പോലീസും അമ്പരന്നു... തിരുവനന്തപുരത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മകന്‍ അച്ഛനെ വെട്ടിക്കൊന്നു; മകന്‍ പൊലീസില്‍ കീഴടങ്ങി; മൊഴി കേട്ട് എല്ലാവരും ഞെട്ടി
![](https://www.malayalivartha.com/assets/coverphotos/w657/326736_1738813392.jpg)
തിരുവനനന്തപുരം വെള്ളറടയില്‍ നിന്നും അതീവ ഞെട്ടലുളവാക്കുന്ന വാര്‍ത്തയാണ് വരുന്നത്. വെള്ളറടയില്‍ പിതാവിനെ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയായ മകന്‍ വെട്ടിക്കൊലപ്പെടുത്തി. വെള്ളറട കിളിയൂര്‍ ചരുവിളാകം ബംഗ്ലാവില്‍ ജോസാണ് (70) മരിച്ചത്. മകന്‍ പ്രജില്‍ (29) പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. തന്നെ സ്വതന്ത്രനായി ജീവിക്കാന്‍ അനുവദിക്കാത്തതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രജില്‍ പൊലീസിന് മൊഴി നല്‍കി.
ഇന്നലെ രാത്രി 9.45ഓടെയായിരുന്നു സംഭവം. ജോസിന്റെ ഭാര്യ സുഷമയുടെ നിലവിളികേട്ടെത്തിയ നാട്ടുകാരാണ് ജോസിനെ വീടിന്റെ അടുക്കളയില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോസിന്റെ നെഞ്ചിലും കഴുത്തിലുമാണ് വെട്ടേറ്റത്. സംഭവത്തെ തുടര്‍ന്ന് ബോധരഹിതയായ സുഷമയെ നാട്ടുകാര്‍ വെള്ളറട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പാറശാല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്രി.
ചൈനയില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയായിരുന്ന പ്രജില്‍ പരീക്ഷയെഴുതിയെങ്കിലും വിജയിച്ചിരുന്നില്ല. കൊവിഡിനെ തുടര്‍ന്ന് നാട്ടിലെത്തിയ ഇയാള്‍ മാതാപിതാക്കള്‍ക്കൊപ്പം വീട്ടില്‍ തന്നെയായിരുന്നു കൂടുതല്‍ സമയവും. ഇയാള്‍ വീടിന് പുറത്തിറങ്ങാറില്ലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ജോസ് വര്‍ഷങ്ങളായി കിളിയൂരില്‍ ബ്രദേഴ്‌സ് ട്രേഡേഴ്‌സ് എന്ന സ്ഥാപനം നടത്തുകയാണ്. മകള്‍ പ്രജില വിവാഹിതയായി ചെന്നൈയിലാണ് താമസം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.
അതേസമയം കൊച്ചിയിലെ 'പാതിവിലയ്ക്ക് ഇരുചക്രവാഹനം, തയ്യല്‍ മെഷീന്‍, ലാപ്‌ടോപ്' ഇടത്തരക്കാരന്റെ മനസ്സില്‍ തട്ടുന്ന വാഗ്ദാന തട്ടിപ്പില്‍ ഞെട്ടിയിരിക്കുകയാണ്. ആ വാഗ്ദാനത്തിന്റെ ചൂണ്ടയിലാണ് അനന്തു കൃഷ്ണന്‍ ഇരകളെ കുരുക്കിയത്. പദ്ധതി ജനങ്ങളെ ആകര്‍ഷിച്ചു. വിശ്വാസ്യതയുണ്ടെന്നു വരുത്താന്‍ മന്ത്രിമാരും എംഎല്‍എമാരും അടക്കമുള്ള ജനപ്രതിനിധികളെ സമര്‍ഥമായി ഉപയോഗിച്ചു.
വിതരണോദ്ഘാടനത്തിനു ജനപ്രതിനിധികള്‍ എത്തിയതോടെ തട്ടിപ്പിന് ആധികാരികതയുടെ പരിവേഷമുണ്ടായി. പദ്ധതിക്കു തുടക്കത്തില്‍ ലഭിച്ച ജനപ്രീതി ഇതു 'സ്വന്തം' പരിപാടിപോലെ ഏറ്റെടുക്കാന്‍ നേതാക്കളെ പ്രേരിപ്പിച്ചു. രണ്ടാംഘട്ട തട്ടിപ്പിന് അനന്തുവിനു വേണ്ടതും ഇതുതന്നെയായിരുന്നു.
ഓരോ ബ്ലോക്ക് പഞ്ചായത്തിലും സോഷ്യോ ഇക്കണോമിക് ആന്‍ഡ് ഡവലപ്‌മെന്റല്‍ സൊസൈറ്റി (സീഡ്) രൂപീകരിച്ചു. ഭാരവാഹികളായി രാഷ്ട്രീയ നേതാക്കളെയും പഞ്ചായത്ത് ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി എക്‌സിക്യൂട്ടീവ് കമ്മിറ്റികള്‍ രൂപീകരിച്ചു. ആദ്യം സ്ത്രീകള്‍ക്ക് ഇരുചക്ര വാഹനം നല്‍കുക മാത്രമാണ് ചെയ്തത്. പിന്നീട് ലാപ്‌ടോപ്, തയ്യല്‍ മെഷീന്‍ എന്നിവ വിതരണം ചെയ്തു.
ഇതിനിടയില്‍ നാഷനല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് എന്‍ജിഒയുടെ ദേശീയ അധ്യക്ഷനായി അനന്തു സ്വയം അവതരിച്ചു. പ്രധാനമന്ത്രിയടക്കമുള്ള ദേശീയ നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും പോസ്റ്ററുകളും ബോര്‍ഡുകളും നാടുമുഴുവന്‍ പ്രചരിച്ചു.
തുടര്‍ന്നു സംസ്ഥാനത്തിന്റെ പല പ്രദേശങ്ങളില്‍ പല പേരുകളില്‍ എന്‍ജിഒകള്‍ തുടങ്ങി. പ്രസ്ഥാനങ്ങളുടെ പേരുകളിലും ദേശീയ സ്വഭാവം കൊണ്ടുവന്നു. സര്‍ദാര്‍ പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റല്‍ സ്റ്റഡീസ് എന്ന പേരിലുള്ള എന്‍ജിഒക്കു കീഴില്‍ മാത്രം 62 സൊസൈറ്റികള്‍ ആരംഭിച്ചു. ഒരുഘട്ടത്തില്‍ കേരളത്തിലെ ജനങ്ങളെ ബിജെപിയിലേക്ക് ആകര്‍ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന 'പാതിവില' പദ്ധതിയാണ് ഇതെന്നുവരെ രഹസ്യമായി പറഞ്ഞു പരത്തി.
ആദ്യമൊക്കെ പണം വാങ്ങി ഒരു മാസത്തിനകം ഇരുചക്ര വാഹനങ്ങളും മറ്റും വിതരണം ചെയ്തു. വിതരണോദ്ഘാടനം വലിയ പ്രചാരണം നല്‍കിയാണ് സംഘടിപ്പിച്ചത്. എംഎല്‍എ, എംപി, പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരെല്ലാം ചടങ്ങുകളില്‍ പങ്കെടുത്തു. ആദ്യഘട്ടത്തില്‍ ഉല്‍പന്നങ്ങള്‍ ലഭിച്ചവരെ രണ്ടും മൂന്നും ഘട്ടത്തില്‍ വലിയ പ്രചാരകരാക്കി മാറ്റി. പ്രാദേശിക സ്വാധീനവും ബന്ധുബലവുമുള്ളവര്‍ക്കു കമ്മിഷന്‍ വരെ വാഗ്ദാനം ചെയ്തു ഒന്നാംഘട്ടത്തിന്റെ പത്തിരട്ടി വരെ പണം അനന്തു കൃഷ്ണന്‍ സ്വരൂപിച്ചു.
ഇരുചക്ര വാഹനങ്ങളുടെ വിതരണം വലിയ ആഘോഷമായാണ് അനന്തു സംഘടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നില്‍ക്കുന്ന ചിത്രം വലിയ തോതില്‍ പ്രചരിപ്പിച്ചു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഇതോടെ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ സാധാരണ സംഭവമായി.
വന്‍ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗപ്പെടുത്തിയെന്ന് അവകാശപ്പെട്ട് അനന്തു കൃഷ്ണന്‍ നടത്തിയ 'പൊതുജന സേവനത്തിന്റെ' ഒരു ഘട്ടത്തില്‍ പോലും രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കു സംശയം തോന്നിയില്ല. ഇക്കാര്യം ശ്രദ്ധയില്‍പെടുത്തിയിട്ടു പോലും കൃത്യമായ പരിശോധനയും അന്വേഷണവും നടത്തിയില്ല.
'പാതി വിലയ്ക്കു' പുറമേ ഉപഭോക്താക്കളില്‍നിന്നു പല പേരുകളിലും അനന്തു കൃഷ്ണന്‍ പണം ഈടാക്കിയിരുന്നു. പദ്ധതിയിലൂടെ കിട്ടുന്ന പണം 5 വര്‍ഷത്തേക്ക് കൈമാറില്ലെന്ന നിബന്ധന ഇവര്‍ വെറുതെയുണ്ടാക്കി. അതിനൊരു സാക്ഷ്യപത്രം തയാറാക്കി. ഈ ഉറപ്പു നല്‍കുന്ന രേഖയില്‍ നോട്ടറി ഒപ്പുവയ്ക്കുന്നതിന് 500 രൂപ വീതം ഈടാക്കി.
എറണാകുളത്തെ അഭിഭാഷകനെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. ദിവസവും നൂറോളം രേഖകളിലാണ് അഭിഭാഷകന്‍ ഇത്തരത്തില്‍ ഒപ്പു വച്ചിരുന്നത്. വാഹനം വാങ്ങുന്നയാള്‍ തന്നെ പണം നല്‍കണമായിരുന്നു. ഇതിലൂടെ മാത്രം ലക്ഷങ്ങളാണ് അഭിഭാഷകനും അനന്തു കൃഷ്ണനും തട്ടിയത്.
https://www.facebook.com/Malayalivartha