ഷാഫി പറമ്പില്‍ എം.പി ഇന്ത്യന്‍ കോണ്‍സുല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി

ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ജിദ്ദയിലെത്തിയ ഷാഫി പറമ്പില്‍ എംപി ജിദ്ദ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഫഹദ് അഹമ്മത് ഖാന്‍ സൂരിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ മക്കയില്‍ ഇന്ത്യന്‍ സ്‌കൂള്‍ (കമ്മ്യൂണിറ്റി സ്‌കൂള്‍) ആരംഭിക്കുക എന്ന ദീര്ഘനാളായുള്ള ആവശ്യം വിശദമായി ചര്‍ച്ച ചെയ്തു. ഹജ്ജ് വേളയില്‍ സന്നദ്ധ സേവന പ്രവര്‍ത്തകര്‍ക്കുള്ള നിയന്ത്രണം മൂലമുള്ള പ്രയാസങ്ങള്‍ ഉന്നയിക്കപ്പെട്ടു.
ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍, ഹാജിമാരുടെ വിമാനയാത്രാ നിരക്കിലുള്ള വര്‍ധന, വിവിധ കാരണങ്ങള്‍ മൂലം നിയമക്കുരുക്കില്‍ പെടുന്ന ഇന്ത്യക്കാര്‍ക്ക് നിയമസഹായം ലഭ്യമാക്കുന്നതുള്‍പ്പെടെയുള്ള പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കോണ്‍സുല്‍ ജനറലുമായുള്ള ചര്‍ച്ചയില്‍ പ്രതിബാധിച്ചു.
ജിദ്ദയില്‍ നിന്നും മക്കയില്‍ നിന്നും നിരവധി സാധാരണക്കാര്‍ എംപി യെ കാണുകയും നിവേദനങ്ങള്‍ നല്‍കുകയുമുണ്ടായി. ഗവണ്മെന്റ് തലത്തില്‍ വിദേശകാര്യ വകുപ്പ് കേന്ദ്ര ഹജ്ജ് കമ്മിറ്റി ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയിലും കോണ്‍സുലേറ്റ് / എംബസി ഇടപെടേണ്ട വിഷയങ്ങളില്‍ അങ്ങിനെയും ചെയ്യുമെന്ന് ഷാഫി പറമ്പില്‍ എംപി പറഞ്ഞു. കോണ്‍സുല്‍ ജനറലിനോടൊപ്പം ഹജ്ജ് കോണ്‍സുല്‍ ജലീലുമുണ്ടായിരുന്നു.
ഒഐസിസി റീജ്യണല്‍ കമ്മിറ്റി പ്രസിഡണ്ട് ഹക്കീം പാറക്കല്‍, ഒഐസിസി നേതാക്കളായ ആസാദ് പോരൂര്‍, ശരീഫ് അറക്കല്‍, സഹീര്‍ മാഞ്ഞാലി, രാധാകൃഷ്ണന്‍ കാവുമ്പായ്,അലി തേക്ക് തോട്, മനോജ് മാത്യു, ഷൗക്കത്ത് പരപ്പനങ്ങാടി, ഷമീര്‍ നദ്വി കുറ്റിച്ചല്‍, ഹര്‍ഷദ് ഏലൂര്‍ എന്നിവര്‍ ഷാഫി പറമ്പില്‍ എംപി യെ അനുഗമിച്ചു.
https://www.facebook.com/Malayalivartha