പൊലീസ് നിയമത്തില്‍ ഭേദഗതി വരുത്തണം; മൊബൈല്‍ ഫോണില്‍ സംസാരിച്ചു പലരും റോഡ് മുറിച്ചു കടക്കുന്നത് അപകടങ്ങള്‍ക്കിടയാക്കുന്നു; അവര്‍ക്കു കൂടി പിഴയിട്ടാല്‍ കുറേ അപകടം കുറയും
![](https://www.malayalivartha.com/assets/coverphotos/w657/327230_1739457238.jpg)
മൊബൈല്‍ ഫോണില്‍ സംസാരിച്ചു പലരും റോഡ് മുറിച്ചു കടക്കുന്നത് അപകടങ്ങള്‍ക്കിടയാക്കുന്നുണ്ടെന്നും ഇത്തരക്കാരില്‍നിന്നു പിഴ ഈടാക്കണമെന്നും നിയമസഭയില്‍ ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. ''വേണമെങ്കില്‍ വണ്ടി നിര്‍ത്തിക്കൊള്ളണം എന്നാണ് ഇത്തരക്കാരുടെ നിലപാട്. നമ്മുടെ നാട്ടില്‍ ഡ്രൈവിങ് പഠിച്ചിരിക്കുന്നവര്‍ക്ക് എന്തിനാണ് സീബ്രാലൈന്‍ വരച്ചിരിക്കുന്നത് എന്നറിയില്ല. പൊലീസ് വകുപ്പാണു നടപടി എടുക്കേണ്ടത്. മുഖ്യമന്ത്രി ഇടപെട്ടാല്‍ അതു നടക്കും.
കാല്‍നടയാത്രക്കാരന്‍ വട്ടം ചാടിയാലും മൊബൈല്‍ ഫോണില്‍ സംസാരിച്ച് റോഡ് ക്രോസ് ചെയ്താലും പിഴയൊന്നുമില്ല. പൊലീസ് നിയമത്തില്‍ ഭേദഗതി വരുത്തണം. ഇപ്പോള്‍ വാഹനമോടിക്കുന്നവര്‍ക്കേ പിഴയുള്ളു. തോന്നിയപോലെ റോഡ് മുറിച്ച് കടക്കുന്നവര്‍ക്കും മൊബൈലില്‍ സംസാരിച്ചു വട്ടം ചാടുന്നവര്‍ക്കും ഫൈനൊന്നുമില്ല. അതിനു പിഴ ഏര്‍പ്പെടുത്തിയാല്‍ കുറേ അപകടം കുറഞ്ഞു കിട്ടും'' - ഗണേഷ് കുമാര്‍ പറഞ്ഞു. സഭയില്‍ ഐ.സി. ബാലകൃഷ്ണന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി.
''കാല്‍നട യാത്രക്കാരില്‍ പലരും മൊബൈല്‍ ചെവിയില്‍ വച്ചുകൊണ്ടാണ് റോഡില്‍ നടക്കുന്നത്. വണ്ടി പോകുന്നത് അവര്‍ അറിയുന്നില്ല. തട്ടിക്കഴിയുമ്പോഴാണ് അറിയുക. റോഡ് ക്രോസ് ചെയ്യുന്നത് എങ്ങനെയാണെന്നുള്ള പാഠം പലര്‍ക്കും അറിയില്ല. ഇരുവശവും നോക്കാതെ മൊബൈലില്‍ സംസാരിച്ചുകൊണ്ട് റോഡ് ക്രോസ് ചെയ്യും. അപ്പോഴാണ് അപകടമുണ്ടാകുന്നത്'' - ഗണേഷ് കുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha