മകന് തെറ്റുപറ്റിയതില്‍ തനിക്കും ഉത്തരവാദിത്തമുണ്ട്: മകനെ സംരക്ഷിക്കാന്‍ ശ്രമിക്കില്ലെന്നും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കുക തന്നെ വേണമെന്നും വിഷ്ണുപുരം ചന്ദ്രശേഖരന്‍

ലഹരിമരുന്നു കേസില്‍ പിടിയിലായ മകനെ ന്യായീകരിക്കാതെ പൊലീസിനു നന്ദി പറഞ്ഞ് വിഎസ്ഡിപി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്‍. മകന് തെറ്റുപറ്റിയതില്‍ തനിക്കും ഉത്തരവാദിത്തമുണ്ടെന്നും കൂട്ടുകെട്ടുകള്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്കേസുകളില്‍ മക്കള്‍ അറസ്റ്റിലാകുമ്പോള്‍ പൊലീസിനെയും എക്സൈസിനെയും രൂക്ഷമായി വിമര്‍ശിക്കുന്ന മാതാപിതാക്കളില്‍നിന്നു വ്യത്യസ്തനാകുകയാണ് ചന്ദ്രശേഖരന്‍.
മകനെ സംരക്ഷിക്കാന്‍ ശ്രമിക്കില്ലെന്നും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കുക തന്നെ വേണമെന്നും വിഷ്ണുപുരം ചന്ദ്രശേഖരന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു. ബുധനാഴ്ച രാത്രി നെയ്യാറ്റിന്‍കര തിരുപുറത്തുവച്ചാണ് വിഷ്ണുപുരം ചന്ദ്രശേഖരന്റെ മകന്‍ ശിവജി അടക്കം മൂന്നുപേരെ എംഡിഎംഎയുമായി പിടികൂടിയത്. ഒന്നാം പ്രതി പെരുമ്പഴുതൂര്‍ സ്വദേശി ശിവജി, തൃശൂര്‍ സ്വദേശി ഫവാസ്, കഴക്കൂട്ടം സ്വദേശിനി സൗമ്യ എന്നിവരെയാണ് പൂവാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിമരുന്നിന്റെ അളവ് കുറവായിരുന്നതിനാല്‍ ജാമ്യത്തില്‍ വിട്ടു.
സമൂഹത്തെ ബാധിച്ചിരിക്കുന്ന വലിയൊരു വിപത്താണ് ലഹരിമരുന്നെന്നും അതില്‍ തന്റെ മകനും പെട്ടുപോയെന്നും വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞു. മകന്‍ തെറ്റ് സമ്മതിച്ചെന്നും അതുസഹിച്ച് തിരുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജീവിതത്തില്‍ ഇനി ഒരിക്കലും ലഹരി ഉപയോഗിക്കില്ലെന്ന് ചന്ദ്രശേഖരന്റെ മകന്‍ ശിവജി പറഞ്ഞു. തെറ്റ് പറ്റിപ്പോയി. രാവിലെ അച്ഛനോട് എല്ലാം തുറന്നു പറഞ്ഞു. നിയമപരമായി ഉള്‍പ്പെടെ എല്ലാ സഹായവും തരാമെന്ന് അച്ഛന്‍ പറഞ്ഞു. എന്റെ ഭാഗത്തുനിന്ന് ഒരിക്കലും ഇങ്ങനെ ഒരു തെറ്റ് ഉണ്ടാകില്ലെന്ന് വാക്കു കൊടുത്തു. കൂട്ടുകെട്ടുകള്‍ ശ്രദ്ധിച്ചില്ലെന്നും ആരെക്കുറിച്ചും ചിന്തിച്ചില്ലെന്നും ശിവജി പറഞ്ഞു.
മകനുമായി സംസാരിച്ചതില്‍നിന്ന് ജില്ലയിലെ ലഹരിമാഫിയയെക്കുറിച്ച് വിവരം ലഭിച്ചുവെന്നും ഇത് ഉന്നത പൊലീസ് ഉദ്യോഗസ്ഥന് കൈമാറുമെന്നും വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞു. ''മകന്റെ നിരവധി കൂട്ടുകാരും ലഹരി ഉപയോഗിക്കുന്നതായി അറിഞ്ഞു. രാവിലെ മകനുമായി സംസാരിച്ചു. 27 വയസ്സേ ആയുള്ളൂ അവന്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമായി. എന്റെ തിരക്കിട്ട പൊതുജീവിതത്തിനിടയില്‍ മകനെ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല എന്നത് എന്റെയും വീഴ്ചയാണ്. മുന്‍പേ അറിയാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം പൂവാറില്‍വച്ച് അവരെ പിടിച്ചു. ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തു. അപ്പോഴാണ് അറിയുന്നത്. അറിഞ്ഞപ്പോള്‍ സങ്കടം തോന്നി. അന്വേഷിച്ചപ്പോള്‍ കൂട്ടുകെട്ട് ശരിയല്ലെന്ന് മനസ്സിലായി. എന്റെ മോനും ശരിയല്ല. ഇന്ന് മകനുമായി രണ്ടു മണിക്കൂറോളം സംസാരിച്ചു. അവന്‍ തെറ്റ് തിരുത്തുമെന്നാണ് എന്നോടു പറഞ്ഞത്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു.
അവന്‍ പറഞ്ഞ വാക്കുകള്‍ സത്യമാണെങ്കില്‍ അവനെ നല്ല ജീവിതത്തിലേക്കു കൊണ്ടുവരാന്‍ ഏതറ്റം വരെയും ഒപ്പം നില്‍ക്കും. കൂട്ടുകാരാണ് അവനെ ചതിച്ചതെന്ന് ന്യായീകരിക്കാനൊന്നും ഇല്ല. പൊലീസുകാര്‍ കുരുക്കിയതാണോ എന്ന് പലരും ചോദിച്ചു. പൂവാറിലെ പൊലീസുകാരെ എനിക്ക് അറിയില്ല. അവരോടു ഞാന്‍ നന്ദി പറയുന്നു. ഇപ്പോള്‍ പിടിച്ചില്ലെങ്കില്‍ സ്വാഭാവികമായും വലിയ വിപത്തിലേക്കു പോകുമായിരുന്നു. അവനോടു സംസാരിച്ചപ്പോള്‍ ഒരുപാട് വിവരങ്ങള്‍ ലഭിച്ചു. ഈ ജില്ലയില്‍ വിദ്യാര്‍ഥികള്‍ അടക്കം ആയിരക്കണക്കിന് ആളുകള്‍ ലഹരിക്ക് അടിമയാണെന്നാണ് അറിയുന്നത്. പേരുകള്‍ ശേഖരിച്ച് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കു കൈമാറും.
ഗ്രാമപ്രദേശങ്ങളിലേക്ക് അടക്കം ലഹരിമരുന്ന് കൂടുതലായി എത്തുന്നുണ്ട്. ഇതിനേക്കുറിച്ചും അറിയാന്‍ കഴിഞ്ഞു. എന്റെ പൊതുപ്രവര്‍ത്തനത്തില്‍ നിരവധി പേരെ ലഹരി ഉപയോഗത്തില്‍നിന്നു രക്ഷിച്ചിട്ടുണ്ട്. പക്ഷേ സ്വന്തം മക്കളുടെ കാര്യത്തില്‍ വീഴ്ച വന്നതില്‍ ദുഃഖമുണ്ട്. പക്ഷേ അവന്‍ തിരുത്താമെന്ന് പറഞ്ഞ സ്ഥിതിക്ക് പൂര്‍ണമായി അതിനുവേണ്ടി ശ്രമിക്കും. എന്റെ മോന്‍ നല്ല കാര്യം ചെയ്യുമ്പോള്‍ എന്റെ മോനും ചീത്ത കാര്യം ചെയ്താല്‍ അങ്ങനെ അല്ല എന്ന നിലപാടുമല്ല. തെറ്റ് ചെയ്താല്‍ സമ്മതിക്കും, തിരുത്തും. മകനോടൊപ്പം അവന്റെ കൂട്ടുകാരെയും ലഹരിയില്‍നിന്നു മോചിപ്പിക്കാനുള്ള ശ്രമം നടത്തും.' - വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha