ഭക്ഷ്യവസ്തുവെന്ന വ്യാജേന തപാല്‍ വഴി ഹൈബ്രിഡ് കഞ്ചാവ് എത്തിച്ച കേസിലെ പ്രതിയെ കസ്റ്റംസ് പിടികൂടി

ഭക്ഷ്യവസ്തുവെന്ന വ്യാജേന തപാല്‍ വഴി ഹൈബ്രിഡ് കഞ്ചാവ് എത്തിച്ച കേസിലെ പ്രതിയെ കസ്റ്റംസ് പിടികൂടി. തായ്ലന്‍ഡില്‍ നിന്ന് തപാല്‍ മാര്‍ഗം ഒരു കോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് എത്തിച്ച കേസിലെ പ്രതിയെയാണ് കസ്റ്റംസ് പിടികൂടിയത്. കാക്കനാട് സ്വദേശി സാവിയോ തോമസിനെയാണ് കസ്റ്റംസ് പിടികൂടിയത്. ഭക്ഷ്യവസ്തുവെന്ന വ്യാജേനയാണ് ഇയാള്‍ ഒരു കിലോ വരുന്ന ഹൈബ്രിഡ് കഞ്ചാവ് കാരിക്കാമുറിയിലെ പോസ്റ്റല്‍ അപ്രൈസിങ് വിഭാഗം വഴി എത്തിക്കാന്‍ ശ്രമിച്ചത്.
ഇവിടെ എത്തുന്ന പാഴ്‌സലുകളില്‍ എപ്പോഴും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പ്രത്യേ ശ്രദ്ധ ഉണ്ടാവാറുണ്ട്. തായ്ലന്‍ഡില്‍നിന്ന് കൊച്ചിയിലേക്ക് പോസ്റ്റല്‍ വഴി ഹൈബ്രിഡ് കഞ്ചാവ് എത്തുന്നു എന്ന രഹസ്യവിവരം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു. ഈ മാസം 18ന് എത്തിയ പാഴ്‌സല്‍ പൊട്ടിച്ചപ്പോഴാണ് ഭക്ഷ്യവസ്തുവിന്റെ പായ്ക്കറ്റിനകത്ത് നിറച്ചിരുന്നത് ഹൈബ്രിഡ് കഞ്ചാവാണെന്ന് വ്യക്തമാകുന്നത്.
ഇതില്‍ ഒരു വിലാസവും ഫോണ്‍ നമ്പറും മാത്രമാണ് ഉണ്ടായിരുന്നത്. വിലാസം വ്യാജമാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് മനസിലായി. തുടര്‍ന്ന് പോസ്റ്റ് ഓഫിസ് അധികൃതരുടെ സഹായത്തോടെ സാവിയോ തോമസിനെ ഫോണില്‍ ബന്ധപ്പെട്ട് പാഴ്‌സല്‍ എത്തിയെന്ന വിവരം അറിയിച്ചു. പാഴ്‌സല്‍ എത്തിക്കേണ്ട സ്ഥലം ഇയാള്‍ പോസ്റ്റ് ഓഫിസ് അധികൃതരോട് പറയുകയും ചെയ്തു. തുടര്‍ന്ന് സമാനരീതിയില്‍ മറ്റൊരു പാഴ്‌സലുമായി ഉദ്യോഗസ്ഥര്‍ ഇയാളെ സമീപിക്കുകയായിരുന്നു. പാഴ്‌സല്‍ സ്വീകരിക്കുന്നതിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടി.
പിന്നാലെ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 30 ഗ്രാം ഹൈബ്രിഡ് കഞ്ചാവും 50 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഇയാള്‍ ഇതിനുമുമ്പ് 2 തവണ വിദേശത്തു നിന്നും ഒരു തവണ ഭുവനേശ്വറില്‍ നിന്നും സമാനമായ വിധത്തില്‍ ലഹരി കടത്തിയിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. വിദേശത്തു നിന്ന് എത്തിക്കുന്ന ലഹരിമരുന്ന് വിതരണം ചെയ്യുന്ന ശൃംഖലയുമായി ബന്ധപ്പെട്ട വിവരങ്ങളും ഇയാളില്‍ നിന്ന് അധികൃതര്‍ക്ക് കിട്ടിയിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
https://www.facebook.com/Malayalivartha