അഡീഷണല്‍ കമ്മിഷണര്‍ ഉള്‍പ്പെടെ അമ്മയുടേതും തൂങ്ങിമരണം, മക്കള്‍ മരിച്ചത് 4 മണിക്കൂറിന് ശേഷം

കൊച്ചിയെ ഞെട്ടിച്ച മരണത്തില്‍ ദുരൂഹത നീങ്ങുന്നില്ല. സെന്‍ട്രല്‍ ജിഎസ്ടി ഓഫിസിലെ അഡീഷണല്‍ കമ്മിഷണര്‍ മനീഷ് വിജയ് (43), സഹോദരി ശാലിനി വിജയ് (49), അമ്മ ശകുന്തള അഗര്‍വാള്‍ (77) എന്നിവരുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അമ്മയാണ് ആദ്യം മരിച്ചതെന്നും പിന്നീട് 4 മണിക്കൂര്‍ കഴിഞ്ഞാണ് മക്കള്‍ രണ്ടുപേരും മരിച്ചതെന്നുമാണ് കളമശേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായത്. ആദ്യം തൂങ്ങി മരിച്ച അമ്മയുടെ മൃതദേഹം അഴിച്ചു താഴെക്കിടത്തി തുണികൊണ്ടു മൂടി പൂക്കള്‍ വിതറിയ ശേഷം മക്കളും ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ അനുമാനം.
മരിച്ചവരുടെ ആന്തരികാവയവങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും. അബുദാബിയില്‍ താമസിക്കുന്ന ഇവരുടെ സഹോദരി പ്രിയ അജയ് എത്തിയ ശേഷമാണ് ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. മൃതദേഹങ്ങള്‍ കാക്കനാട് മുന്‍സിപ്പല്‍ ശ്മശാനത്തില്‍ സംസ്‌കരിച്ചു. ഈ മാസം 20നാണ് ക്വാര്‍ട്ടേഴ്‌സില്‍ ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മാതാവ് മരിച്ചതിന്റെ ദുഃഖത്തില്‍ മക്കള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നായിരുന്നു പ്രാഥമിക നിഗമനം. മനീഷിനെ ക്വാര്‍ട്ടേഴ്‌സിന്റെ വലത്തേ മുറിയിലും ശാലിനിയെ പിറകു വശത്തുള്ള മുറിയിലും തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. അമ്മയുടെ മൃതദേഹം ഇടതുവശത്തെ മുറിയിലെ കട്ടിലില്‍ വെള്ള പുതപ്പിച്ച് പൂക്കള്‍ വിതറിയ നിലയിലുമായിരുന്നു. എല്ലാ മൃതദേഹങ്ങളും അഴുകി ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു.
വീട്ടില്‍ നിന്ന് കണ്ടെടുത്ത ബില്ലില്‍ പൂക്കള്‍ വാങ്ങിയ തീയതി 14 ആണ് രേഖപ്പെടുത്തിയിരുന്നത്. അമ്മ മരിച്ചത് ഇതിനോട് അടുത്താണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. മുറിയില്‍നിന്ന് കണ്ടെടുത്ത ആത്മഹത്യ കുറിപ്പില്‍ സ്വര്‍ണവും കാറും സ്വത്തുവകകളുമെല്ലാം ഇളയ സഹോദരിക്ക് നല്‍കണമെന്ന് മനീഷ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ എന്താണ് മരണത്തിലേക്ക് നയിച്ചത് എന്ന കാര്യത്തില്‍ ഇതില്‍ സൂചനകളുണ്ടായിരുന്നില്ല. പൊലീസിന് വെല്ലുവിളിയാകാന്‍ പോകുന്നതും ഇവരെ ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്തെന്ന് കണ്ടെത്തുകയാണ്. ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മിഷന്റെ സംസ്ഥാന സര്‍വീസ് പരീക്ഷയുമായി ബന്ധപ്പെട്ട കേസാണോ കാരണം എന്നതില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
പരീക്ഷയില്‍ ഒന്നാം റാങ്ക് ജേതാവായിരുന്ന ശാലിനി ഡപ്യൂട്ടി കലക്ടറായി ജോലി ചെയ്യുകയായിരുന്നു. എന്നാല്‍ രാഷ്ട്രീയ നേതാക്കളും ഉന്നത സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും അവരുടെ അടുത്ത ബന്ധുക്കള്‍ക്കു നിയമനം നല്‍കാന്‍ പരീക്ഷയിലും അഭിമുഖത്തിലും കൃത്രിമം കാട്ടിയെന്ന് ആരോപണമുയര്‍ന്നു. ജാര്‍ഖണ്ഡ് പൊലീസ് നടത്തിയ അന്വേഷണം പിന്നീട് സിബിഐ ഏറ്റെടുത്തു. 12 വര്‍ഷത്തിനു ശേഷം കഴിഞ്ഞ നവംബറില്‍ സിബിഐ ജെപിഎസ്സി മുന്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ശാലിനിയും ഈ കേസില്‍ പ്രതിയാണ്. രണ്ടു വര്‍ഷം മുന്‍പ് അവധിയില്‍ പ്രവേശിച്ച ശാലിനി പിന്നീടു മടങ്ങിയെത്തിയില്ലെന്നാണ് ജാര്‍ഖണ്ഡിലെ സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഈ കേസുമായി ബന്ധപ്പെട്ട് ഈ മാസം 15ന് ജാര്‍ഖണ്ഡ് സിബിഐ പ്രത്യേക കോടതിയില്‍ ഹാജരാവാന്‍ ശാലിനിക്ക് സമന്‍സ് ലഭിച്ചിരുന്നു.
https://www.facebook.com/Malayalivartha