ഇതുവരെ കണ്ടിട്ടില്ലാത്ത കുറ്റവാളി... ചെന്താമര മനസ്താപമില്ലാത്ത കുറ്റവാളിയാണെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്; പദ്ധതി കൃത്യമായി നടപ്പാക്കിയതിന്റെ സന്തോഷത്തില്‍ ചെന്താമര
ആ പെണ്‍കുട്ടികളുടെ കരച്ചില് കേരളത്തെ വേദനപ്പിച്ചുവെങ്കിലും ചെന്താമരയ്ക്ക് ഒരു കൂസലുമില്ല. നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതിയായ ചെന്താമര മനസ്താപമില്ലാത്ത കുറ്റവാളിയാണെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
തന്റെ പദ്ധതി കൃത്യമായി നടപ്പാക്കിയതിന്റെ സന്തോഷത്തിലാണ് പ്രതിയെന്നും കൊല നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍വൈരാഗ്യം വെച്ച് ആസൂത്രണത്തോടെ നടത്തിയ കൊലയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കൊല നടത്തുന്നതിന് കൊടുവാള് വാങ്ങിയിരുന്നു. പ്രതി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു.
കൊല നടത്തിയത് പൂര്‍വ വൈരാഗ്യം കൊണ്ടാണെന്നും പ്രതിയില്‍ നിന്ന് അയല്‍വാസികള്‍ക്ക് തുടര്‍ച്ചയായ വധ ഭീഷണിയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. ചെന്താമര പുറത്തിറങ്ങിയാല്‍ ഒരു പ്രദേശത്തിന് മുഴുവന്‍ ഭീഷണിയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. കൊലപാതകത്തിനായി കൊടുവാളിന്റെ കൈ പിടി പ്രത്യേകം ഉണ്ടാക്കി.
മരപ്പിടി സ്വയം ഘടിപ്പിക്കാന്‍ കഴിയുന്ന കൊടുവാളാണ് വാങ്ങിയത്. സുധാകരനെ ദിവസങ്ങളോളം വീട്ടിലിരുന്ന് നിരീക്ഷിച്ചു. സുധാകരന് പുറത്തിറങ്ങിയ സമയം വെട്ടി വീഴ്ത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സുധാകരന്റെ രണ്ട് പെണ്മക്കള്ക്കും സാക്ഷികള്‍ക്കും പ്രതി പുറത്തിറങ്ങിയാല്‍ ഭീഷണിയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ചെന്താമരയ്ക്ക് വേണ്ടി അഡ്വ. ജേക്കബ് മാത്യു ആണ് വക്കാലത്ത് നല്‍കിയത്. വൈകിട്ടോടെയാണ് ചെന്താമരയെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പരിക്കുണ്ടോയന്ന് ജഡ്ജി ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു പ്രതിയുടെ മറുപടി. മകള്‍ എന്‍ജിനീയറാണെന്നും മരുമകന് ക്രൈം ബ്രാഞ്ചിലാണെന്നും അവരുടെ മുന്നില്‍ മുഖം കാണിക്കാന്‍ തനിക്കാവില്ലെന്നും എത്രയും വേഗം ശിക്ഷിക്കണമെന്നും 100 വര്‍ഷം ജയിലില്‍ അടച്ചോളുവെന്നുമാണ് പ്രതി കോടതിയില്‍ പറഞ്ഞത്. യാതൊരു ഭാവഭേദവുമില്ലാതെയാണ് പ്രതി കോടതിയില്‍ ഹാജരായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നതിനായി വലിയ സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. ഫെബ്രുവരി 12വരെയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്.
പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി അപേക്ഷ നല്‍കുമെന്ന് പാലക്കാട് എസ്പി അജിത് കുമാര്‍ പറഞ്ഞു. കൊല നടത്തിയ പ്രദേശത്ത് തെളിവെടുപ്പ് നടത്തണം. 2019 മുതല്‍ സുധാകരന്റെ കുടുംബത്തോട് പ്രതിയ്ക്ക് വൈരാഗ്യമുണ്ട്. ഭാര്യ പിരിഞ്ഞു പോയത് സജിതയുടെ കുടുംബം കാരണമാണെന്ന് പ്രതി കരുതി. പ്രതിയ്ക്ക് കുറ്റബോധമില്ലെന്നും ചെയ്ത കൃത്യത്തില്‍ ഇയാള്‍ സന്തോഷവാനാണെന്നും പൊലീസ് പറഞ്ഞു.
പ്രതിയെ പുറത്തു വിടാതിരിക്കാന്‍ വേണ്ട നടപടി പൊലീസ് സ്വീകരിക്കും. വിചാരണ അതിവേഗം നടത്തി ശിക്ഷ ഉറപ്പാക്കുമെന്നും എസ്പി പറഞ്ഞു. പ്രതിയെ കഴിഞ്ഞ ദിവസം രാത്രി 10.30 നാണ് പിടികൂടിയത്. പല സ്ഥലങ്ങളില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ചു. എല്ലാം പരിശോധിച്ചു. വീടിന്റെ സമീപത്തെ പാടത്ത് നിന്നാണ് പിടിച്ചത്. വിശദമായി ചോദ്യം ചെയ്തു. ഇനിയും കുറെ കാര്യങ്ങള്‍ സ്ഥിരീകരിക്കാനുണ്ട്. പ്രതി പലതും വെളിപ്പെടുത്തിയിട്ടുണ്ട്. കൊല നടന്നത് രാവിലെ 10 മണിയ്ക്കാണ്. കൊല ചെയ്ത ശേഷം സ്വന്തം വീട്ടിലെത്തി. പിന്നീട് മലയുടെ ഭാഗത്തേക്ക് പോയി. രണ്ടു ദിവസം അവിടെ നിന്നു. പൊലീസിന്റെ പരിശോധന ഇയാള്‍ നിരീക്ഷിച്ചു വരികയായിരുന്നു. ഭൂപ്രകൃതിയെ കുറിച്ച് പ്രതിയ്ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഭക്ഷണം കിട്ടാത്തതാണ് പ്രതി താഴെ വരാന്‍ കാരണമെന്നും എസ്പി പറഞ്ഞു.
മന്ത്രവാദികളെ കണ്ടിട്ടില്ലെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ അത് വിശ്വസിച്ചിട്ടില്ല. നെന്മാറയിലേത് ആസൂത്രിത കൊലപാതകമാണ്. ആയുധം നേരത്തെ വാങ്ങി വെച്ചു. പ്രതി വിഷം കഴിച്ചിട്ടില്ല. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമായിരുന്നു അത്. മുള്ളുവേലി ചാടിക്കടന്നതിന്റെ പാടുകള്‍ ശരീരത്തിലുണ്ട്. പ്രതി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ട്. പറയുന്ന എല്ലാ കാര്യങ്ങളും വിശ്വസിക്കാനാകുന്നില്ല. സുധാകരനോട് നേരത്തെ തന്നെയുള്ള വൈരാഗ്യമാണ്. തലേ ദിവസം സുധാകരനുമായി തര്‍ക്കം ഉണ്ടായി. സുധാകരന്റെ കുടുംബത്തോട് പ്രതിക്ക് പകയുണ്ട്. പ്രതിയ്ക്ക് രക്ഷപ്പെടാന്‍ ആരുടെയും സഹായം കിട്ടിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
ജാമ്യത്തില്‍ ഇറങ്ങിയ ശേഷം പാറമടയിലെ സെക്യൂരിറ്റിയായിരുന്നു. രണ്ടു മാസം മുമ്പ് ഈ ജോലി നഷ്ടപ്പെട്ടു. അതിനു ശേഷമാണ് ഇങ്ങോട്ട് വന്നത്. പുതിയ ജോലി കിട്ടിയ ശേഷം ഇവിടെ നിന്ന് പോകാനായിരുന്നു തീരുമാനം. നെന്മാറ പൊലീസിന്റെ വീഴ്ചയില്‍ കൂടുതല്‍ അന്വേഷണം നടത്തും. മികച്ച പ്ലാനിംഗ് ഉള്ള വ്യക്തിയാണ് പ്രതി. പ്രതിക്ക് മൂന്ന് ഫോണ്‍ ഉണ്ട്. പ്രതി എസ്എസ്എല്‍സി പാസായിട്ടില്ലെന്നും എസ്പി അജിത് കുമാര്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha