മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതരോടുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയ്‌ക്കെതിരെ യുഡിഎഫ് രാപ്പകല്‍ സമരം തുടങ്ങി

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതരോടുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയ്‌ക്കെതിരെ യുഡിഎഫ് രാപ്പകല്‍ സമരം തുടങ്ങി. ടി സിദ്ദിഖ് എംഎല്‍എയുടെ നേതൃത്വത്തിലാണ് രാപ്പകല്‍ സമരം. പുനരധിവാസം വൈകിപ്പിച്ചാല്‍ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് സമരം വ്യാപിപ്പിക്കും എന്നാണ് സമരക്കാരുടെ മുന്നറിയിപ്പ്.
യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കും എന്ന് അറിയിച്ച പുനരധിവാസം ഏഴ് മാസമായിട്ടും തുടങ്ങാന്‍ പോലും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നാണ് സമരക്കാരുടെ ആരോപണം. ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള പട്ടിക തയ്യാറാക്കാന്‍ ഇതുവരെ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും 300 രൂപ ദിനബത്ത മൂന്ന് മാസം കൊണ്ട് നിര്‍ത്തിയെന്നും ടൗണ്‍ഷിപ്പിന്റെ കാര്യത്തില്‍ ഇപ്പോളും ആശയക്കുഴപ്പം തുടരുകയാണെന്നും സമരത്തിന് നേതൃത്വം കൊടുക്കുന്ന ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു. തുടര്‍ ചികിത്സയിലും ഗുരുതര അലംഭാവം തുടരുകയാണ്.
സര്‍ക്കാര്‍ നീക്കി വെച്ച 5 ലക്ഷം രൂപ പരിക്കേറ്റവര്‍ക്ക് തുടര്‍ ചികിത്സയ്ക്ക് തികയില്ലെന്നും എംഎല്‍എ ആരോപിച്ചു. ദുരിതബാധിതരുടെ ലോണുകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചതല്ലാതെ ലോണ്‍ എഴുതിതള്ളുന്നതില്‍ അന്തിമ തീരുമാനമായിട്ടില്ല. തിരച്ചില്‍ നിര്‍ത്തിയെങ്കിലും മരണം ഡിക്ലയര്‍ ചെയ്യുന്നതിനുള്ള നടപടികളും പൂര്‍ത്തിയാക്കിയില്ല. ദുരന്തബാധിതരുടെ പുനരധിവാസം ഔദാര്യം അല്ല. അവകാശം ആണെന്നും ടി സിദ്ദിഖ് പറഞ്ഞു. രാവിലെ പ്രധാന യുഡിഎഫ് നേതാക്കളെ ഉള്‍പ്പടെ ഉള്‍ക്കൊള്ളിച്ച് കളക്ട്‌റേറ്റ് വളയുമെന്നും ടി സിദ്ദിഖ് പറഞ്ഞു. പുനരധിവാസം വൈകുന്നതില്‍ പ്രതിഷേധിച്ച് ദുരിതബാധിതര്‍ ചൂരല്‍മലയിലും കളക്ട്രേറ്റിനുമുന്നിലും സമരം നടത്തിയതിന് പിന്നാലെയാണ് യുഡിഎഫ് സമരം.
https://www.facebook.com/Malayalivartha