രണ്ടര വയസുകാരിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവം: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
ബാലരാമപുരത്ത് രണ്ടര വയസുകാരി ദേവേന്ദുവിനെ ജീവനോടെ കിണറ്റിലെറിഞ്ഞതെന്ന് സ്ഥിരീകരണം. പോസ്റ്റ്മോര്‍ട്ടത്തില്‍ കുഞ്ഞിന്റേത് മുങ്ങിമരണമാണെന്ന് വ്യക്തമായി. ശ്വാസകോശത്തില്‍ വെള്ളം കയറിയ നിലയിലായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുവീട്ടിലെത്തിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തി കിണറ്റിലിടുകയായിരുന്നുവെന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത്. എന്നാല്‍ ജീവനോടെ കിണറ്റിലെറിയുകയായിരുന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്. കുഞ്ഞിന്റെ ശരീരത്തില്‍ മറ്റ് മുറിവുകളില്ലെന്നും പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്നുതന്നെ സംസ്കാര ചടങ്ങുകള്‍ നടത്തുമെന്നാണ് വിവരം. അച്ഛനും മുത്തശ്ശിയും എത്തിയ ശേഷമായിരിക്കും സംസ്കാരം. ഉടന്‍ ഇരുവരേയും പൊലീസ് സ്റ്റേഷനില്‍ നിന്ന് വീട്ടില്‍ എത്തിക്കും അമ്മയേയും അമ്മാവനേയും എത്തിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല.
ബന്ധുവീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ് മൃതദേഹം. നാടൊന്നാകെ കണ്ണീരോടെ ദേവേന്ദുവിനെ അവസാനമായി ഒരിക്കല്‍ കൂടി കാണാനൊഴുകിയെത്തുകയാണ്. സംഭവത്തില്‍ അമ്മ ശ്രീതുവിനെയും പോലീസ് പ്രതി ചേര്‍ത്തുവെന്നാണ് വിവരം. ചോദ്യം ചെയ്യലില്‍ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും ഹരികുമാറിന്റെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടായിരുന്നു. ശ്രീതുവിന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് സഹോദരന് ഹരികുമാറുമായുള്ള ചാറ്റുകളില്‍ നിന്ന് നിര്‍ണായക വിവരം ലഭിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.
ബാലരാമപുരം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും രണ്ടര വയസുകാരിയായ മകള്‍ ദേവേന്ദുവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ കുഞ്ഞിനെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാവിലെ 8.15 ഓടെ കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റില്‍ നിന്ന് കണ്ടെടുത്തത്. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ അമ്മാവന് ഹരികുമാര്‍ കുറ്റം സമ്മതിച്ചു. കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞുകൊന്നതാണെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഹരികുമാറിനേയും ശ്രീതുവിനേയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
https://www.facebook.com/Malayalivartha