തൊണ്ടയില്‍ അടപ്പു കുടുങ്ങി 8 മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
![](https://www.malayalivartha.com/assets/coverphotos/w657/327102_1739287382.jpg)
തൊണ്ടയില്‍ കുപ്പിയുടെ അടപ്പു കുടുങ്ങി 8 മാസം പ്രായമുള്ള കുഞ്ഞുമരിച്ച സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്. കുഞ്ഞിന്റെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. പൊക്കുന്ന് അബീന ഹൗസില്‍ നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദാണു മരിച്ചത്. നിസാറിന്റെ ഭാര്യ ആയിഷ സുല്‍ഫത്തിന്റെ കുറ്റിച്ചിറയിലുള്ള വീട്ടില്‍ വച്ച് തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
തൊണ്ടയില്‍ ഷാംപു കുപ്പിയുടെ അടപ്പു കുടുങ്ങിയ കുട്ടിയെ രാത്രി ഒമ്പതരയോടെ കോട്ടപ്പറമ്പ് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ മരണം സംഭവിച്ചിരുന്നു. വിവരം ഭാര്യയോ ഭാര്യ വീട്ടുകാരോ തന്നെ അറിയിച്ചില്ലെന്നും മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും അറിയിച്ചാണു ടൗണ്‍ പൊലീസില്‍ നിസാര്‍ പരാതി നല്‍കിയത്. ഇരുവരുടെയും ആദ്യത്തെ കുട്ടി 2023 ജൂലൈയില്‍ തൊണ്ടയില്‍ പാല്‍ കുടുങ്ങിയാണു മരിച്ചത്. ഈ കുട്ടിയുടെ മരണത്തിലും സംശയമുണ്ടെന്നു നിസാര്‍ പരാതിയില്‍ പറയുന്നു.
നിസാറും ആയിഷയും കുറച്ചു കാലമായി ഒന്നിച്ചല്ല താമസിക്കുന്നത്. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. തുടര്‍ന്നാണ് ആയിഷ സ്വന്തം വീട്ടിലേക്ക് താമസം മാറിയത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് ടൗണ്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha