പീഡനശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തില്‍ നിന്ന് ചാടി പരിക്കേറ്റ സംഭവം: ഒന്നാം പ്രതിയായ ഹോട്ടലുടമ അറസ്റ്റില്‍
മുക്കം മാമ്പറ്റയില്‍ പീഡനശ്രമം ചെറുക്കുന്നതിനിടെ ഹോട്ടല്‍ ജീവനക്കാരി കെട്ടിടത്തില്‍ നിന്ന് ചാടി പരിക്കേറ്റ സംഭവത്തിലെ ഒന്നാം പ്രതിയും ഹോട്ടലുടമയുമായ ദേവദാസിനെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടുപ്രതികളും ഹോട്ടല്‍ ജീവനക്കാരുമായ റിയാസിനും സുരേഷിനുമായുള്ള അന്വേഷണം നടക്കുകയാണ്.കുന്ദംകുളത്ത് വെച്ചാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ മുക്കം സ്റ്റേഷനില്‍ എത്തിച്ചു. പീഡനശ്രമം ചെറുക്കുന്നതിനിടെയാണ് കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ യുവതി താന്‍ താമസിക്കുന്ന വീടിന്റെ ഒന്നാം നിലയില്‍നിന്ന് താഴേക്ക് ചാടിയത്. ഇടുപ്പെല്ലിന് പരിക്കേറ്റ അവര്‍ നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ശനിയാഴ്ച്ച രാത്രി 11 മണിയോടെയാണ് സംഭവം. ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. അതിക്രമിച്ചു കടക്കല്‍, സ്ത്രീകളെ ഉപദ്രവിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ദേവദാസ്, റിയാസ്, സുരേഷ് എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.
കഴിഞ്ഞ ദിവസം യുവതിയുടെ ബന്ധുക്കള്‍ ഡിജിറ്റല്‍ തെളിവ് പുറത്തുവിട്ടിരുന്നു. യുവതി കെട്ടിടത്തില്‍നിന്ന് ചാടുന്നതിന് തൊട്ടുമുമ്പ് ഹോട്ടല്‍ ഉടമയും ജീവനക്കാരും ഉപദ്രവിക്കുന്ന വീഡിയോയാണ് കുടുംബം പുറത്തുവിട്ടത്. യുവതി താമസിച്ചിരുന്ന സ്ഥലത്തേക്ക് ഹോട്ടല്‍ ഉടമയും ജീവനക്കാരും വരുമ്പോള്‍ യുവതി മൊബൈലില്‍ വീഡിയോ ഗെയിം കളിക്കുകയായിരുന്നു. ഈ സമയത്ത് സ്‌ക്രീന്‍ റെക്കോഡായ വീഡിയോയാണ് ഡിജിറ്റല്‍ തെളിവായി കുടുംബം പുറത്തുവിട്ടത്.
https://www.facebook.com/Malayalivartha