കേരളത്തിലെ കോണ്‍ഗ്രസിനെ പച്ചപിടിപ്പിക്കാന്‍ ഇന്നത്തെ നിലയില്‍ യോഗ്യതയുള്ള ഒരാളാണ് മാത്യു കുഴല്‍നാടന്‍..കെ സുധാകരന്‍ കെപിസിസി അധ്യക്ഷപദവിയില്‍ നിന്ന് രാജിവയ്ക്കുമ്പോള്‍ പകരക്കാരനായി..

കേരളത്തിലെ കോണ്‍ഗ്രസിനെ പച്ചപിടിപ്പിക്കാന്‍ ഇന്നത്തെ നിലയില്‍ യോഗ്യതയുള്ള ഒരാളാണ് മാത്യു കുഴല്‍നാടന്‍. അതല്ലെങ്കില്‍ മറ്റൊരാള്‍ കെ. മുരളീധരന്‍. കുമ്പക്കുടി സുധാകരന്‍ എന്ന കെ സുധാകരന്‍ കെപിസിസി അധ്യക്ഷപദവിയില്‍ നിന്ന് രാജിവയ്ക്കുമ്പോള്‍ പകരക്കാരനായി കുഴല്‍നാടനെയോ കെ മുരളീധരനെയോ കണ്ടെത്താനുള്ള വിവരവും വിവേകവും കോണ്‍ഗ്രസിന്റെ തലപ്പത്തുള്ള ഒരാള്‍ക്കുമില്ല. ഉരുളയ്ക്ക് ഉപ്പേരി മറുപടികൊടുക്കാന്‍ കഴിവുള്ള കെ മുരളീധരനെ പരിഗണക്കാന്‍ തലയില്‍ വെളിച്ചമുള്ളവരും കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇല്ലാതെ പോയി.
ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ലാത്ത ഒരു നിര നേരംപോക്കികളുടെയും സ്ഥാനമോഹികളുടെയും പേരുവിവരങ്ങളാണ് കെപിസിസിയുടെ അടുത്ത അധ്യക്ഷപദവിയിലേക്ക് നിലവില്‍ പറഞ്ഞുകേള്‍ക്കുന്നത്.ജാതിയുടെ വീതം വയ്പാണ് കേരളത്തില്‍ കോണ്‍ഗ്രസിന്റെ ഒന്നാമത്തെ ശാപം. ഏതു സ്ഥാനം വന്നാലും ജാതി, ഉപജാതി തുടങ്ങി നൂറു ഘടകങ്ങളാണ് പരിഗണനയ്ക്ക് വരിക. കോണ്‍ഗ്രസ് എന്ന മതേതര പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനുള്ള ചുമതലയാണ് കോണ്‍ഗ്രസ് പ്രസിഡന്റിനുള്ളതെന്നിരിക്കെ ഇവിടെ എന്തിനാണ് ജാതിയെയും ദൈവത്തെയും പ്രതിഷ്ഠിക്കുന്നത്. അഴിമതിയുടെ ആള്‍രൂപങ്ങളെയല്ല ആദര്‍ശത്തിന്റെ കൊടിപിടിക്കുന്നവരെ ് നേതൃപദവിയില്‍ എത്തിച്ചാലേ കേരളത്തില്‍ കോണ്‍ഗ്രസ് രക്ഷപ്പെടുകയുള്ളു.
കോണ്‍ഗ്രസ് രക്ഷപ്പെട്ടാലേ യുഡിഎഫ് പച്ചപിടിക്കുകയുള്ളു എന്നതും നേതാക്കള്‍ തിരിച്ചറിയണം. കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് ആറു മാസം ബാക്കി നില്‍ക്കെ കോണ്‍ഗ്രസില്‍ വീണ്ടും അധികാരക്കസേരയെച്ചൊല്ലിയുള്ള അലമ്പിന് തുടങ്ങുകയാണ്.കെപിസിസി അധ്യക്ഷപദത്തിലേക്ക് അടൂര്‍ പ്രകാശ്, ബെന്നി ബഹന്നാന്‍ എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം. ആന്റോ ആന്റണിയുടെ പേരും പരിഗണയിലുണ്ട്. ജനങ്ങള്‍ക്കിടയില്‍ സമ്മതരും സിപിഎമ്മിനെ നിലയ്ക്കുനിറുത്തേണ്ടവരുമായ നേതാക്കളുടെ കുറവാണ് ഇന്ന് കേരളത്തിലെ കോണ്‍ഗ്രസിന്റെ ഗതികേടിനു പിന്നില്‍. കെപിസിസി പ്രസിഡന്റായി കെ സുധാകരന്‍ ചുമതലയേറ്റപ്പോള്‍ പാര്‍ട്ടി അണികള്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു.
പ്രായോഗികതയില്‍ സുധാകരന്‍ ഒരു വന്‍പരാജയമായിരുന്നു എന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞുകഴിഞ്ഞു.വ്യക്തിതലത്തില്‍ ധിക്കാരിയും അഹങ്കാരിയുമായി സുധാകരന്‍ നിലകൊണ്ടതല്ലാതെ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ സുധാകരന് കഴിഞ്ഞതുമില്ല. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷനേതാവ് വിഡി സതീശനും മുഖാമുഖം കണ്ടാല്‍ ചീത്ത വിളിക്കുകയും പോരുകുത്തുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്.നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയ കേരളത്തിലും അസമിലും നേതൃമാറ്റം അനിവാര്യമാണെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. മത-സാമുദായിക, ഗ്രൂപ്പ് സന്തുലനം പാലിച്ചാണ് എക്കാലവും സംസ്ഥാനത്ത് പുതിയ അധ്യക്ഷനെ തീരുമാനിക്കാറുള്ളത്.
കെ സുധാകരനെപ്പോലെ ഈഴവ സമുദായത്തില്‍ നിന്ന് തന്നെയാണ് പുതിയ അധ്യക്ഷനെങ്കില്‍ അടൂര്‍ പ്രകാശിനാണ് സാധ്യത.അടൂര്‍ പ്രകാശ് മെയ് മറന്നു ജോലി ചെയ്യുന്നയാളോ സംഘാടകനോ ഒന്നുമല്ലെന്ന തിരിച്ചറിവ് അണികളില്‍ ശക്തമാണ്. എന്നാല്‍ കേരള കോണ്‍ഗ്രസ് വിട്ട് പോയതോടെ യുഡിഎഫില്‍ ക്രിസ്ത്യന്‍ നേതാക്കള്‍ ഇല്ലാതായെന്ന പരാതി ഒഴിവാക്കാന്‍ ബെന്നി ബഹനാനോ റോജി എം.ജോണിനോ ആന്റോ ആന്റണിയോ സണ്ണി ജോസഫോ വരുന്നത് കേരളത്തില്‍ കോണ്‍ഗ്രസിന് കാര്യമായ നേട്ടമൊന്നും നല്‍കാനിടയില്ല.കെ പി സി സിയില്‍ ഒത്തൊരുമയില്ലെന്നും അധ്യക്ഷനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മിലുള്ള അധികാര വടംവലി ശക്തമാണെന്നും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനില്‍ കനഗോലു ഹൈക്കമാന്റിനെ നേരത്തേ അറിയിച്ചിരുന്നു.
തിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിയില്‍ വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ടും കനഗൊലു സമര്‍പ്പിച്ചിട്ടുണ്ട്. അധ്യക്ഷ സ്ഥാനത്തേക്ക് 11 പേരുകളും കനഗൊലു നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നേതൃതലത്തില്‍ മാറ്റത്തിനുള്ള സാഹചര്യം തെളിയുന്നത്.നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നേതൃമാറ്റം അനിവാര്യമാണെന്ന നിലപാടിലാണ് ഇപ്പോള്‍ ഹൈക്കമാന്റ്. ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. സമ്പൂര്‍ണ അഴിച്ചുപണിയാണ് കോണ്‍ഗ്രസ് നേതൃത്വം ലക്ഷ്യം വെയ്ക്കുന്നത്.
വയനാട് അടക്കം 10 ഡി സി സി അധ്യക്ഷമാരെയും മാറ്റാനാണ് നീക്കം. പുതിയ പേര് സംബന്ധിച്ച് സമവായം ഉണ്ടാക്കാനാണ് ഹൈക്കമാന്റ് ലക്ഷ്യം വെയ്ക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്‍പ് പുനഃസംഘടനയെ ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കമുണ്ടാകുന്നത് തിരിച്ചടിയായേക്കുമെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.
https://www.facebook.com/Malayalivartha