ഐആര്‍എസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും മരണം; മൂവരുടേതും തൂങ്ങി മരണം: 'അമ്മ തൂങ്ങിമരിച്ചശേഷം മൃതദേഹം മക്കള്‍ അഴിച്ച് കട്ടിലില്‍ കിടത്തി; അന്ത്യകർമ്മങ്ങൾക്ക് ശേഷം മക്കളുടെ ആത്മഹത്യ...

എറണാകുളത്തു കസ്റ്റംസ് ക്വാര്‍ട്ടേഴ്സില്‍ ഐആര്‍എസ് ഉദ്യോഗസ്ഥനും അമ്മയും സഹോദരിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മൂവരും തൂങ്ങിമരിച്ചതെന്നു പോസ്റ്റ്മോര്‍ട്ടത്തില്‍ സ്ഥിരീകരണം . അമ്മ ശകുന്തള തൂങ്ങിമരിച്ചശേഷം മൃതദേഹം മക്കള്‍ അഴിച്ച് കട്ടിലില്‍ കിടത്തി . തുടര്‍ന്ന് മൃതദേഹത്തില്‍ പൂക്കള്‍ അര്‍പ്പിച്ച് മനീഷ് വിജയും സഹോദരിയും ജീവനൊടുക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സെൻട്രൽ ജിഎസ്ടി അഡീ.കമ്മിഷണർ ജാർഖണ്ഡ് സ്വദേശി മനീഷ് വിജയ്(43), സഹോദരി ശാലിനി വിജയ്(49), മാതാവ് ശകുന്തള അഗർവാൾ(77) എന്നിവരാണ് മരിച്ചത്. അസ്വാഭാവിക മരണത്തിൽ പൊലീസ് അന്വേഷണം നടത്തിയിരിക്കുന്നു. കാക്കനാട് സെൻട്രൽ എക്സൈസ് ക്വാർട്ടേഴ്സിലാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. രോഗപീഡകളുണ്ടായിരുന്ന മാതാവ് ശകുന്തളയുടെ മൃതദേഹം കട്ടിലിൽ വെള്ള പുതപ്പിച്ചു കിടത്തിയ നിലയിലായിരുന്നു. ചുറ്റും പൂക്കൾ വിതറിയിരുന്നു. ഇവർ സ്ഥിരമായി പൂക്കൾ വാങ്ങിയിരുന്നതിന്റെ ബില്ലുകൾ വീട്ടിൽ കണ്ടെത്തിയിട്ടുണ്ട്. ബില്ലിലെ തീയതി 14 ആണ്. വീട്ടിൽ സ്ഥിരമായി പൂജകൾ നടത്തിയിരുന്നു. പുറം ലോകവുമായി ബന്ധമുണ്ടായിരുന്നില്ല.
ഡപ്യൂട്ടി കലക്ടറായിരുന്ന ശാലിനിക്കു ജോലിയുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ 15നു ജാർഖണ്ഡ് സിബിഐ പ്രത്യേക കോടതിയിൽ ഹാജരാവാനുള്ള സമൻസ് ലഭിച്ചിരുന്നു. ഈ ദിവസങ്ങളിലാണ് മനീഷ് അവധിയെടുത്തത്. സഹോദരിയുടെ ആവശ്യത്തിനു നാട്ടിലേക്കു പോകുമെന്നു സഹപ്രവർത്തകരോടു പറഞ്ഞിരുന്നു. എന്നാൽ ലീവ് കഴിഞ്ഞിട്ടും മനീഷ് ജോലിക്ക് എത്താതിരുന്നപ്പോഴാണ് അന്വേഷണം തുടങ്ങിയത്. കടുത്ത പ്രമേഹത്തെ തുടർന്ന് ശകുന്തള ഇൻസുലിൻ ഉപയോഗിച്ചിരുന്നു.
അമ്മയെ ഡോക്ടറെ കാണിക്കാനായി 20ാം തീയതി വരാൻ ഡ്രൈവറോടു പറഞ്ഞിരുന്നു. ഡ്രൈവർ വിളിച്ചിട്ടും മനീഷിനെ ഫോണിൽ കിട്ടാതിരുന്നതോടെ നേരിട്ടു വന്നു നോക്കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.അമ്മയുടെ മൃതദേഹത്തിലും മുറിയിലുമായി 10 പവന്റെ സ്വർണാഭരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അടുക്കളയിൽ സ്റ്റൗവിനു സമീപം കത്തി ചാരമായ നിലയിൽ കണ്ടെത്തിയ കടലാസുകൾ എന്താണെന്നു വ്യക്തമല്ല.
കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ജോയിന്റ് കമ്മിഷണറായി ജോലി ചെയ്യുമ്പോൾ ബീച്ചിലുള്ള സ്റ്റാഫ് വില്ലയിലാണു താമസിച്ചിരുന്നത്. ഒന്നര മാസം മുൻപു കൊച്ചിയിൽ മനീഷിനു സ്റ്റാഫ് ക്വാർട്ടേഴ്സ് അനുവദിച്ചപ്പോൾ കോഴിക്കോടെ വില്ല ഒഴിയേണ്ടിവന്നപ്പോഴാണ് ശാലിനിയും ശകുന്തളയും മനീഷും 114–ാം നമ്പർ സെൻട്രൽ എക്സൈസ് ക്വാർട്ടേഴ്സിൽ താമസം തുടങ്ങിയത്.
https://www.facebook.com/Malayalivartha