നെന്മാറ ഇരട്ടക്കൊലക്കേസ്; അയല്‍ക്കാരിയെ കൊല്ലാന്‍ കഴിയാത്തതില്‍ ചെന്താമരയ്ക്ക് കടുത്ത നിരാശ: താന്‍ നാട്ടില്‍ വരാതിരിക്കാന്‍ പുഷ്പ ഉള്‍പ്പെടെയുള്ളവര്‍ പൊലീസില്‍ നിരന്തരം പരാതി കൊടുത്തിരുന്നു
നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ പോത്തുണ്ടിയിലെത്തിച്ചു തെളിവെടുപ്പ് നടത്തി. ആലത്തൂര്‍ കോടതിയില്‍ പൊലീസ് നല്‍കിയ അപേക്ഷയെ തുടര്‍ന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണു പ്രതിയെ വിട്ടുകിട്ടിയത്. വന്‍ പൊലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തിലാണു തെളിവെടുപ്പ് നടന്നത്. എട്ടു വാഹനങ്ങളിലായി നാനൂറോളം പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിരുന്നു.
ഒരു മണിക്കൂര്‍ നീണ്ട തെളിവെടുപ്പില്‍ ഭാവഭേദമൊന്നുമില്ലാതെ കുറ്റകൃത്യം നടത്തിയ രീതിയെക്കുറിച്ചു ചെന്താമര പൊലീസിനോട് വിശദീകരിച്ചു. കൊലപാതകങ്ങള്‍ക്കുശേഷം രക്ഷപ്പെട്ട മലയിലേക്കുള്ള വഴി, ആയുധങ്ങള്‍ ഉപേക്ഷിച്ച സ്ഥലങ്ങള്‍, പ്രതിയുടെ വീട്, കൃത്യം നടന്ന സ്ഥലം എന്നിവിടങ്ങളിലെല്ലാം തെളിവെടുപ്പ് നടന്നു. നാളെയും തെളിവെടുപ്പ് തുടരും. പ്രതി ആയുധങ്ങള്‍ വാങ്ങിച്ച കടകളിലുള്‍പ്പെടെയാണ് നാളെ തെളിവെടുപ്പ് നടക്കുക.
അയല്‍ക്കാരിയായ പുഷ്പയെ കൊല്ലാന്‍ കഴിയാത്തതില്‍ കടുത്ത നിരാശയുണ്ടെന്ന് ചെന്താമര. താന്‍ നാട്ടില്‍ വരാതിരിക്കാന്‍ പുഷ്പ ഉള്‍പ്പെടെയുള്ളവര്‍ പൊലീസില്‍ നിരന്തരം പരാതി കൊടുത്തിരുന്നെന്ന് ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലില്‍ ചെന്താമര പറഞ്ഞു. ജനുവരി 27ന് പോത്തുണ്ടി ബോയന്‍ കോളനിയില്‍ സുധാകരന്‍ (56), അമ്മ ലക്ഷ്മി (75) എന്നിവരെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണു പ്രതിയുടെ വെളിപ്പെടുത്തല്‍. ചെയ്തത് വലിയ തെറ്റാണെന്നും പരോളിന് ശ്രമിക്കില്ലെന്നും പ്രതി പറഞ്ഞു.
https://www.facebook.com/Malayalivartha