സൗഹൃദം ഉപേക്ഷിച്ചു: എറണാകുളത്ത് യുവതിയെ നടുറോഡില്‍ പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമം
![](https://www.malayalivartha.com/assets/coverphotos/w657/327099_1739282118.jpg)
എറണാകുളം ആലുവ യു സി കോളേജിനടുത്ത് നടുറോഡില്‍ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമം. തൊട്ടടുത്ത കടയില്‍ ഓടി കയറിയ യുവതി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ചൂണ്ടി സ്വദേശിക്ക് നേരെയാണ് അക്രമണമുണ്ടായത്. മുപ്പത്തടം സ്വദേശിയാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ വധശ്രമത്തിന് കേസെടുക്കുമെന്ന് ആലുവ ഈസ്റ്റ് പൊലീസ് അറിയിച്ചു. മുപ്പത്തടം സ്വദേശി അലിയാണ് തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി.
ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ആലുവ യുസി കോളേജിന് സമീപമുള്ള സ്‌നേഹതീരം റോഡിലാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ മുപ്പതടം സ്വദേശി അലി സ്‌കൂട്ടറില്‍ എത്തിയ ചൂണ്ടി സ്വദേശിയായ 39കാരി ടെസിയെ തടഞ്ഞ് നിര്‍ത്തി പ്രതി ദേഹത്ത് പെട്രോള്‍ ഒഴിക്കുകയായിരുന്നു. തീപ്പെട്ടി ഉരച്ച് എറിഞ്ഞെങ്കിലും തീ ആളിക്കത്താത്തതിനാല്‍ വലിയ അപകടം ഒഴിവായി. യുവതി ഓടി തൊട്ടടുത്ത കടയില്‍ കയറി. പിന്നീട് ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആദ്യം പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറായില്ലെങ്കിലും പിന്നീട് തന്നെ ആക്രമിച്ചത് അലിയാണെന്ന് ഇവര്‍ സമ്മതിക്കുകയായിരുന്നു. പൊലീസ് അലിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഇരുവരും സുഹൃത്തുക്കളായിരുന്നെന്നും പിന്നീട് അകന്നതാണ് വൈരാഗ്യത്തിന് കാരണമെന്നും എഫ്‌ഐആറില്‍ പറയുന്നു.
https://www.facebook.com/Malayalivartha