ഷാരോണ്‍ കൊലക്കേസ് കുറ്റവാളി ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചു.... വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കേസിലുള്ള അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും...
![](https://www.malayalivartha.com/assets/coverphotos/w657/326747_1738815064.jpg)
ഷാരോണ്‍ കൊലക്കേസ് കുറ്റവാളി ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കേസിലുള്ള അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കേസിലെ വിചാരണയ്ക്ക് ശേഷം നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി പുറപ്പെടുവിച്ച ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. നിലവില്‍ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ കഴിയുകയാണ് ഗ്രീഷ്മ. കൊടും കുറ്റകൃത്യം ചെയ്ത പ്രതി തനിക്കെതിരായ തെളിവുകള്‍ സ്വയം ചുമക്കുകയാണെന്ന് പിടിക്കപ്പെടും വരെ അറിഞ്ഞിരുന്നില്ലെന്നാണ് വിധി പ്രസ്താവിക്കുമ്പോള്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വ്യക്തമാക്കിയത്.
അതി സമര്‍ത്ഥമായി നടപ്പാക്കിയ കൊലപാതകമാണിതെന്നും യാതൊരു പ്രകോപനവും കൊലപാതകത്തിന് പിറകില്‍ ഉണ്ടായിരുന്നില്ലെന്നും കോടതി പറഞ്ഞിട്ടുണ്ടായിരുന്നു. മരണക്കിടക്കയിലും ഷാരോണ്‍ ഗ്രീഷമയെ വിശ്വസിച്ചിരുന്നു. എന്നാല്‍ ഗ്രീഷ്മ വിശ്വാസ വഞ്ചനയാണ് കാണിച്ചത്. 11 ദിവസം ഒരു തുള്ളിവെള്ളം ഇറക്കാന്‍ പോലും കഴിയാതെ ആന്തരീകാവയവങ്ങള്‍ അഴുകിയാണ് ഷാരോണ്‍ മരിച്ചത്. ആ വേദനയക്ക് അപ്പുറമല്ല പ്രതിയുടെ പ്രായമെന്നും കോടതിയ്ക്ക് മുന്നില്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും വ്യക്തമാക്കിയാണ് തൂക്ക് കയര്‍ വിധിച്ചത്.
സാഹചര്യങ്ങളുടെ സമ്മര്‍ദ്ദമാണ് കൊലപാതകത്തിന് കാരണമെന്നും ഷാരോണ്‍ അടിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള വാദം ഗ്രീഷ്മയ്ക്ക് തെളിയിക്കാന്‍ കഴിഞ്ഞില്ല. സ്‌നേഹം പൊതിഞ്ഞ വാക്കുകളില്‍ വിഷം ഒളിപ്പിച്ച് വെച്ചാണ് ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയതെന്നും കൊലപ്പെടുത്തിയതെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.
തെറ്റായ വിവരങ്ങള്‍ നല്‍കിയും പലതും മറച്ചുവെച്ചും ഗ്രീഷ്മ അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ശ്രമിച്ചു. ആത്മഹത്യ ശ്രമം പോലും ഇതിന്റെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. വാട്‌സ് ആപ് ചാറ്റുകള്‍ അടക്കം 48 സാഹചര്യ തെളിവുകള്‍ കേസിലുണ്ടായെന്ന് കോടതി വ്യക്തമാക്കി. കുറ്റകൃത്യത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി ശ്രമിച്ച ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാരന്‍ നായര്‍ക്ക് 3 വര്‍ഷം തടവാണ് കോടതി വിധിച്ചത്. ശിക്ഷ മൂന്ന് വര്‍ഷമായതിനാല്‍ പ്രതിയ്ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.
"
https://www.facebook.com/Malayalivartha