കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളി മധുവിന്റെ മരണത്തില്‍ 4 ഉദ്യോഗസ്ഥര്‍ക്ക് എതിരെ പരാതി നല്‍കി കുടുംബം
![](https://www.malayalivartha.com/assets/coverphotos/w657/327108_1739294005.jpg)
കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളി മധുവിന്റെ മരണത്തില്‍ ചീഫ് സെക്രട്ടറിക്കു പരാതി നല്‍കി കുടുംബം. കയര്‍ ബോര്‍ഡ് ഓഫിസിലെ 4 ഉദ്യോഗസ്ഥര്‍ക്കെതിരെയാണു പരാതി. അഴിമതിക്കെതിരെ പ്രതികരിച്ചതിനു ജോളിക്കെതിരെ പ്രതികാരനടപടി സ്വീകരിച്ചെന്നാണു പരാതിയില്‍ പറയുന്നത്. വിപുല്‍ ഗോയല്‍, ജിതേന്ദ്ര ശുക്ല, പ്രസാദ് കുമാര്‍, അബ്രഹാം സിയു എന്നിവര്‍ക്കെതിരെയാണു പരാതി.
30 വര്‍ഷത്തെ സര്‍വീസുള്ള ജോളി മധു കയര്‍ ബോര്‍ഡിന്റെ എറണാകുളത്തെ ഓഫിസിലാണു ജോലി ചെയ്തിരുന്നത്. മേലുദ്യോഗസ്ഥരുടെ നിരന്തരമായ മാനസിക പീഡനത്തിന് ഇരയാണു താനെന്നു കാട്ടി ജോളി, രാഷ്ട്രപതി, പ്രധാനമന്ത്രി, വകുപ്പു മന്ത്രി തുടങ്ങിയവര്‍ക്കു പരാതി അയച്ചിരുന്നെന്നാണു കുടുംബം പറയുന്നത്. കാന്‍സര്‍ അതിജീവിതയുമായിരുന്നു. എന്നാല്‍ അര്‍ഹമായ പ്രമോഷന്‍ തടഞ്ഞു, അസുഖബാധിതയായിട്ടും ആന്ധ്രയിലെ രാജമുണ്ട്രിയിലേക്കു സ്ഥലം മാറ്റി, അഞ്ചു മാസത്തെ ശമ്പളം പിടിച്ചുവച്ചു തുടങ്ങി ഒട്ടേറെ കാര്യങ്ങളാണു ജോളി ആരോപിച്ചിരുന്നത്. ഇക്കഴിഞ്ഞ ജനുവരി 31നാണു തലയില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നു ജോളി മധുവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അഴിമതിക്കെതിരെ പ്രതികരിച്ചതിനാണു ജോളിക്കെതിരെ ഇത്തരം നടപടികളുണ്ടായതെന്നു കുടുംബവും ആരോപിക്കുന്നു. എന്നാല്‍ വലിയ സ്ഥാപനമായ കയര്‍ ബോര്‍ഡില്‍ ഭരണപരമായ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി സ്ഥലംമാറ്റം ഉണ്ടാകുന്നതു സാധാരണമാണെന്നു കയര്‍ ബോര്‍ഡ് പ്രതികരിച്ചു. 1996ല്‍ എല്‍ഡി ക്ലാര്‍ക്കായി സര്‍വീസില്‍ പ്രവേശിച്ച ജോളി മധു സ്റ്റെനോഗ്രഫര്‍, ഹിന്ദി വിവര്‍ത്തക തുടങ്ങിയ സ്ഥാനക്കയറ്റങ്ങള്‍ക്കു ശേഷം സെക്ഷന്‍ ഓഫിസറാവുകയായിരുന്നു. 2010 മുതല്‍ 2012 വരെയുള്ള കുറച്ചു കാലം ആലപ്പുഴയില്‍ ജോലി ചെയ്തതൊഴിച്ചാല്‍ ബാക്കിയുള്ള സമയം മുഴുവന്‍ എറണാകുളത്തെ കയര്‍ ബോര്‍ഡ് ഓഫിസിലാണു ജോലി ചെയ്തിരുന്നത്.
അതേസമയം കയര്‍ബോര്‍ഡ് ജീവനക്കാരി ജോളി മധുവിന്റെ മരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍. കേന്ദ്ര ചെറുകിട വ്യവസായ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. എംഎസ്എഇ മന്ത്രാലയമാണ് ജോളിയുടെ കുടുംബത്തിന്റെ ആക്ഷേപത്തില്‍ വ്യക്തമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനായി ഉത്തരവിട്ടിരിക്കുന്നത്. ഇതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. പതിനഞ്ച് ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് ഇപ്പോള്‍ എംഎസ്എംഇ മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്. സെറിബ്രല്‍ ഹെമറേജ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് കയര്‍ ബോര്‍ഡ് ജീവനക്കാരിയായ ജോളി മധു മരിച്ചത്.
https://www.facebook.com/Malayalivartha