ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ ലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് 75 ലക്ഷം തട്ടിയ കേസില്‍ യുവാവ് പിടിയില്‍

ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ ലാഭമുണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് 75 ലക്ഷം രൂപ തട്ടിയ കേസില്‍ യുവാവ് പിടിയില്‍. ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് പെരുമണ്ണ തെന്നാര പോട്ട വീട്ടില്‍, സി.കെ.നിജാസി (25) നെയാണ് ബത്തേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിലുള്‍പ്പെട്ട് വിദേശത്തേക്കു മുങ്ങിയ ഇയാള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. അബുദാബിയില്‍നിന്ന് തിരിച്ചു നാട്ടിലേക്കു വരും വഴിയാണ് നിജാസ് പിടിയിലാകുന്നത്. കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.
2022 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് ചീരാല്‍ സ്വദേശിയായ യുവാവില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഓണ്‍ലൈന്‍ ട്രേഡ് ചെയ്ത് 5 ശതമാനം മുതല്‍ 10 ശതമാനം വരെ ലാഭമുണ്ടാക്കി നല്‍കാമെന്ന് പറഞ്ഞു ഗൂഗിള്‍ പേ വഴിയും അക്കൗണ്ട് വഴിയും 75 ലക്ഷം രൂപയോളം പ്രതികള്‍ വാങ്ങിയെടുത്തത്. ലാഭമോ പണമോ തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് ചീരാല്‍ സ്വദേശി 2024 നവംബറിലാണ് സ്റ്റേഷനില്‍ പരാതി നല്‍കുന്നത്. കേസ് റജിസ്റ്റര്‍ ചെയ്തതറിഞ്ഞ് രണ്ടു പ്രതികളും ഒളിവില്‍ പോവുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ നിജാസിനെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha