ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെതിരെ ഹെയര്‍സ്റ്റൈലിസ്റ്റ് ആര്‍ട്ടിസ്റ്റുകളുടെ പ്രതിഷേധം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെതിരെയാണ് മേക്കപ്പ്, ഹെയര്‍സ്റ്റൈലിസ്റ്റ് ആര്‍ട്ടിസ്റ്റുകളുടെ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയതിനും പീഡനങ്ങളെ ചെറുക്കുന്നതിനും തങ്ങളെ സംഘടനയില്‍നിന്നു പുറത്താക്കുകയും സസ്പെന്‍ഡ് ചെയ്യുകയുമാണെന്ന് അവര്‍ പറയുന്നു. ബി. ഉണ്ണികൃഷ്ണന് രാജി വയ്ക്കുന്നതടക്കമുളള ആവശ്യങ്ങള്‍ ഉന്നയിച്ച് മൂന്നു മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ ബുധനാഴ്ച നിരാഹാര സമരമാരംഭിച്ചു.
ഫെഫ്കയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഓള് കേരള സിനി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആന്‍ഡ് ഹെയര്‍സ്റ്റൈലിസ്റ്റ് യൂണിയന്റെ ഓഫിസിനു മുന്നിലാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ രോഹിണി, എയ്ഞ്ചല്‍, എലിസബത്ത് എന്നിവര്‍ സമരം ചെയ്യുന്നത്. ഇവര്‍ക്ക് പിന്തുണയുമായി നടി റിമ കല്ലിങ്കലും രംഗത്തെത്തി. 2025ലെ കമ്യൂണിസ്റ്റ് കേരളത്തിലെ വനിതാ തൊഴിലാളികളാണിവര്‍ എന്ന് റിമ സമൂഹമാധ്യമത്തില്‍ കുറിച്ചു.
''മലയാള സിനിമാ മേഖലയിലെ സ്ത്രീകള്‍, ഹെയര്‍ സ്റ്റൈലിസ്റ്റ് യൂണിയന്റെ ഭാഗമായവര്‍, ജോലി ചെയ്യാനും വിയോജിപ്പ് പ്രകടിപ്പിക്കാനും മേക്കപ്പ് മേധാവികളില്‍ നിന്നു സ്വതന്ത്രരാകാനും മേക്കപ്പ് മേധാവികളായി ജോലി ചെയ്യാനും സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷത്തിനും അതിക്രമങ്ങളും അവഹേളനങ്ങളും നേരിടാതെ ജോലി ചെയ്യുന്നതിനുമായി സംസാരിച്ചതിന്റെ പേരില്‍ സസ്പന്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നു. തങ്ങളുടെ ശബ്ദമുയര്‍ത്തിയതിന് മാറ്റി നിര്‍ത്തിയിരിക്കുന്നു. 2025ലെ കമ്യൂണിസ്റ്റ് കേരളത്തിലെ വനിതാ തൊഴിലാളികളാണിവര്‍.''- ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ റിമ പറയുന്നു.
ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്, ജോയിന്റ് സെക്രട്ടറി പ്രദീപ് രംഗന് എന്നിവര്‍ രാജിവയ്ക്കുക, മേക്കപ്പ് വിഭാഗം മേധാവികളുടെ കീഴില്‍നിന്നു ഹെയര്‍ സ്റ്റൈലിസ്റ്റുകളെ സ്വതന്ത്രരാക്കുക, സിനിമ തൊഴില്‍ മേഖലയില്‍ സര്‍ക്കാര്‍ ഇടപെടുക, തൊഴില്‍ നിഷേധം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരം ചെയ്യുന്നവര്‍ ആവശ്യപ്പെടുന്നത്. ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയതിന്റെ പേരിലും പരാതി ഉയര്‍ത്തിയതിന്റെ പേരിലും സംഘടനയില്‍നിന്നു പുറത്താക്കലും സസ്പെന്‍ഷനുമാണ് തങ്ങള്‍ നേരിടേണ്ടി വരുന്നതെന്നും ഇവര്‍ പറയുന്നു. തൊഴില്‍ ചെയ്യാന്‍ സാധിക്കാത്ത അന്തരീക്ഷമുണ്ടാക്കുകയാണ് ചെയ്യുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു.
സിനിമ മേഖലയില്‍ തങ്ങള്‍ നേരിടുന്ന ചൂഷണങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ലൈംഗിക പീഡനശ്രമം ചെറുത്തതിന് ജോലി നഷ്ടപ്പെട്ടെന്നും ഫെഫ്കയില്‍ ഇക്കാര്യം അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും കത്തില്‍ പറയുന്നു. വനിതാ പ്രവര്‍ത്തകരുടെ സംഘടനയെ തകര്‍ത്തു എന്ന പേരില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെയും കത്തില്‍ ആരോപണമുന്നയിച്ചിട്ടുണ്ട്. നേരത്തെ ബി. ഉണ്ണികൃഷ്ണനെതിരെ പ്രമുഖ നിര്‍മാതാവ് സാന്ദ്രാ തോമസ് ആരോപണമുന്നയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha