്‍ദിച്ചിരുന്നതായി അമ്മ മൊഴി നല്കി. പലപ്പോഴും പെണ്‍കുട്ടിയുടെ മുഖത്തും മറ്റും പരുക്കുകള്‍ കണ്ട് ചോദിച്ചിരുന്നു. എന്നാല്‍ വീണതാണെന്നും മറ്റുമാണ് പറഞ്ഞത്. ഇപ്പോള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുള്ള ആളെ ഒരിക്കല്‍ മാത്രമേ കണ്ടിട്ടുള്ളൂ. ഇഷ്ടമാണെങ്കില്‍ മകളെ വിവാഹം ചെയ്തു തരാമെന്നും വീട്ടുകാരുമായി സംസാരിക്കണമെന്നും പറഞ്ഞു. 3-4 വര്‍ഷം വേണമെന്നാണ് ചെറുപ്പക്കാരന് പറഞ്ഞത്. ഈ ബന്ധം അവസാനിപ്പിക്കണമെന്ന് താന്‍ മകളോട് പറഞ്ഞിരുന്നെന്നും അമ്മ പറയുന്നു. . മകളുടെ സുഹൃത്തുക്കളെ പേടിച്ചിട്ടാണ് വീട്ടില്‍നിന്നു മാറി മറ്റൊരിടത്ത് താമസിച്ചിരുന്നതെന്നും അവര്‍ വെളിപ്പെടുത്തി. എങ്കിലും മകളുമായി നിരന്തരം ബന്ധപ്പെടാറുണ്ടായിരുന്നു എന്നും അവര്‍ പറയുന്നു. പെണ്‍കുട്ടി ഈ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം.
ശനിയാഴ്ച രാത്രി ആണ്‍സുഹൃത്ത് മറ്റൊരാള്‍ക്കൊപ്പം ബൈക്കില്‍ പെണ്‍കുട്ടിയുടെ വീടിനു സമീപം വന്നിറങ്ങുന്നതു സിസിടിവി ദൃശ്യങ്ങളിലുണ്ട്. പിറ്റേന്നു പുലര്‍ച്ചെ 4 മണിയോടെയാണു മടങ്ങിപ്പോയത്. വൈകിട്ട് 4 മണിയോടെയാണു വീട്ടിലെത്തിയ ബന്ധു പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്. കൈകളിലെ മുറിവില്‍ ഉറുമ്പരിക്കുന്ന നിലയില്‍ അര്ധനനഗ്നയായാണു കിടന്നിരുന്നതെന്നു പൊലീസ് പറഞ്ഞു. പൊലീസാണ് ആശുപത്രിയിലേക്ക് മാറ്റിയത്. തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആശുപത്രിയിലും എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ച പെണ്‍കുട്ടിയെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പെണ്‍കുട്ടിയുടെ മറ്റു സുഹൃത്തുക്കള്‍ വീട്ടില്‍ വന്നു പോകുന്നതിനെ ചൊല്ലി ആണ്‍സുഹൃത്തുമായി മുന്‍പും തര്‍ക്കങ്ങളുണ്ടായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. പലപ്പോഴും നാട്ടുകാര്‍ തന്നെ വാര്‍ഡ് അംഗത്തോടു പരാതി പറഞ്ഞിട്ടുണ്ട്. ഈ വീട്ടില്‍ ആളുകള്‍ വന്നുപോകുന്നതു ശല്യമാണെന്നു പൊലീസിനു പരാതി നല്‍കിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇപ്പോള്‍ കസ്റ്റഡിയിലുള്ള ആണ്‍സുഹൃത്തിനെയും നാട്ടുകാര്‍ പലപ്പോഴും കണ്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha