പ്രണയത്തിന്റെ പേരില്‍ വധഭീഷണി; കേരളത്തില്‍ അഭയം തേടി ജാര്‍ഖണ്ഡ് സ്വദേശികള്‍

പ്രണയത്തെ എതിര്‍ത്ത് കുടുംബം കൊലവിളിയുമായി എത്തിയപ്പോള്‍ ജാര്‍ഖണ്ഡ് സ്വദേശികള്‍ അഭയം തേടിയത് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍. പ്രണയ ജോഡികളെ ഒരിക്കലും ഒരുമിച്ച് ജീവിക്കാന്‍ കുടുംബം തയ്യാറാകാതെ വന്നതോടെയാണ് ഇവര്‍ സ്വന്തം നാട് വിട്ട് കേരളത്തില്‍ എത്തിയത്. 30കാരനായ മുഹമ്മദ് ഗാലിബും 26കാരി ആശാ വര്‍മ്മയുമാണ് കായംകുളത്ത് എത്തി വിവാഹിതരായത്. സ്‌കൂള്‍ കാലം മുതല്‍ പ്രണയത്തിലായ ഇരുവരും വ്യത്യസ്ത മതങ്ങളില്‍പെട്ടവരായതിനാല്‍ കുടുംബം വിവാഹത്തിന് സമ്മതിച്ചില്ല. മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിച്ചതോടെയാണ് ആശ ഗാലിബിനൊപ്പം വീട് വിട്ടിറങ്ങിയതെന്ന് ഇവര്‍ പറയുന്നു.
ഇരുവരും കേരളത്തില്‍ ഉണ്ടെന്നറിഞ്ഞ് ആശയുടെ കുടുംബം പിന്തുടര്‍ന്ന് കേരളത്തിലെത്തി. തിരികെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ആശ തയ്യാറായില്ല. ആശയെ കാണാനില്ലെന്ന കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ള പോലീസും കായംകുളത്ത് എത്തി. ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായതിനാല്‍ പെണ്‍കുട്ടിയുടെ വീഡിയോ മൊഴിയടക്കം രേഖപ്പെടുത്തി ജാര്‍ഖണ്ഡ് പോലീസ് മടങ്ങി. തങ്ങള്‍ക്ക് വധ ഭീഷണി ഉണ്ടെന്നും നാട്ടിലേക്ക് മടങ്ങാന്‍ ആകില്ലെന്നും കേരളത്തില്‍ പോലിസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha