കഥകള്‍ക്ക് തീ പിടിക്കുന്നു... ഷെറിനെപ്പറ്റി സഹതടവുകാരിയുടെ വെളിപ്പടുത്തല്‍ കത്തുന്നു. രാത്രി രണ്ടുമണിക്കൂര്‍ സെല്ലിന് പുറത്തെന്ന് സഹതടവുകാരി; ഡാഡിയുടെ കൊലപാതകം വീണ്ടും ചര്‍ച്ചയില്‍
![](https://www.malayalivartha.com/assets/coverphotos/w657/326872_1738988527.jpg)
മന്ത്രിസഭായോഗം ഷെറിന് ശിക്ഷായിളവ് ശുപാര്‍ശ ചെയ്തതിന് പിന്നാലെ ഞെട്ടിക്കുന്ന പലതരം ആരോപണങ്ങളാണ് പുറത്ത് വരുന്നത്. ഇപ്പോഴത്തെ കാലത്തും ജയിലില്‍ ഇതൊക്കെ നടക്കുമോ എന്നാണ് പലരും ചോദിക്കുന്നത്.
ഭാസ്‌കരകാരണവര്‍ വധക്കേസിലെ ഒന്നാംപ്രതി ഷെറിനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സഹതടവുകാരി സുനിത രംഗത്തെത്തിയത്. അട്ടക്കുളങ്ങര ജയിലില്‍ ഷെറിന് ലഭിച്ചത് വിഐപി പരിഗണനയായിരുന്നുവെന്ന് സുനിത പറഞ്ഞു. ഷെറിന് ജയിലില്‍ മൊബൈല്‍ഫോണും കണ്ണാടിയും മേക്കപ്പ് സെറ്റും വരെ ലഭിച്ചിരുന്നു. ഷെറിന് വി.ഐ.പി. പരിഗണന നല്‍കിയത് അന്നത്തെ ജയില്‍ ഡി.ഐ.ജി. പ്രദീപ് ആണെന്നും സുനിത ആരോപിച്ചു.
2013-ന് ശേഷമുള്ള സമയത്താണ് സുനിതയും ഷെറിനും അട്ടക്കുളങ്ങര വനിത ജയിലില്‍ ഒരുമിച്ചുണ്ടായിരുന്നത്. സുനിതയുടെ തൊട്ടടുത്ത സെല്ലിലായിരുന്നു ഷെറിന്‍. എന്നാല്‍, ഷെറിന് സ്വന്തം വസ്ത്രങ്ങളും മൊബൈല്‍ഫോണും ഉള്‍പ്പെടെ പല സൗകര്യങ്ങളും ലഭിച്ചിരുന്നതായാണ് സുനിതയുടെ വെളിപ്പെടുത്തല്‍. മാത്രമല്ല, പലദിവസങ്ങളിലും രാത്രി ഏഴുമണിക്ക് ശേഷം ഷെറിനെ സെല്ലില്‍നിന്ന് പുറത്തു കൊണ്ടുപോകാറുണ്ടെന്നും രണ്ടുമണിക്കൂറോളം കഴിഞ്ഞതിന് ശേഷമാണ് ഇവര്‍ തിരികെവരാറുള്ളതെന്നും സുനിത ആരോപിച്ചു.
''ഷെറിന് ഭക്ഷണം വാങ്ങാന്‍ ക്യൂ നില്‍ക്കേണ്ട. മൂന്നുനേരവും അവര്‍ പറയുന്ന ഭക്ഷണം ജയില്‍ ജീവനക്കാര്‍ പുറത്തുനിന്ന് വാങ്ങിനല്‍കും. സ്വന്തം മൊബൈല്‍ഫോണും ഉണ്ടായിരുന്നു. തടവുകാര്‍ക്കുള്ള വസ്ത്രമല്ല ഷെറിന്‍ ധരിച്ചിരുന്നത്. മേക്കപ്പ് സാധനങ്ങളും ലഭിച്ചിരുന്നു.
പായ, തലയണ, മൊന്ത എന്നിവയാണ് തടവുകാര്‍ക്ക് ജയിലില്‍ നല്‍കുന്നത്. എന്നാല്‍, ഷെറിന് കിടക്ക, പ്രത്യേകം തലയണ, കണ്ണാടി, നിറയെ വസ്ത്രങ്ങള്‍, ആയിരക്കണക്കിന് രൂപയുടെ മേക്കപ്പ് സാധനങ്ങള്‍ തുടങ്ങിയവ കിട്ടിയിരുന്നു. ഇതില്‍ സൂപ്രണ്ടിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് കൊച്ചി ബ്ലൂ ബ്ലാക്ക്മെയിലിങ് കേസിലെ പ്രതി ബിന്ധ്യ തോമസ് ജയിലിലെത്തി. ഷെറിന്റെ ഫോണ്‍ പിന്നീട് ബിന്ധ്യയ്ക്ക് കൊടുത്തു. ആ സമയത്ത് ഞാന്‍ ആ ഫോണ്‍ പിടിച്ചുവാങ്ങി സൂപ്രണ്ടിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. പിന്നീട് ജയിലിലെ പരാതിപ്പെട്ടിയിലും പരാതി എഴുതിയിട്ടു. അതിലും നടപടിയുണ്ടായില്ല.
ഇതിനുശേഷം സൂപ്രണ്ടും അന്നത്തെ ജയില്‍ ഡി.ഐ.ജി. അടക്കമുള്ളവര്‍ എന്നെ ചോദ്യംചെയ്തു. ഭീഷണിപ്പെടുത്തി. അദ്ദേഹം ആഴ്ചയിലൊരു ദിവസമെങ്കിലും ഷെറിനെ കാണാന്‍വരും. വൈകീട്ടാണ് വരാറുള്ളത്. ലോക്കപ്പില്‍ നിന്ന് ഏഴുമണിക്ക് ശേഷം ഷെറിനെ ഇറക്കിയാല്‍ ഒന്നര-രണ്ടുമണിക്കൂറിന് ശേഷമാണ് തിരികെ കയറ്റാറുള്ളത്.
ഒരുമാസത്തിന് ശേഷം ഞാന്‍ ജാമ്യത്തിലിറങ്ങിയശേഷം അന്നത്തെ ഡിജിപി സെന്‍കുമാറിന് ഈ വിവരങ്ങളെല്ലാം സഹിതം പരാതി നല്‍കി. എന്നാല്‍, അട്ടക്കുളങ്ങര ജയിലിലെ അന്തേവാസികളെ അപമാനിക്കുന്ന രീതിയില്‍ ഞാന്‍ പ്രസ്താവന നടത്തിയെന്നും എനിക്കെതിരേ നടപടിയെടുക്കുമെന്നും ചൂണ്ടിക്കാണിച്ച് ഒരു നോട്ടീസാണ് എനിക്ക് കിട്ടിയത്. ഇതോടെ വിവരാവകാശ നിയമപ്രകാരം ചില വിവരങ്ങള്‍ തേടി. ഷെറിനെതിരേ കൊലക്കുറ്റത്തിന് പുറമേ, കവര്‍ച്ചാക്കുറ്റവും ഉണ്ട്. അങ്ങനെയുള്ളവര്‍ക്ക് പരോളിന് നിയന്ത്രണമുണ്ട്. എന്നാല്‍, ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ ഷെറിന് പരോള്‍ നല്‍കിയിരുന്നു. ഇത് വിവരാവകാശപ്രകാരം ചോദിച്ച് മനസിലാക്കിയതോടെ ഷെറിന് സൗകര്യങ്ങള്‍ നല്‍കിയതിന് ജയിലിലെ രണ്ട് ഉദ്യോഗസ്ഥരെ സെന്‍കുമാര്‍ സ്ഥലംമാറ്റി.
പക്ഷേ, അത് താത്കാലികമായ നടപടി മാത്രമായിരുന്നു. ഞാന്‍ വീണ്ടും വിവരാവകാശ നിയമപ്രകാരം കാര്യങ്ങള്‍ തിരക്കിയപ്പോള്‍ ഷെറിനെ അട്ടക്കുളങ്ങരയില്‍നിന്ന് വിയ്യൂരിലേക്ക് മാറ്റി.
2009 നവംബര്‍ എട്ടിനാണ് ചെറിയനാട് കാരണവേഴ്സ് വില്ലയിലെ ഭാസ്‌കര കാരണവരെ(66) കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഭാസ്‌കര കാരണവരുടെ മകന്റെ ഭാര്യയായ ഷെറിനായിരുന്നു കേസിലെ ഒന്നാംപ്രതി. ഷെറിന്റെ ആണ്‍സുഹൃത്ത് കുറിച്ചി സ്വദേശി ബാസിത് അലി, ഇയാളുടെ കൂട്ടാളികളായ കളമശ്ശേരി സ്വദേശി നിഥിന്‍, ഏലൂര്‍ സ്വദേശി ഷാനു റഷീദ് എന്നിവരായിരുന്നു കേസിലെ മറ്റുപ്രതികള്‍.
ഭാസ്‌കര കാരണവരുടെ സ്വത്തില്‍ ഷെറിന് കൂടി അവകാശമുണ്ടായിരുന്ന ധനനിശ്ചയാധാരം കാരണവര്‍ റദ്ദുചെയ്തതിലെ പകയും ബാസിത് അലിയുമായി ഒരുമിച്ച് ജീവിക്കുന്നതിനുമാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. സംഭവം നടന്ന് ഏഴാംമാസം കേസില്‍ കോടതി വിധി പറഞ്ഞു.
കേസിലെ വിധിപ്രസ്താവത്തിന് ശേഷവും താന്‍ ചെയ്ട്ടില്ലെന്നും എന്നാല്‍ കോടതിവിധിയെ മാനിക്കുകയാണെന്നുമാണ് ഷെറിന്‍ പ്രതികരിച്ചത്. തങ്ങളാണ് കൃത്യം ചെയ്തതെന്നും ഷെറിന്‍ നിരപരാധിയാണെന്നും കൂട്ടുപ്രതികളും പ്രതികരിച്ചു. ''ഡാഡിയെ കൊല്ലണമെങ്കില്‍ ഇവരുടെ സഹായം വേണോ, രണ്ട് ഗുളിക കൊടുത്താല്‍ പോരെ, അല്ലെങ്കിലും എന്നെ സംരക്ഷിക്കുന്ന ഡാഡിയെ ഞാന്‍ എന്തിന് കൊല്ലണം'', എന്നായിരുന്നു ഷെറിന്റെ ചോദ്യം.
"
https://www.facebook.com/Malayalivartha