വെള്ളരിക്കുണ്ട് താലൂക്കിലെ ഭൂചലനം; അസ്വസ്ഥത പ്രകടിപ്പിച്ച് വളർത്ത് മൃഗങ്ങൾ: മുഴക്കത്തിന്റെ പ്രഭവ കേന്ദ്രം അറബിക്കടൽ...
![](https://www.malayalivartha.com/assets/coverphotos/w657/326902_1739001980.jpg)
കാസർഗോഡ് ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. വെള്ളരിക്കുണ്ട് താലൂക്കിലാണ് നേരിയ ഭൂചലനം. പുലർച്ചെ 1.35 ഓടെയാണ് വെള്ളരിക്കുണ്ട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനമനുഭവപ്പെട്ടത്. ബിരിക്കുളം, കൊട്ടമടൽ, പരപ്പ ഒടയംചാൽ, ബളാൽ, കൊട്ടോടി ഭാഗത്ത് ഭൂചലനം അനുഭവപ്പെട്ടു. ഇവിടങ്ങളിൽ അഞ്ച് സെക്കൻഡ് നേരം അസാധാരണ ശബ്ദം കേട്ടതായും നാട്ടുകാർ അറിയിച്ചു. കട്ടിൽ ഉൾപ്പെടെ കുലുങ്ങി.
പരപ്പ, മാലോം, നർക്കിലക്കാട്, പാലംകല്ല് ഭാഗത്തും അനുഭവപ്പെട്ടു. തടിയൻ വളപ്പ് ഭാഗത്തും ഭൂചലനം ഉണ്ടായി. ചുള്ളിക്കര കാഞ്ഞിരത്തടിയിൽ പലരും വീട്ടിൽ നിന്നും പുറത്തേക്ക് ഓടി. ഫോൺ ഉൾപ്പെടെ താഴെ വീണതായും വിവരമുണ്ട്. മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കാസർകോടിന്റെ മലയോര മേഖലകളിൽ അനുഭവപ്പെട്ട മുഴക്കത്തിന്റെ പ്രഭവ കേന്ദ്രം അറബിക്കടലിലെന്ന് നാഷ്നൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ലക്ഷദ്വീപിനു പടിഞ്ഞാറ് അറബിക്കടലിൽ സംഭവിച്ച മൂന്നു ചെറിയ ഭൂചലനങ്ങളുടെ ഭാഗമായാണ് കാസർകോട് മുഴക്കവും ചെറിയ പ്രകമ്പനവും അനുഭവപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു.
കടലിൽ സംഭവിച്ചത് ചെറിയ ഭൂചലനമായതിനാൽ തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. മുഴക്കമുണ്ടായതിന് പിന്നാലെ വളർത്തുമൃഗങ്ങൾ അസ്വസ്ഥത പ്രകടിപ്പിച്ചതായും പ്രദേശവാസികൾ പറഞ്ഞു.
https://www.facebook.com/Malayalivartha