കോട്ടയം പാലായില്‍ കുടിവെള്ളപദ്ധതിയുടെ കിണറിന് ആഴം കുട്ടുന്നതിനിടെ മണ്ണിടിഞ്ഞ് കിണറിനുള്ളില്‍ കുടുങ്ങിയ തൊഴിലാളിയുടെ ജീവന്‍ രക്ഷിക്കാനായില്ല; 6 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ പുറത്തെടുക്കുമ്പോഴേയ്ക്കും മരിച്ചു
![](https://www.malayalivartha.com/assets/coverphotos/w657/326774_1738840282.jpg)
കോട്ടയം പാലായില്‍ കുടിവെള്ളപദ്ധതിയുടെ കിണറിന് ആഴം കുട്ടുന്നതിനിടെ മണ്ണിടിഞ്ഞ് കിണറിനുള്ളില്‍ കുടുങ്ങിയ തൊഴിലാളിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കമ്പം സ്വദേശി രാമനാണ് മരിച്ചത്. 6 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ ഇദ്ദേഹത്തെ പുറത്തെടുക്കുമ്പോഴേയ്ക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
പാലായ്ക്ക് സമീപം മീനച്ചില്‍ പഞ്ചായത്തിലെ പാലാക്കാട്ട് കുടിവെള്ള പദ്ധതിയുടെ കിണറിന്റെ ആഴം കൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് മണ്ണിടിഞ്ഞ് തമിഴ്‌നാട് സ്വദേശിയായ തൊഴിലാളി കിണറിനുള്ളില്‍ കുടുങ്ങിയത്. കിണറിന് അടിയിലെ പാറ പൊട്ടിക്കുന്നതിനായി സ്‌ഫോടനം നടത്തിയപ്പോള്‍ കിണറിനുള്ളിലെ കോണ്‍ക്രീറ്റ് റിംഗുകള്‍ക്ക് ഇളക്കം തട്ടിയിരുന്നു. പിന്നാലെ തൊഴിലാളികള്‍ കിണറിനുള്ളില്‍ ഇറങ്ങിയപ്പോള്‍ മണ്ണിടിയുകയായിരുന്നു. 4 പേരാണ് കിണറിനുള്ളില്‍ ഇറങ്ങിയത്. ഇവരില്‍ 3 പേര്‍ രക്ഷപെട്ടു.
എന്നാല്‍ കമ്പം സ്വദേശി രാമന്‍ മണ്ണിനടിയില്‍ കുടുങ്ങി. മണ്ണിനൊപ്പം കല്ലുകളും രാമന്റെ ദേഹത്ത് പതിച്ചിരുന്നു. കിണറിനകത്തേയ്ക്ക് ശക്തമായ ഉറവ എത്തിയതിനെ തുടര്‍ന്ന് മണ്ണ് കുതിര്‍ന്ന് ചെളിയായി മാറി. ഇതും രക്ഷാ പ്രവര്‍ത്തനത്തിന് വെല്ലുവിളിയായി. പാലായില്‍ നിന്നും കാഞ്ഞിരപ്പള്ളിയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളും ഈരാറ്റുപേട്ടയില്‍ നിന്നും ടീംഎമര്‍ജന്‍സി കേരളാ അംഗങ്ങളും രക്ഷാ പ്രവര്‍ത്തനത്തിനായി എത്തിയിരുന്നു. 3 മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് 6 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ രാമനെ പുറത്തെടുക്കുമ്പോള്‍ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. മൃതദേഹം പാലാ ജനറലാശുപ ത്രിയിലേയ്ക്ക്മാറ്റി.
പാലാ ആര്‍ഡിഒ കെ പി ദീപ, ഡിവൈഎസ്പി കെ സദന്‍ എന്നിവരും സ്ഥലത്ത് എത്തിയിരുന്നു. പാലാക്കാട് വട്ടോത്ത്ഭാഗം കുടിവെള്ള പദ്ധതിയുടെ കിണറാണ് ഇടിഞ്ഞത്. 20 അടിയോളം താഴ്ച്ചയുള്ള കിണര്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് ചിലവഴിച്ച് ആഴം കൂട്ടുന്നതിനിടെയായിരുന്നു അപകടം. രാമപുരം സ്വദേശി കരാര്‍ എടുത്ത ജോലിയുടെ ഉപകരാര്‍ എടുത്ത് എത്തിയ സംഘത്തിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.
https://www.facebook.com/Malayalivartha