അമ്മയോട് വഴക്കിട്ട് വീട് വിട്ടിറങ്ങിയ പെണ്‍കുട്ടിയെ കണ്ടെത്തി
![](https://www.malayalivartha.com/assets/coverphotos/w657/327104_1739289588.jpg)
അമ്മയോട് വഴക്കിട്ട് വീട് വിട്ടിറങ്ങിയ പെണ്‍കുട്ടിയെ കണ്ടെത്തി. തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് 17 കാരി വീടുവിട്ടിറങ്ങിയത്. കണ്ടശ്ശാംകടവ് സ്വദേശിനിയായ കൗമാരക്കാരിയാണ് വീട്ടില്‍ നിന്ന് അമ്മയോട് വഴക്കുകൂടി ഇറങ്ങിപ്പോയത്. ഈ സമയം കുട്ടിയുടെ അമ്മ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.
കുട്ടിയെ കാണാതായതോടെ ഭയന്നു പോയ മാതാവ് ഉടനെ തന്നെ അന്തിക്കാട് പൊലീസില്‍ ഫോണ്‍ വിളിച്ച് വിവരം പറഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍മാരായ രജീഷ്, പ്രതീഷ്, ഡ്രൈവര്‍ ജിനേഷ് എന്നിവര്‍ ഉടന്‍ ജീപ്പെടുത്ത് കണ്ടശ്ശാംകടവിലെത്തി. മാര്‍ക്കറ്റും പരിസരവും പരിസര റോഡുകളും നിമിഷ നേരം കൊണ്ട് അരിച്ചു പെറുക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
തുടര്‍ന്ന് കണ്ടശ്ശാംകടവിലെ കനോലി കനാലിനു മുകളിലുള്ള പാലത്തിലൂടെ മറുകരയെത്തിയ പൊലീസ് സംഘം പാലത്തിന് സമീപത്തും തെരിച്ചില്‍ നടത്തി. ഇവിടെയും കുട്ടിയെ കണ്ടില്ല. തിരികെ പാലം ഇറങ്ങി വരുമ്പോഴാണ് എതിരെ വരുന്ന പെണ്‍കുട്ടിയെ പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ഉടനെ തന്നെ കുട്ടിയുടെ അരികിലെത്തി വിവരം തിരക്കി. പിന്നീട് പൊലീസ് വാഹനത്തില്‍ പെണ്‍കുട്ടിയെ അമ്മയുടെ അടുത്തെത്തിച്ചിട്ടാണ് പൊലീസ് മടങ്ങിയത്.
https://www.facebook.com/Malayalivartha