ബാങ്ക് കൊളള നടന്ന് മൂന്നാം ദിവസമായിട്ടും പ്രതിയെ തിരിച്ചറിയാൻ കഴിയാതെ പോലീസ്: മൂന്ന് മിനിറ്റിനുള്ളിൽ കൺമുന്നിൽ നടന്ന കവർച്ച 20 മിനിറ്റോളം വൈകി പൊലീസിനെ അറിയിച്ചതിൽ ദുരൂഹത...

മോഷണം നടന്ന് മൂന്നാം ദിവസമായിട്ടും ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് കൊളളയിൽ പ്രതിയെ തിരിച്ചറിയാൻ കഴിയാതെ പോലീസ്. മോഷ്ടാവ് സഞ്ചരിച്ചത് ടിവിഎസ് എൻഡോർഗ് സ്കൂട്ടറിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ എൻഡോർഗ് സ്കൂട്ടർ തൃശൂർ ജില്ലയിൽ മാത്രം പതിനായിരത്തിലേറെയാണ്, അതുകൊണ്ട് പ്രതിയെ കണ്ടുപിടിക്കുക എന്നത് വലിയ കടമ്പയാണ്. ജില്ലയിൽ എൻഡോർഗ് സ്കൂട്ടറുളളവരുടെ പേര് വിവരങ്ങൾ ശേഖരിച്ച് പൊലീസ് പട്ടിക തയാറാക്കിയിട്ടുണ്ട്.
പട്ടാപ്പകൽ ബാങ്കിലെത്തി, വെറുമൊരു കത്തി കാണിച്ച് മൂന്ന് മിനിറ്റുകൊണ്ട് കവർച്ച നടത്തിയ സംഭവത്തിൽ ദുരൂഹതകൾ ഏറെയാണ്. നട്ടുച്ച സമയത്ത് ആണ് മോഷ്ടാവ് എത്തിയത്, ഈ സമയം ബാങ്ക് പരിസരം വിജനമായിരുന്നു. 47 ലക്ഷത്തിൽ നിന്ന് 15 ലക്ഷം മാത്രം എടുത്തത് എന്തുകൊണ്ട് എന്ന ചോദ്യവും ബാക്കിയാകുന്നു. മുൻ പരിചയമില്ലാത്ത ആൾക്ക് മൂന്ന് മിനിറ്റുകൊണ്ട് മോഷണം നടത്തി പുറത്തിറങ്ങാനാകുമോ എന്ന സംശയവുമുണ്ട്. മോഷണത്തിന് ശേഷം പ്രതി എങ്ങോട്ടു പോയി എന്നതിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല.
ബാങ്കിൽ നിന്ന് ഇറങ്ങിയ മോഷ്ടാവ് ചാലക്കുടി ടൗൺ ഭാഗത്തേക്ക് ആണ് പോയത്, ഇതിന്റെ അടിസ്ഥാനത്തിൽ അങ്കമാലി, പെരുമ്പാവൂർ എന്നിവിടങ്ങളിൽ പൊലീസ് പരിശോധന ഊർജിതപ്പെടുത്തിയിരുന്നു. എന്നാൽ അവിടങ്ങളിലേക്ക് പ്രതി എത്തിയിട്ടില്ലെന്ന് രാത്രി വൈകിയാണ് പൊലീസ് തിരിച്ചറിഞ്ഞത്.
മോഷണം നടന്ന ബാങ്കിന് രണ്ടു കിലോമീറ്റർ അകലെയുളള സുന്ദരക്കവലയിൽ വെച്ചാണ് മോഷ്ടാവ് അപ്രത്യക്ഷനായത്. അവിടെ നിന്ന് ചെറുറോഡുകൾ വഴി കൊടുങ്ങല്ലൂരിലേക്ക് കടക്കാവുന്നതാണ്, പ്രതി തൃശൂരിലേക്ക് എത്തിയതായും സംശയിക്കുന്നുണ്ട്. മോഷ്ടാവ് കൊച്ചിയിലേക്ക് കടന്നിട്ടുണ്ടാകാം എന്ന സംശയത്തെ തുടർന്ന് പ്രധാന പാതകളിലൊക്കെ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. വിവിധ ജില്ലകളിൽ പരിശോധന നടക്കുന്നുണ്ട്. ഇയാൾ സംസ്ഥാനം വിട്ടുവെന്ന സംശയവുമുണ്ട്. 25 ഉദ്യോഗസ്ഥർ അടങ്ങിയ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. കവർച്ചയെ തുടർന്ന് ഫെഡറൽ ബാങ്കിന് സുരക്ഷ കൂട്ടിയിട്ടുണ്ട്. ബാങ്കിലെ ഉദ്യോഗസ്ഥരുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തിയിട്ടുണ്ട്.
വെളളിയാഴ്ച ഉച്ചയോടെയാണ് ബാങ്കിൽ കവർച്ച നടന്നത്. ബാങ്കിലെ ജീവനക്കാർ ഭക്ഷണം കഴിക്കാനിരിക്കവെയാണ് മോഷ്ടാവ് എത്തുന്നത്. ബൈക്കിൽ മുഖം മറച്ച് എത്തിയ അക്രമി ബാങ്കില്‍ പ്രവേശിക്കുകയും രണ്ട് ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ശുചിമുറിയിൽ പൂട്ടിയിടുകയുമായിരുന്നു. ശേഷം കൗണ്ടറിലിരുന്ന ജീവനക്കാരിയേയും ഭീഷണിപ്പെടുത്തി. പിന്നീട് കൗണ്ടറിലെ ഗ്ലാസ്, കസേര ഉപയോഗിച്ച് തല്ലിത്തകര്‍ത്ത് പണം കവരുകയായിരുന്നു.
മൂന്ന് മിനിറ്റിനുള്ളിൽ കൺമുന്നിൽ നടന്ന കവർച്ച 20 മിനിറ്റോളം വൈകി പൊലീസിനെ അറിയിച്ചതിൽ ദുരൂഹതയുണ്ടോയെന്നാണ് സംശയം. അക്രമി ബാങ്കിൽ നിന്ന് രക്ഷപെട്ടയുടൻ വിവരം ലഭിച്ചിരുന്നെങ്കിൽ പ്രതിയെ വേഗം വലയിലാക്കാമായിരുന്നെന്നാണ് പൊലീസ് പക്ഷം. 47 ലക്ഷം രൂപ മേശപ്പുറത്ത് ഉണ്ടായിട്ടും കൗണ്ടറിൽ നിന്ന് 15 ലക്ഷം മാത്രം കവർന്നതും സംശയം സൃഷ്ടിക്കുന്നുണ്ട്.
മോഷ്ടാവ് അങ്കമാലി ഭാഗത്തേക്ക് രക്ഷപ്പെട്ടെന്നാണ് സൂചന. ഇയാൾ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. കടകളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും അടക്കം നൂറിലധികം സി.സിടിവി ക്യാമറകൾ പരിശോധിച്ചതായി ഡി.ഐ.ജി ഹരിശങ്കർ പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2.20നാണ് ഹെൽമെറ്റും ഗ്ലൗളും ധരിച്ചെത്തിയ മോഷ്ടാവ് കത്തികാട്ടി പോട്ട ഫെഡറൽ ബാങ്കിൽ കവർച്ച നടത്തിയത്. ഫുൾ സ്ലീവ് ഡ്രസും ഗ്ലൗസും ധരിച്ചതിനാൽ അടയാളങ്ങളൊന്നും ലഭിച്ചിട്ടില്ല. സ്‌കൂട്ടറിന്റെ നമ്പർ മറച്ചത് അന്വേഷണത്തിന് തടസമാകുന്നുണ്ട്. പ്രതിക്ക് സഹായികളുണ്ടെന്നാണ് നിഗമനം.ഉടൻ പ്രതിയിലേക്കെത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് പൊലീസ്.
പ്രത്യേക സംഘത്തിന്റെ അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. ജില്ലാ റൂറൽ എസ്.പി രൂപീകരിച്ച 28 അംഗ സ്‌ക്വാഡിലെ ഒരുസംഘം തമിഴ്‌നാട്ടിൽ തെരച്ചിൽ നടത്തുന്നുണ്ട്. മറ്റ് നാലു ടീമുകൾ കേരളത്തിലെ വിവിധയിടങ്ങളിൽ പരിശോധന നടത്തുകയാണ്. ജില്ലാ ക്രൈം സ്‌ക്വാഡ്, ഡിസ്ട്രിക്ട് സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് സംഘങ്ങൾ എന്നിവയും അന്വേഷണവുമായി സഹകരിക്കുന്നുണ്ട്.
അടുത്തിടെ പരോളിലും മറ്റുമായി ജയിലിൽ നിന്നിറങ്ങിയ കവർച്ചക്കാരെ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്. ബാങ്കിലെ ജീവനക്കാരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ആവശ്യമെങ്കിൽ വീണ്ടും ഇവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചിട്ടില്ല.
https://www.facebook.com/Malayalivartha