കോട്ടയം വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ പൊലീസ് ഇൻസ്‌പെക്ടറും അറസ്റ്റിൽ; ഇൻസ്‌പെക്ടറെ അറസ്റ്റ് ചെയ്തത് കോട്ടയം വെസ്റ്റ് പൊലീസ്...സംഭവവുമായി ബന്ധപ്പെട്ട് കാൻഅഷ്വർ സ്ഥാപന ഉടമ പ്രീതി മാത്യുവിനെ ഇന്നലെ പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു...

നഗരമധ്യത്തിൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ സസ്‌പെൻഷനിലായ പൊലീസ് ഇൻസ്‌പെക്ടർ അറസ്റ്റിൽ. തോപ്പുംപടി പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെ സസ്‌പെൻഷനിലായ പൊലീസ് ഇൻസ്‌പെക്ടർ ചങ്ങനാശേരി ചെന്നിക്കടുപ്പിൽ സി.പി സജയനെയാ(47)ണ് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.ആർ പ്രശാന്ത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് കാൻഅഷ്വർ സ്ഥാപന ഉടമ പ്രീതി മാത്യുവിനെ (50) ഇന്നലെ പൊലീസ് സംഘം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.
കോട്ടയം ജില്ലാ ആശുപത്രിയ്ക്കു സമീപത്തു പ്രവർത്തിക്കുന്ന കാൻഅഷ്വർ എന്ന സ്ഥാപനത്തിന്റെ പേരിലാണ് ഇയാൾ തട്ടിപ്പ് നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ഇവിടെ നിന്നും വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്നും പണം തട്ടിയെടുത്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് ഒൻപത് കേസുകളാണ് കോട്ടയം വെസ്റ്റ് പൊലീസ് മാത്രം രജിസ്റ്റർ ചെയ്തത്. ഈ കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വിവിധ ആളുകളെ കബളിപ്പിച്ച് ഇൻസ്‌പെക്ടർ സഞ്ജയും തട്ടിപ്പിൽ പങ്കാളികളായി എന്ന് കണ്ടെത്തിയത്.
തുടർന്ന് പൊലീസ് സംഘം അന്വേഷണം ആരംഭിക്കുകയായരുന്നു. ഇതിനിടെ പ്രതിയായ പ്രീതിയ്ക്കായി പൊലീസ് കർണ്ണാടകയിലെ കുടകിൽ അന്വേഷണം നടത്തി. ഇവിടെ പ്രീതിയ്‌ക്കൊപ്പം ഉണ്ടായിരുന്ന ഇൻസ്‌പെക്ടറെയും പൊലീസ് സംഘം കോട്ടയം വെസ്റ്റ് സ്‌റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടർന്നാണ് ഇദ്ദേഹത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
യൂറോപ്പിലേയ്ക്ക് അടക്കം വിവിധ സ്ഥലങ്ങളിലേയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് കാൻ അഷ്വർ എന്ന സ്ഥാപനത്തിന്റെ പേരിൽ പണം വാങ്ങി തട്ടിപ്പ് നടത്തിയെന്ന പരാതിയാണ് ഉയർന്നത്. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പരാതിക്കാർ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇതേ തുടർന്നു പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവർക്കായി അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
മാസങ്ങളോളമായി ഇവർ ഒളിവിൽ കഴിയുകയായിരുന്നു. തുടർന്നാണ് പൊലീസ് സംഘം അന്വേഷണം ആരംഭിക്കുകയും ഇവർ ഒളിവിൽ കഴിയുന്ന സ്ഥലങ്ങളിൽ അന്വേഷണം നടത്തുകയുമായിരുന്നു. തുടർന്ന് ചൊവ്വാഴ്ചയോടെ കർണ്ണാടകയിലെ കുടകിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രീതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. സജയനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
https://www.facebook.com/Malayalivartha