കേന്ദ്ര കടല്‍ മണല്‍ ഖനന പദ്ധതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ഷിബു ബേബി ജോണ്‍

കേന്ദ്ര കടല്‍ മണല്‍ ഖനന പദ്ധതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. കൊല്ലം പരപ്പില്‍ കരിമണലാണ് ഉള്ളതെന്നും കേന്ദ്രത്തിന്റെ കണ്ണ് കരിമണലിലാണ്. ഇവിടെ സംസ്ഥാന സര്‍ക്കാര്‍ ഇല്ലേയെന്ന് പരിഹസിച്ച ഷിബു ബേബി ജോണ്‍ തങ്ങള്‍ അറിഞ്ഞില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നതെന്നും വിമര്‍ശിച്ചു.
മത്സ്യത്തൊഴിലാളികളെ ഇല്ലായ്മയിലേക്ക് തള്ളി വിടുന്ന പദ്ധതിയാണിത്. അതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഒരു കത്തെങ്കിലും അയച്ചോ? കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടില്‍ തന്നെ. റോയല്‍റ്റി ഞങ്ങള്‍ക്കും തരണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് പറഞ്ഞത്. പദ്ധതിക്കെതിരെ എന്തുകൊണ്ട് സര്‍വ്വകക്ഷി യോഗം വിളിച്ചില്ല? കേരളത്തിലെ ഒരു ബിജെപി നേതാവ് പോലും പദ്ധതിയെ ന്യായീകരിച്ചിട്ടില്ല. അവര്‍ക്കറിയാം കേരളത്തിനെ പദ്ധതി എങ്ങനെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് ആരോടാണ് പ്രതിബദ്ധതയെന്നും ഷിബു ബേബി ജോണ്‍ ചോദിച്ചു. മുഖ്യമന്ത്രി ചതിയന്‍ ചന്തുവാണ്.
മന്ത്രി സജി ചെറിയാന്‍ കടല്‍ കണ്ടത് സത്യപ്രതിജ്ഞ ചെയ്യാന്‍ തിരുവനന്തപുരത്ത് വന്നപ്പോഴാകുമെന്നും ഷിബു ബേബി ജോണ്‍ പരിഹസിച്ചു. സജി ചെറിയാന് കടലും മത്സ്യത്തൊഴിലാളികളുടെയും ബുദ്ധിമുട്ടും അറിയാമോയെന്നും അദ്ദേഹം ചോദിച്ചു. പിണറായി വിജയന്റെ ഔദാര്യം മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടെന്നും പങ്കായം പിടിച്ച കൈത്തഴമ്പുള്ള മത്സ്യത്തൊഴിലാളികള്‍ ഒരാളെയും കടലില്‍ ഇറങ്ങാന്‍ സമ്മതിക്കില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
https://www.facebook.com/Malayalivartha