ശകുന്തള അഗർവാളിന്റെ തലയ്ക്ക് പിന്നിൽ പരിക്കേറ്റ പാട്; അമ്മയെ കൊന്നതോ..? കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ മൂവരുടെയും സംസ്കാരം...

കാക്കനാട് മരിച്ച നിലയിൽ കണ്ടെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥൻ മനീഷ് വിജയ്, സഹോദരി ശാലിനി, മാതാവ് ശകുന്തള അഗർവാൾ എന്നിവരുടെ പോസ്റ്റ്‌മോർട്ടം ഇന്ന് കളമശേരി മെഡിക്കൽ കോളേജിൽ നടന്നു. വിദേശത്തുള്ള സഹോദരി എത്താൻ വൈകിയതോടെയാണ് ഇന്നലെ നടത്താനിരുന്ന പോസ്റ്റ്‌മോർട്ടം മാറ്റിവെച്ചത്. അമ്മ ശകുന്തള അഗർവാളിന്റെ മൃതദേഹം പുതപ്പുകൊണ്ട് മൂടി പൂക്കൾ വിതറിയ നിലയിലായിരുന്നു. അമ്മയെ കൊന്നതാണോ എന്ന സംശയത്തിലാണ് പോസ്റ്റ്‌മോർട്ടം. ശകുന്തള അഗർവാളിന്റെ തലയ്ക്ക് പിന്നിൽ പരിക്കേറ്റ പാടുള്ളതായി സംശയമുണ്ട്.
മക്കൾ ആത്മഹത്യ ചെയ്തത് അമ്മയുടെ മൃതദേഹത്തിൽ അന്തിമ കർമ്മം ചെയ്ത ശേഷമാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്. കർമ്മത്തിനായി പൂക്കൾ വാങ്ങിയതിന്റെ ബില്ലുകൾ പൊലീസ് കണ്ടെത്തി. പോസ്റ്റുമോർട്ടത്തിന് ശേഷം കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റുമോർട്ടം കഴിഞ്ഞ് വൈകിട്ട് 4 മണിക്ക് കാക്കനാട് അത്താണി പൊതുശ്മശാനത്തിലാണ് മൂവരുടെയും സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്.
കേന്ദ്ര ജിഎസ്ടി വകുപ്പിലെ അഡീഷണൽ കമ്മീഷണർ മനീഷ് വിജയിയുടേയും കുടുംബത്തിന്റെയും മരണത്തിൽ ശക്തമായ അന്വേഷണം ഉണ്ടാകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിക്കുമെന്ന് പൊലീസ് ഇന്നലെ അറിയിച്ചിരുന്നു.
മനീഷിന്റെ സഹോദരി ശാലിനി വിജയ്ക്കെതിരായ സിബിഐ കേസ് കുടുംബത്തെ മനോവിഷമത്തിലാക്കിയിരുന്നുവെന്നാണ് നിഗമനം. ജാർഖണ്ഡിൽ സർക്കാർ സർവീസിൽ ഉദ്യോഗസ്ഥയായിരുന്ന മനീഷിന്റെ സഹോദരി ശാലിനി വിജയ് ജാർഖണ്ഡിൽ സിബിഐ അന്വേഷണം നേരിട്ടിരുന്നു. 2006 ൽ ശാലിനി അടക്കമുള്ളവർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ ക്രമക്കേട് നടന്നെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു സിബിഐ അന്വേഷണം.
https://www.facebook.com/Malayalivartha