വടകരയില്‍ ഒമ്പതു വയസുകാരിയെ കാറിടിപ്പിച്ച് കോമയിലാക്കിയ അപകടത്തില്‍ പ്രതി പിടിയില്‍..അപകടം നടന്നിട്ട് ഒരു വര്‍ഷം കഴിയാനിരിക്കെയാണ് ഷെജീല്‍ പിടിയിലാകുന്നത്..
![](https://www.malayalivartha.com/assets/coverphotos/w657/327018_1739187461.jpg)
വടകരയില്‍ ഒമ്പതു വയസുകാരിയെ കാറിടിപ്പിച്ച് കോമയിലാക്കിയ അപകടത്തില്‍ പ്രതി പിടിയില്‍. വടകര സ്വദേശിനി ദൃഷാനയെ അപകടത്തിലാക്കിയ പുരമേരി സ്വദേശി ഷെജിലാണ് പിടിയിലായത്. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍വച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരെ മുമ്പ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പ്രതിയെ വടകര പൊലീസിന് കൈമാറും. ദൃഷാനയെ കോമയിലാക്കിയ അപകടം നടന്നിട്ട് ഒരു വര്‍ഷം കഴിയാനിരിക്കെയാണ് ഷെജീല്‍ പിടിയിലാകുന്നത്.
ദൃഷാന ഒരുവര്‍ഷത്തിലേറെയായി കോമയിലാവുകയും മുത്തശ്ശി മരിക്കുകയുംചെയ്ത കേസില്‍ കാറോടിച്ച പ്രതി പിടിയില്‍. പുറമേരി മീത്തലെ പുനത്തില്‍ ഷെജീലിനെയാണ് (35) കോയമ്പത്തൂരില്‍ നിന്ന് പിടികൂടിയത്. അപകടശേഷം ഇന്‍ഷുറന്‍സ് തുകയും തട്ടി വിദേശത്തേക്ക് കടന്ന ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഡിസംബറില്‍ ഇയാളുടെ മുന്‍കൂര്‍ ജാമ്യം കോടതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിക്കായി ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
പ്രതി വിദേശത്തുനിന്ന് നാട്ടിലേക്ക് മടങ്ങിയതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റെന്നാണ് വിവരം. ഇയാള്‍ വരുന്ന വിവരം പോലീസും മനസ്സിലാക്കിയിരുന്നു. രഹസ്യമായി വരാന്‍ വേണ്ടിയാണ് ഷെജീല്‍ കോയമ്പത്തൂരില്‍ വിമാനം ഇറങ്ങിയത്. അതും ഗുണമുണ്ടാക്കിയില്ല.വാഹനമിടിച്ച്, തലശ്ശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫിസിനു സമീപം താമസിക്കുന്ന 62കാരിയായ പുത്തലത്ത് ബേബി മരിക്കുകയുംപേരക്കുട്ടി ദൃഷാന ഗുരുതരമായി പരിക്കേറ്റ് കോമയിലാവുകയും ചെയ്തിരുന്നു.
ഒമ്പത് മാസത്തിന് ശേഷമാണ് ഷെജീലിന്റെ കാറാണ് ഇരുവരെയും ഇടിച്ചിട്ട് നിര്‍ത്താതെ പോയതെന്ന് കണ്ടെത്താനായത്. കോമയില്‍ കഴിയുന്ന കുട്ടിയുടെ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജില്‍ സ്ഥിര താമസമാണ് കുടുംബം. ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്തതോടെയാണ് ഷെജീല്‍ കുരുക്കിലാകുന്നത്. പൊലീസിന് കിട്ടിയ ദൃശ്യത്തിലുണ്ടായിരുന്ന വെള്ള സ്വിഫ്റ്റ് കാറിന് സമാനമായ വാഹനം ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാന്‍ വന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് അപകടമുണ്ടാക്കിയ കാറാണെന്ന് വ്യക്തമായത്. പിന്നീടാണ് പ്രതി ഷെജീലാണെന്ന് കണ്ടെത്തുന്നത്.
https://www.facebook.com/Malayalivartha