440 കോടിയുടെ വരുമാനം ഇക്കഴിഞ്ഞ തീർത്ഥാടന കാലത്ത് നേടിയതോടെ, ശബരിമല ധർമ്മശാസ്താവിന്റെ പേര് ഉപയോഗിച്ച് സർക്കാർ കീശ വീർപ്പിക്കാൻ ഒരുങ്ങുന്നു..തീർത്ഥാടകർക്ക് കുടിവെള്ളം പോലും നൽകാതെ മുണ്ടു മുറുക്കിയുടുത്ത് സർക്കാർ നേടിയതാണ് 440 കോടി..
ശബരിമലയുടെ കീര്‍ത്തി വര്‍ധിപ്പിക്കാനെന്ന പേരില്‍ ആഗോള സാമ്പത്തിക സമാഹരണത്തിനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഫണ്ട് സമാഹരണം ലക്ഷ്യമിട്ട് ലോക കേരള സഭ മാതൃകയില്‍ വിഷുവിന് സന്നിധാനത്ത് ആഗോള അയ്യപ്പസംഗമം നടത്താനാണ് ദേവസ്വംബോര്‍ഡ് ഒരുങ്ങുന്നത്. സ്‌പോണ്‍സര്‍ഷിപ്പുകളുടെ പേരില്‍ വന്‍തുകകള്‍ നല്‍കാന്‍ ശേഷിയുള്ളവരെ അയ്യപ്പസംഗമത്തിലേക്ക് എത്തിക്കാനാണ് ശ്രമം. ദേവസ്വം ഫണ്ട് ധൂര്‍ത്തടിച്ചാണ് സന്നിധാനത്തെ ആഗോള അതിഥി സത്കാരം ഒരുക്കുന്നത്. ഭക്തർ ക്ഷേത്രങ്ങളിൽ നൽകുന്ന കാണിക്കയിൽ നിന്നാണ് പുട്ടടി നടക്കാൻ പോകുന്നത്. പഴയ യുവതീപ്രവേശനം പോലെ ശബരിമലയുടെ പവിത്രത നശിപ്പിക്കാനാണ് നീക്കം.
അന്‍പതിലധികം രാജ്യങ്ങളിലെ പ്രതിനിധികളെയാണ് അയ്യപ്പസംഗമത്തിലേക്ക് ലക്ഷ്യം വയ്‌ക്കുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡമെന്തെന്ന് വ്യക്തമാക്കിയിട്ടില്ല.വന്‍ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന വിഷുവിന് തന്നെ ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിന് തടസമായേക്കാവുന്ന വിധത്തിലാണ് സന്നിധാനത്ത് ആഗോളസംഗമം സംഘടിപ്പിക്കുന്നത്. വിദേശ പ്രതിനിധികളുടെ യാത്രാച്ചെലവ്, താമസം, ഭക്ഷണം എന്നിവ ഒരുക്കുന്നത് സംബന്ധിച്ചോ സംഗമത്തിലെ പരിപാടികളെക്കുറിച്ചോ വെളിപ്പെടുത്താനും ദേവസ്വംബോര്‍ഡ് പ്രസിഡന്റ് തയ്യാറായില്ല. ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് മഹോത്സവകാലത്തുമാത്രം 293 കോടി മിച്ചം ലഭിച്ചിട്ടും ശബരിമലയില്‍ എത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വലിയ വീഴ്ച ദേവസ്വം ബോര്‍ഡിനുണ്ടായി. ഇതിനിടയിലാണ് പ്രത്യേകനിധി രൂപീകരിക്കുന്നതിനായി പണപ്പിരിവ് നടത്താനുള്ള നീക്കം.അതായത് ഇനി അഴിമതി അയ്യപ്പനെ മുൻ നിർത്തിയെന്ന് ചുരുക്കം. അയ്യപ്പഭക്തര്‍ക്ക് കാലങ്ങളായി സന്നിധാനത്തും പമ്പയിലും സൗകര്യമൊരുക്കിയിരുന്ന അയ്യപ്പസേവാസംഘത്തെ ഉള്‍പ്പെടെയുള്ള സംഘടനകളെ ഒഴിവാക്കിയിരുന്നു.സന്നദ്ധ സംഘടനകള്‍ ഭക്തര്‍ക്ക് സൗജന്യമായി നല്‍കിയിരുന്ന അന്നദാനവും കുടിവെള്ളവും വിലക്കി. നിലയ്‌ക്കല്‍ മുതല്‍ തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ തടഞ്ഞ് നിര്‍ബന്ധമായി കെഎസ്ആര്‍ടിസി ബസുകളില്‍ കുത്തിനിറച്ചു. ഇതേ സര്‍ക്കാരാണ് ലോകപ്രസിദ്ധമായ ശബരിമലയ്‌ക്ക് ‘കീര്‍ത്തി വര്‍ധിപ്പിക്കാനെ’ന്ന പേരില്‍ സംഗമം നടത്തുന്നത്. കഴിഞ്ഞ മണ്ഡല കാലത്ത് 354 കോടിയായിരുന്നു ആകെ വരുമാനം. കാണിക്ക കഴിഞ്ഞ വർഷത്തെക്കാൾ കോടികൾ വർദ്ധിച്ച് 126 കോടിയായി. അയ്യപ്പ ഭക്തർക്ക് സൗകര്യം ഒരുക്കാൻ വേണ്ടിയാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നതെന്നാണ് സർക്കാർ പറയുന്നത്. ആഗോള അയ്യപ്പ സംഗമം പഞ്ചനക്ഷത്ര ഇഫക്റ്റിൽ നടത്താനാണ് നീക്കം. ലോക കേരള സഭ നടത്തുന്ന ചാരുതയോടെയാണ് അയ്യപ്പ സംഗമവും നടത്തുന്നത്. സംഗമത്തിന് എത്തുന്ന സമ്പന്നരെ പ്രീണിപ്പിച്ച് വിട്ടാൽ കോടികൾ കിട്ടുമെന്ന് സർക്കാരിനറിയാം. ഇക്കഴിഞ്ഞ മണ്ഡലകാലത്ത് കിട്ടിയ കോടികൾ കൊണ്ടു തന്നെ ശബരിമല വേണമെങ്കിൽ പൂങ്കാവനമാക്കാം. എന്നാൽ അതുണ്ടായില്ല. അതിന് പകരം ഭക്തരെ അവഹേളിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. ഇതിന്റെ തുടക്കമാണ് സർക്കാർ ലക്ഷ്യമിടുന്ന റോപ് വേ നിർമ്മാണം.യുവതികളെ കയറ്റി ശബരിമലയുടെവിശുദ്ധി ഇല്ലാതാക്കിയ പിണറായി വിജയൻ ശബരിമലയുടെ പാവനത ഇല്ലാതാക്കാൻ പുതിയ പദ്ധതിയുമായി രംഗത്ത് എത്തിയിട്ട് അധിക നാളായിട്ടില്ല. ചരക്ക് നീക്കത്തിനെന്ന വ്യാജേന റോപ് വേ നിർമ്മിച്ച് ശബരിമലയുടെ പ്രശാന്തിക്ക് ഭംഗം വരുത്താനാണ് മുഖ്യമന്ത്രിയുടെയും സി.പി. എമ്മിന്റെയും ശ്രമം. ആദ്യം ചരക്ക് നീക്കവും അതിന് ശേഷം യാത്രക്കാരെ കയറ്റാനുമായിരിക്കും ലക്ഷ്യം. ഇത്തരത്തിൽ ശബരിമല പൂങ്കാവനത്തെ ടൂറിസം ഡെസ്റ്റിനേഷനാക്കാനായിരിക്കും സർക്കാർ നീക്കം. ഏറെക്കാലമായുള്ള തര്‍ക്കങ്ങള്‍ക്ക് ശേഷമാണ് ശബരിമല റോപ് വേ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്. പദ്ധതിക്കായി ഏറ്റെടുക്കുന്ന വന ഭൂമിക്ക് പകരം കൊല്ലം ജില്ലയിലെ റവന്യൂ ഭൂമി കൈമാറി സർക്കാർ ഉത്തരവിറക്കി. ഇതോടെ പദ്ധതിയുടെ പ്രധാന തടസം മാറി. വനംവകുപ്പിന്‍റെ എതിര്‍പ്പ് ഉള്‍പ്പെടെ പരിഹരിച്ചുകൊണ്ടും ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം ഭൂമി നൽകിയുമാണ് സര്‍ക്കാര്‍ ശബരിമലയില്‍ നടപ്പാക്കുന്ന റോപ് വേ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. 14 വർഷമായി ഭൂമി തര്‍ക്കം ഉള്‍പ്പെടെ നിലനില്‍ക്കുന്നതിനെ തുടര്‍ന്ന് നിലച്ചുപോയ പദ്ധതിക്കാണിപ്പോള്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ യഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുന്നത്. ശബരിമല മാസ്റ്റർ പ്ലാനിന്‍റെ ഭാഗമായാണ് സാധാനങ്ങൾ കൊണ്ടുപോകാൻ റോപ് വേക്ക് ശുപാർശ ചെയ്തത്. 2011 ൽ ആഗോള ടെണ്ടർ വിളിച്ച് ഒരു കമ്പനിയുമായി കരാർ ഉറപ്പിച്ചു. തുടര്‍ന്ന് വന ഭൂമി കണ്ടെത്താൻ ഹൈക്കോടതി അഭിഭാഷക കമ്മീഷനെ നിയമിച്ചു. പദ്ധതിക്ക് ഏറ്റെടുക്കുന്ന വന ഭൂമിക്ക് പകരം റവന്യൂ ഭൂമി നൽകാൻ ദേവസ്വം മന്ത്രി അപേഷ നൽകി. ഇടുക്കി ചിന്നക്കനാലിൽ ആദ്യം റവന്യൂ ഭൂമി കണ്ടെത്തിയെങ്കിലും തർക്കം കാരണം കൈമാറ്റം മുടങ്ങി. പിന്നീട് ദേവസ്വം മന്ത്രി വിഎൻ വാസവൻ മുൻകൈയെടുത്ത് തുടർച്ചയായി വനം-റവന്യൂ വകുപ്പുമായി യോഗം ചേര്‍ന്നു. റോപ് വേ പദ്ധതി നടപ്പാക്കുന്നതിലെ തര്‍ക്കം പരിഹരിക്കാൻ മന്ത്രി വിഎൻ വാസവന്‍റെ ഇതുവരെയായി 16 തവണയാണ് യോഗം വിളിച്ചിരുന്നത്. മന്ത്രി ഓ. ആർ കേളുവിന് ദേവസ്വം വകുപ്പ് നൽകാതെ തന്റെ വിശ്വസ്തനായ വാസവന് പിണറായി ദേവസ്വം നൽകിയതിന്റെ രഹസ്യവും ഇതായിരുന്നു.
പദ്ധതിക്കായി വേണ്ട 4.5336 ഹെക്ടർ വന ഭൂമിക്ക് പകരം കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിൽ രണ്ട് യൂണിറ്റുകളിലായി 4.5336 ഹെക്ടര്‍ റവന്യു ഭൂമി കൈമാറാമെന്ന ജില്ലാ കളക്ടറുടെ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചുകൊണ്ടാണ് ഉത്തരവിറക്കിയത്. റവന്യു ഭൂമിയുടെ ഉടമസ്ഥാവകാശം സംസ്ഥാന വനംവകുപ്പിന്‍റെ പേരിൽ പോക്കുവരവ് ചെയ്തു നൽകുന്നതിനായി കൈമാറികൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശ പ്രകാരം പരിഹാര വനവത്കരണത്തിനായിട്ടാണ് ഈ ഭൂമി വനംവകുപ്പിന് കൈമാറുന്നത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ഇറക്കിയാൽ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നടത്താനാകും. കേന്ദ്രത്തിൽ മാത്രമാണ് ഇനി പ്രതീക്ഷയുള്ളത്. രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലെ തീർത്ഥാടന കേന്ദ്രങ്ങൾ പോലെയല്ല ശബരിമല. കാനന ക്ഷേത്രമായ ശബരിമലയിൽ അയ്യനെ കാണാൻ എത്തേണ്ടത് കൊടും വ്രതം അനുഷ്ഠിച്ചാണ്.പണ്ടു കാലത്ത് 41 ദിവസത്തെ വ്രതം നിർബന്ധമായിരുന്നു. ഇന്നതിന് കുറവു വന്നിട്ടുണ്ടെങ്കിലും ശബരിമല അയ്യനെ വിശ്വസിക്കുന്നവർക്ക് അത് അപൂർവമായ ഒരനുഭവമായി തുടരുന്നു. അങ്ങനെയുള്ള ഒരു സ്ഥലത്താണ് സർക്കാർ റോപ് വേയും പഞ്ചനക്ഷത്ര യോഗവും വിളിക്കുന്നത്. കോടികൾ വെട്ടിക്കുകയാണ് ഉദ്ദേശമെങ്കിൽ അതിന് മറ്റെന്തെല്ലാം മാർഗ്ഗങ്ങളുണ്ട്. ശബരിമലയുടെ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ കോടിക്കണക്കിനു രൂപയുടെ സഹായമാണ് നല്‍കുന്നത്. ഇതിനൊപ്പം സംസ്ഥാനവും വഴിപാട് പോലെ പദ്ധതികള്‍ക്കുവേണ്ടി എല്ലാവര്‍ഷവും ബജറ്റില്‍ കോടികള്‍ അനുവദിക്കാറുണ്ടെങ്കിലും തുടര്‍നടപടികളോ പദ്ധതി നടത്തിപ്പോ മാത്രം പ്രഖ്യാപനത്തിനപ്പുറം പോകാറില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബജറ്റില്‍ 30 കോടി രൂപയും എരുമേലി മാസ്റ്റര്‍ പ്ലാനിന് 10 കോടി രൂപയും നിലയ്‌ക്കല്‍ വികസനത്തിന് രണ്ടര കോടിയും അനുവദിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഒന്നിന്റെയും രൂപരേഖ പോലും തയ്യാറായിട്ടില്ല. രൂപരേഖയില്‍ ഉള്‍പ്പെടാത്ത പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാന്‍ ഉന്നതാധികാര സമിതിക്ക് സാധിക്കാത്തതാണ് പദ്ധതി അനിശ്ചിതത്വത്തില്‍ തുടരാന്‍ കാരണം. ഇതിന് പരിശ്രമിക്കാതെയാണ് സംഗമം നടത്തി പിരിക്കാൻ ഒരുങ്ങുന്നത്.
ആദ്യം ഒരു സ്വകാര്യ ഏജന്‍സിയെയാണ് രൂപരേഖ തയ്യാറാക്കാന്‍ ദേവസ്വം ബോര്‍ഡ് ഏല്‍പ്പിച്ചത്. അത് വിവാദമായപ്പോള്‍ തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജിനെ ചുമതലപ്പെടുത്തി. അത് പൂര്‍ത്തിയാക്കാത്തതിനാല്‍ കേന്ദ്ര തീര്‍ത്ഥാടന ടൂറിസം പദ്ധതിയില്‍ അനുവദിച്ച 100 കോടി രൂപയില്‍ 80 കോടി രൂപ ദേവസ്വം ബോര്‍ഡിന് നഷ്ടപ്പെടുകയും ചെയ്തു. വനം വകുപ്പും ദേവസ്വം ബോര്‍ഡും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കമാണ് പദ്ധതി നീണ്ടുപോകാന്‍ കാരണമായി സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ ഹൈക്കോടതി ഇടപെട്ട് എ.എസ്.പി കുറുപ്പിന്റെ നേതൃത്വത്തില്‍ അഭിഭാഷക കമ്മീഷനെ നിയോഗിക്കുകയും ശബരിമല സന്നിധാനത്ത് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനുള്ള 100 ഹെക്ടര്‍ സ്ഥലം അളന്ന് തിരിച്ച് ജണ്ട സ്ഥാപിച്ച് നല്‍കിയിട്ടും പദ്ധതിയുമായി മുന്നോട്ടു പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല . പമ്പ മുതല്‍ മരക്കൂട്ടം വരെയുള്ള അയ്യപ്പന്‍ റോഡ്, പമ്പ മുതല്‍ അപ്പാച്ചിമേട് വഴി മരക്കൂട്ടം വരെയുള്ള സ്വാമി അയ്യപ്പന്‍ റോഡ,് ചന്ദ്രാനന്ദന്‍ റോഡ്, ശരംകുത്തി മുതല്‍ സന്നിധാനം വരെയുള്ള പാത എന്നിവിടങ്ങളിലാണ് ദേവസ്വം ബോര്‍ഡ് സര്‍വ്വേക്കല്ലും വനം വകുപ്പ് ജണ്ടയും സ്ഥാപിച്ചത്.കൂടാതെ മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയ അഞ്ച് പദ്ധതികള്‍ കഴിഞ്ഞ മണ്ഡലകാലത്തിനു മുമ്പ് തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം മുടങ്ങിക്കിടക്കുകയാണ്. മാളികപ്പുറം മേല്‍പ്പാലം, പുതിയ അരവണ പ്ലാന്റ്, കുന്നാര്‍ തടയണയില്‍ നിന്നുള്ള പൈപ്പ് ലൈന്‍, നിലയ്‌ക്കല്‍ സുരക്ഷ ഇടനാഴി, പമ്പ പാലം എന്നിവയാണ് മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കാന്‍ തീരുമാനിച്ചത്. നിര്‍ദിഷ്ട മാളികപ്പുറം-ചന്ദ്രാനന്ദന്‍ റോഡ് മേല്‍പ്പാലത്തിന്റെ രൂപരേഖയും എസ്റ്റിമേറ്റും തയ്യാറാക്കാന്‍ പൊതുമേഖല സ്ഥാപനമായ കെല്ലിനെ ചുമതലപ്പെടുത്തിയെങ്കിലും മുന്‍കൂര്‍ പണം ആവശ്യപ്പെട്ടതോടെ അവരെ ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ വാപ്‌കോസിനെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചെങ്കിലും തുടര്‍നടപടി ഉണ്ടായില്ല.
പമ്പ പാലത്തിന്റെ രൂപരേഖ തയ്യാറാക്കാന്‍ ഏല്‍പ്പിച്ചത് ബാംഗ്ലൂര്‍ ആസ്ഥാനമായ ഫേസ്ആര്‍ക്കിനെയാണ്. 15 കോടി രൂപ ആദ്യ ഘട്ടമായി അനുവദിച്ചെങ്കിലും ആവശ്യമായ മുഴുവന്‍ തുകയും ലഭിക്കാത്തതിനാല്‍ ടെന്‍ഡര്‍ പോലും പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. അപ്പം, അരവണ പ്ലാന്റിനായി 15 കോടി വിലയിരുത്തുകയും ആറുകോടി അനുവദിക്കുകയും ചെയ്തു. പക്ഷേ ഫലം കണ്ടില്ല. കൊന്നാര്‍ തടയണയില്‍ നിന്ന് വെള്ളം എത്തിക്കാന്‍ പുതിയ പൈപ്പ് സ്ഥാപിക്കുന്നതിന് കഴിഞ്ഞ വര്‍ഷം രണ്ടു കോടി രൂപ അനുവദിച്ചെങ്കിലും പണി തുടങ്ങിയിട്ടില്ല. നിലയ്‌ക്കല്‍ സുരക്ഷ ഇടനാഴികയ്‌ക്കും ഫണ്ട് അനുവദിച്ചെങ്കിലും പദ്ധതി കടലാസില്‍ ഒതുങ്ങുകയാണ്.ഇതോടൊപ്പം മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയ മേല്‍ശാന്തി മുറികള്‍, ദേവസ്വം ഓഫീസുകള്‍, തീര്‍ത്ഥാടകര്‍കള്‍ക്കുള്ള വിശ്രമ കേന്ദ്രങ്ങള്‍, ഭക്ഷണശാലകള്‍ തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തിയ ലേഔട്ട് പ്ലാന്‍ ജസ്റ്റിസ് എസ്. സിരിജഗന്‍ അധ്യക്ഷനായ ഉന്നതാധികാര സമിതി അംഗീകാരം നല്‍കിയെങ്കിലും തുടര്‍നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്സാഹം കാട്ടുന്നില്ല. പദ്ധതി നടത്തിപ്പിന് ശബരിമല വികസന അതോറിറ്റിക്കു രൂപം നല്‍കുമെന്ന് കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും അതും പാഴ്‌വാക്കായി.
2024 മാര്‍ച്ചില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ടെന്‍ഡര്‍ നടപടികള്‍ പോലും പൂര്‍ത്തിയായിട്ടില്ല എന്നാണ് ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് എന്‍ജിനീയര്‍ മധു കുമാര്‍ പറഞ്ഞത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ വിധി മണിക്കൂറുകള്‍ക്കുള്ളില്‍ നടപ്പാക്കാന്‍ യുദ്ധസന്നാഹത്തോടെ ഇറങ്ങി പുറപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ അതേ സുപ്രീംകോടതിയുടെ വിധി വന്ന് 15 വര്‍ഷം പിന്നിടുമ്പോഴും വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള നടപടി സ്വീകരിക്കാത്തതില്‍ ഭക്തജനങ്ങള്‍ക്ക് വലിയ അമര്‍ഷമുണ്ട്. സംസ്ഥാന ബജറ്റിൽ 30 കോടി രൂപ അനുവദിച്ചെങ്കിലും ലേഔട്ട് പ്ലാൻ (ശബരിമല മേഖലയിൽ നടപ്പാക്കുന്ന നിർമാണങ്ങളുടെ കൃത്യമായ രൂപരേഖയും വിശദ വിവരങ്ങളും) തയാറാക്കൽ വൈകുന്നതു ശബരിമല മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിനു തടസ്സമാകും. സുപ്രീംകോടതി നിർദേശ പ്രകാരം സർക്കാർ സഹായത്തോടെ ദേവസ്വം ബോർഡ് മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ട് 14 വർഷമായി. എന്നാൽ ഇതുവരെ ലേ ഔട്ട് പ്ലാൻ തയാറാക്കാൻ കഴിഞ്ഞിട്ടില്ല. ശബരിമലയിൽ വികസനമല്ല സർക്കാരിന്റെ ലക്ഷ്യം. പകരം രാഷ്ട്രീയക്കാരെ കയറ്റിയിറക്കി സകലവും തകിടം മറിക്കുക എന്നതാണ്. ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ എന്തിനാണെന്ന ചോദ്യം കുറെ കാലമായി ഉയരുന്നുണ്ട്. ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് നല്‍കിക്കൂടെ എന്ന് സുപ്രീംകോടതി വരെ ചോദിച്ചു. ക്ഷേത്ര ഭരണം ഭക്തജനങ്ങളെ ഏല്‍പ്പിക്കണമെന്ന ആറു പതിറ്റാണ്ട് നീണ്ട ഹൈന്ദവ സമൂഹത്തിന്റെ ആവശ്യം സംസ്ഥാനത്ത് വീണ്ടും സജീവ ചര്‍ച്ചയായി നിലനില്‍ക്കുമ്പോഴാണ് കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ക്ഷേത്രഭരണസമിതികളില്‍ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളെ വിലക്കി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. 2023ലായിരുന്നു ഇത്. ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ഉത്തരവ് ദീര്‍ഘകാലമായി ഹിന്ദുസമൂഹം ഉന്നയിക്കുന്ന ക്ഷേത്ര ഭരണം രാഷ്‌ട്രീയ വിമുക്തമാക്കണം എന്ന ആവശ്യത്തെ ശരിവെക്കുന്നതായിരുന്നു. . മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പൂക്കോട്ടു കാളികാവ് ദേവിക്ഷേത്ര ഭരണസമിതിയില്‍ സിപിഎം പ്രാദേശിക നേതാക്കളും സിപിഎമ്മിന്റെ യുവജനപ്രസ്ഥാനമായ ഡിവൈഎഫ്‌ഐയുടെ നേതാക്കളുമായവരെ ഉള്‍പ്പെടുത്തിയതിനെതിരെ ഹിന്ദു ഐക്യ വേദി നല്‍കിയ കേസിലാണ് ഏറെ പ്രാധാന്യമുള്ളതും ഭക്തജനങ്ങള്‍ ഏറെക്കാലമായി ആഗ്രഹിക്കുന്നതുമായ വിധി ഹൈക്കോടതിയില്‍നിന്നുണ്ടായത്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും രാഷ്‌ട്രീയപാര്‍ട്ടികളില്‍പ്പെടുന്ന സജീവ പ്രവര്‍ത്തകരെ ഇനിമേല്‍ നിയമിക്കരുതെന്നും ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ഉത്തരവില്‍ ഉണ്ട്. സ്വാതന്ത്ര്യത്തിനു മുമ്പ് കേരളത്തിലെ ക്ഷേത്രങ്ങളുടെ ഭരണം നടത്തിയിരുന്നത് ഹിന്ദു രാജാക്കന്മാരായിരുന്നു. ഹിന്ദുവിന്റെ ക്ഷേത്രം ഹിന്ദു ഭരിച്ചിരുന്നതിനാല്‍ താത്വികമായ ഒരു പ്രശ്‌നവും ഇവിടെ ഉത്ഭവിച്ചിരുന്നില്ല. തിരുവിതാംകൂറിലെയും കൊച്ചിയിലെയും ദേവസം ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുത്തിരുന്ന നിയമസഭയുടെയും, മന്ത്രിസഭയുടെയും തുടര്‍ച്ചയായിരുന്നില്ല, 1950നു ശേഷമുള്ള നമ്മുടെ നിയമസഭകളും മന്ത്രിസഭകളും. ഹിന്ദു രാജാവിന്റെ കീഴില്‍ നിലനിന്നിരുന്ന ദേവസ്വം നിയമം അതേപടി മതേതര രാജ്യത്ത് തുടര്‍ന്നും നിലനിര്‍ത്തി എന്ന വിരോധാഭാസമാണ് ഇവിടെ നടന്നത്. ഇതിലൂടെ ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണം നിയന്ത്രിക്കാന്‍ നിരീശ്വരവാദികള്‍ക്കും ഇതര മതസമൂഹ നിയന്ത്രണത്തിലുള്ള സര്‍ക്കാരുകള്‍ക്കുപോലും കഴിയുന്നു.1954ലെ വഖഫ് ആക്ട് പ്രകാരം വഖഫ് ഭരണത്തില്‍ സര്‍ക്കാരിനുണ്ടായിരുന്ന നിയന്ത്രണാധികാരങ്ങള്‍ വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് 1955ലെ വഖഫ് ആക്ട് ഭേദഗതിയിലൂടെ നീക്കംചെയ്ത സര്‍ക്കാരാണ് ഇന്ന് കേരളത്തിലുള്ളത്. ഭാരതത്തിലെ കത്തോലിക്ക സഭയുടെ സ്വത്ത് ദേശീയ സഭയുടെ കീഴിലാക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ആയിരുന്ന ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ നിര്‍ദ്ദേശത്തെ കാറ്റില്‍ പറത്തിയത് വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന ഇടതുപക്ഷ സര്‍ക്കാരാണ് എന്നതും പ്രത്യേകമായി കാണേണ്ടതാണ്.
പല കാലഘട്ടങ്ങളിലും പല കാരണങ്ങള്‍ പറഞ്ഞ് ദേവസ്വം അക്കൗണ്ട് സഹകരണ സംഘങ്ങളിലും സര്‍ക്കാര്‍ ട്രഷറിലും അടയ്‌ക്കാന്‍ സര്‍ക്കാരുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ഭക്തജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അതെല്ലാം തടസ്സപ്പെട്ടിരുന്നു. ജി. സുധാകരന്‍ ദേവസ്വം മന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് ദേവസ്വം ഫണ്ട് പൊതു ഉപയോഗത്തിനും സര്‍ക്കാരിനും വായ്പയായി നല്‍കണമെന്ന് പ്രസ്താവന ഇറക്കുകയും പിന്നാലെ പമ്പയില്‍ സഹകരണ ബാങ്ക് സ്ഥാപിച്ചതും. പിണറായി വിജയന്‍ സര്‍ക്കാരിലെ ദേവസ്വം മന്ത്രിയായിരുന്ന കെ.രാധാകൃഷ്ണനും ദേവസ്വം ഫണ്ട് ട്രഷറിയില്‍ അടപ്പിക്കാന്‍ നിഗൂഢ ശ്രമങ്ങള്‍ ആരംഭിച്ചു .
ദേവസ്വം ഫണ്ട് ട്രഷറിയില്‍ അടയ്‌ക്കുന്നതിലൂടെ ദേവസ്വം വരുമാനം സര്‍ക്കാരിന് ചെലവഴിക്കാന്‍ സര്‍വ്വസ്വാതന്ത്ര്യം ലഭ്യമാകുന്ന സ്ഥിതിവിശേഷം കൈവരും. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ദേവസ്വം ഫണ്ട് മുന്‍പ് അഴുക്കുചാല്‍ നിര്‍മ്മാണത്തിന് വിനിയോഗിച്ചതും, ദുരിതാശ്വാസ ഫണ്ടിനത്തില്‍ കോടികള്‍ വകമാറ്റി സര്‍ക്കാരിന് നല്‍കിയതും കോടതി ഇടപെടലിനെ തുടര്‍ന്ന് തടസ്സപ്പെട്ടിരുന്നു. ദേവസ്വം ബോര്‍ഡുകള്‍ സര്‍ക്കാര്‍ ഭരണ നിയന്ത്രണത്തില്‍ കൊണ്ടുവന്നതിലൂടെ ഭരണ നിര്‍വഹണത്തിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥ ഭരണ സംവിധാനങ്ങള്‍ക്ക് സഹസ്രകോടികളാണ് ചെലവഴിക്കപ്പെടുന്നത്. ശമ്പളം, ആനുകൂല്യം, യാത്ര, ഓഫീസ്, വീട്, കാറ്, മറ്റ് ഉപയോഗങ്ങള്‍ എല്ലാം കഴിഞ്ഞാല്‍ മേജര്‍ ക്ഷേത്രങ്ങളില്‍ പോലും വരവില്‍ ചെലവ് കഴിച്ചാല്‍ മിച്ചം ഇല്ല എന്ന സ്ഥിതിയാണ് നിലവിലുള്ളത്.
ശബരിമല വരുമാനം കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡില്‍ എത്തിയിട്ടും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും പണമില്ലെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്‍ഡ് നല്‍കുന്നു എന്നതാണ് സര്‍ക്കാരിന്റെ അവകാശവാദം. ദേവസ്വം ബോര്‍ഡിന് നിലവില്‍ നല്‍കിവരുന്ന തുക ഒരു കോടി രൂപയാണ്. 80 ലക്ഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്. 20 ലക്ഷം പത്മനാഭസ്വാമി ക്ഷേത്രത്തിനുമാണ് നല്‍കുന്നത്. 1816ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭീമമായ ദേവസ്വം സ്വത്ത് വകകള്‍ക്ക് നല്‍കിവരുന്ന അത്യന്തം തുച്ഛമായ പ്രതിഫലം എന്നനിലയിലാണിതെന്നത് വിസ്മരിക്കുന്നു.
ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രഭൂമികള്‍ കയ്യേറുന്ന ശൈലിയാണിതുവരെ പിന്തുടര്‍ന്നിരുന്നതെങ്കില്‍, ഇപ്പോള്‍ ദേവസ്വം ബോര്‍ഡ് തന്നെ നേരിട്ട് അന്യാധീനപ്പെടുത്തുകയാണ്. സെന്റിന് കോടികള്‍ വിലമതിക്കുന്ന ക്ഷേത്ര ഭൂമിയില്‍ പെട്രോള്‍ ബങ്ക് സ്ഥാപിക്കാന്‍ ധാരണാ പത്രം ഒപ്പിട്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ്. വടക്കന്‍ കേരളത്തില്‍ ക്ഷേത്രഭൂമികള്‍ക്ക് അദാലത്തിലൂടെ പട്ടയം നല്‍കി കയ്യേറ്റക്കാര്‍ക്ക് തീറെഴുതിയത് അടുത്തകാലത്താണ്. ക്ഷേത്രവും, ക്ഷേത്രഭൂമികളും, ക്ഷേത്രസ്വത്തുക്കളും യാതൊരു മാനദണ്ഡവും പാലിക്കാതെ അന്യാധീനപ്പെടുത്തുന്നതിന് ദേവസ്വം ബോര്‍ഡുകള്‍ മത്സരിക്കുന്നു. ക്ഷേത്ര സ്വത്ത് വിവിധ മാര്‍ഗങ്ങളിലൂടെ കൊള്ളയടിക്കുകയും, ക്ഷേത്രഭൂമി അന്യാധീനപ്പെടുത്തുകയും,
ക്ഷേത്ര ഭരണം കുത്സിത മാര്‍ഗത്തിലൂടെ കൈപ്പിടിയില്‍ ഒതുക്കുകയും ചെയ്യുന്ന ഭരണാധികാരികള്‍ തങ്ങളാണ് ക്ഷേത്രങ്ങളുടെ സംരക്ഷകര്‍ എന്ന് അവകാശപ്പെടുമ്പോള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിന്ന് ക്ഷേത്രങ്ങളെ മോചിപ്പിക്കാന്‍ ഭക്തജനസമൂഹത്തിന് കഴിയണമെന്ന് ഹൈന്ദവ സംഘടനകൾ പറയുന്നു.ഏതായാലും വ്യക്തമായ ലക്ഷ്യത്തോടെയാണ് സർക്കാർ ശബരിമലയിൽ സംഗമം നടത്താൻ ഒരുങ്ങുന്നത്.
https://www.facebook.com/Malayalivartha