രണ്ടരവയസ്സുകാരിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്
ബാലരാമപുരത്ത് രണ്ടരവയസ്സുകാരിയുടെ മൃതദേഹം കിണറ്റില്‍ കണ്ട സംഭവം കൊലപാതകമെന്ന് പൊലീസ്. കുട്ടിയുടെ അമ്മയുടെ സഹോദരനായ ഹരികുമാര്‍ കുറ്റം സമ്മതിച്ചുവെന്നാണ് സൂചന. കുട്ടിയെ ഇയാള്‍ കിണറ്റില്‍ എറിഞ്ഞു കൊന്നുവെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയിരുന്നത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ ഇല്ലെന്നു ദേഹപരിശോധനയില്‍ വ്യക്തമായി. വീട്ടില്‍ തന്നെ ഉള്ള ആള്‍ തന്നെയാണ് കുട്ടിയെ അപായപ്പെടുത്തിയതെന്നു പൊലീസിന് ഉറപ്പായിരുന്നു. കുട്ടിയുടെ അമ്മ, അച്ഛന്‍, മുത്തശി എന്നിവരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.
കോട്ടുകാല്‍ക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദു (രണ്ടര) ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന കുട്ടിയെ ഇന്നു രാവിലെയാണ് കാണാനില്ലെന്നു മനസ്സിലാക്കുന്നത്. കുടുംബത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചെങ്കിലും പിന്നീട് മൃതദേഹം കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ ജീവനോടെ കിണറ്റില്‍ എറിഞ്ഞു കൊന്നുവെന്നാണ് ഹരികുമാര്‍ പൊലിസിനോടു പറഞ്ഞിരിക്കുന്നത്. കുറ്റകൃത്യം ഒറ്റയ്ക്കു ചെയ്തുവെന്നാണ് ഹരികുമാര്‍ പറഞ്ഞിരിക്കുന്നത്.
അതേസമയം, ആരെയെങ്കിലും സംരക്ഷിക്കാന്‍ വേണ്ടി ഹരികുമാര്‍ കുറ്റം ഏറ്റെടുത്തതാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. കുറ്റം ഏറ്റു പറഞ്ഞെങ്കിലും എന്തിനു വേണ്ടിയാണ് കുഞ്ഞിനെ കൊന്നതെന്ന ചോദ്യത്തിന് ഹരികുമാര്‍ കൃത്യമായ ഉത്തരം നല്‍കിയിട്ടില്ല. പൊലീസിനോടു കയര്‍ക്കുന്ന സമീപനമാണ് ഹരികുമാര്‍ സ്വീകരിച്ചത്. ഹരികുമാര്‍ ചെറിയ തോതില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്ത് മൊഴി ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കുഞ്ഞിനെ പുലര്‍ച്ചെ പിതാവ് ശ്രീജിത്തിന്റെ അടുത്തു കിടത്തിയ ശേഷമാണ് ശുചിമുറിയിലേക്കു പോയതെന്നാണ് അമ്മ ശ്രീതു ആദ്യം പറഞ്ഞിരുന്നത്. ശ്രീജിത്തും ശ്രീതുവും തമ്മില്‍ അകല്‍ച്ചയിലായിരുന്നുവെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
കുട്ടിയുടെ ശരീരത്തില്‍ മറ്റു മുറിവുകള്‍ ഒന്നും ഇല്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബലപ്രയോഗം നടത്തിയതിന്റെ ലക്ഷണങ്ങളും ദേഹപരിശോധനയില്‍ കണ്ടെത്തിയില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലെ മരണകാരണം വ്യക്തമായി അറിയാന്‍ കഴിയുളളൂവെന്നു പോലീസ് അറിയിച്ചു. ഉച്ചയ്ക്കു ശേഷം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞു കൊന്നതാണെന്ന സംശയത്തിലാണ് പൊലീസ്.
ഹരികുമാര്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറയുന്നു. ''പുലര്‍ച്ചെ അഞ്ചരയോടെയാണ് പൊലീസ് വിവരം അറിയുന്നത്. അപ്പോള്‍ത്തനെ സ്ഥലത്തെത്തി തിരച്ചില്‍ തുടങ്ങിയിരുന്നു. ബന്ധുക്കള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നാണ് വിവരം.
https://www.facebook.com/Malayalivartha