വേതന വര്‍ധനവ് ഉള്‍പ്പെടെ ആവശ്യപ്പെട്ടുള്ള ആശാ വര്‍ക്കേഴ്‌സ് സമരം 17 ആം ദിവസത്തിലേയ്ക്ക്; മഹാസംഗമത്തില്‍ പങ്കെടുത്ത പതിനാല് പേര്‍ക്ക് പോലീസ് നോട്ടീസ് അയച്ചു

സെക്രട്ടേറിയറ്റിന് മുന്നിലെ ആശാ വര്‍ക്കേഴ്‌സിന്റെ സമരത്തില്‍ നടപടിയുമായി പോലീസ്. മഹാസംഗമത്തില്‍ പങ്കെടുത്ത പതിനാല് പേര്‍ക്ക് പോലീസ് നോട്ടീസ് അയച്ചു. ഉദ്ഘാടകന്‍ ജോസഫ് സി മാത്യു, കെ ജി താര തുടങ്ങിയവരോട് 48 മണിക്കൂറിനകം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.
വേതന വര്‍ധനവ് ഉള്‍പ്പെടെ ആവശ്യപ്പെട്ടുള്ള ആശാ വര്‍ക്കേഴ്‌സ് സമരം 17 ആം ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. സമരം ചെയ്യുന്ന ആശ വര്‍ക്കേഴ്‌സിന് പിന്തുണ ഏറുകയാണ്. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ സെക്രട്ടറിയേറ്റിലെ സമരപ്പന്തലില്‍ എത്തി.
അതേസമയം എല്ലാ ആശമാരും അടിയന്തരമായി തിരികെ പ്രവേശിക്കണമെന്ന് കാട്ടി കഴിഞ്ഞ ദിവസം എന്‍ എച്ച് എം ഉത്തരവ് ഇറക്കിയിരുന്നു. തിരികെ പ്രവേശിച്ചില്ലെങ്കില്‍ ഒഴിവുള്ള സ്ഥലങ്ങളില്‍ പകരം ക്രമീകരണം ഒരുക്കണമെന്നാണ് നിര്‍ദേശം. ജനങ്ങള്‍ക്ക് ആശമാര്‍ സേവനം ലഭ്യമാക്കുന്നുണ്ടോ എന്നകാര്യം മെഡിക്കല്‍ ഓഫീസര്‍മാര്‍ ഉറപ്പു വരുത്തണമെന്നും നാഷ്ണല്‍ ഹെല്‍ത്ത് മിഷന്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു.
ആശാവര്‍ക്കര്‍മാര്‍ക്ക് മൂന്നുമാസ കുടിശികയില്‍ നിന്ന് രണ്ടുമാസ കുടിശ്ശികയുടെ പണം സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഒരു മാസത്തെ ഓണറേറിയം മാത്രമാണ് എത്തിയത് എന്ന് സമരക്കാര്‍ പറയുന്നു. ഓണറേറിയം വര്‍ധന, വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ആശാ വര്‍ക്കേഴ്‌സ് അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha